ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി-20 കിരീടം സ്വന്തമാക്കി മാസ്റ്റർ ബ്ലാസ്റ്ററും സംഘവും. സാക്ഷാൽ ബ്രയാൻലാറയുടെ വെസ്റ്റിൻഡീസ് മാസ്റ്റേഴ്സിനെ 6 വിക്കറ്റിനാണ് ഇന്ത്യ മാസ്റ്റേഴ്സ് തകർത്തുവിട്ടത്. ഫൈനലിൽ ബാറ്റിങ് വെടിക്കെട്ട് തീർത്ത അമ്പട്ടി റായിഡുവാണ് കളിയിലെ താരം. റായ്പൂരിൽ തിങ്ങിനിറഞ്ഞ ആരാധകക്കൂട്ടത്തിന് നടുക്ക് അഭിമുഖമായി നിന്ന ക്രിക്കറ്റ് ദൈവത്തെ സാക്ഷി നിർത്തി അമ്പട്ടി റായിഡുവിന്റെ വക ബാറ്റിംഗ് കമ്പക്കെട്ട്. ക്ലീൻ ആന്റ് ക്ലാസി ഷോട്ടുകളുമായി സാക്ഷാൽ സച്ചിനും ക്രീസിൽ നിറഞ്ഞാടിയപ്പോൾ കരീബിയൻ കരുത്ത് ചോർത്തി ഇന്ത്യ കപ്പുയർത്തി.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ വിൻഡീസിന് 20 ഓവറിൽ നേടാനായത് 7 ന് 148 റൺസ്. ലെൻഡൽ സിമ്മൺസിന്റെയും ഡ്വെയ്ൻ സ്മിത്തിന്റേയും പ്രകടനം മാറ്റിനിർത്തിയാൽ വിൻഡീസ് ശരാശരിക്കും താഴെയായിരുന്നു. ലാറയടക്കം ക്രീസിൽ ഇറങ്ങിയ ബാക്കി അഞ്ചുപേരും രണ്ടക്കം കണ്ടില്ല. വിനയ് കുമാറും ഷഹ്ബാസ് നദീമും വിൻഡീസിനെ വരിഞ്ഞുമുറുക്കി. മറുപടി ബാറ്റിങ്ങിൽ സച്ചിനും റായിഡുവും തുടക്കമിട്ട തീപൊരി പ്രകടനം സ്റ്റുവർട്ട് ബിന്നിയുടെ കലാശക്കൊട്ടിലാണ് അവസാനിച്ചത്. റായിഡു 74 ഉം സച്ചിൻ 25ഉം പുറത്തായി. രണ്ട് കൂറ്റൻ സിക്സുകളോടെ ബിന്നി വിജയശിൽപിയായപ്പോൾ മികച്ച പിന്തുണയുമായി മറുവശത്ത് യുവരാജ് സിംഗുണ്ടായിരുന്നു. 6 വിക്കറ്റും 17 പന്തുകളും ശേഷിക്കേ ലക്ഷ്യം മറികടന്ന് ഇന്ത്യ ചാന്പ്യന്മാരായി.