ഫുട്ബോളില്‍ ഗോള്‍കീപ്പര്‍മാര്‍ എട്ടുസെക്കന്‍റിലധികം പന്ത് കൈവശംവച്ചാല്‍ ഇനി എതിര്‍ടീമിന് ഒരു കോര്‍ണര്‍കിക്ക് ലഭിക്കും. മനപ്പൂര്‍വം സമയം കളയുന്ന് ഒഴിവാക്കാന്‍ കൊണ്ടുവന്ന നിയമം അടുത്ത സീസണ്‍ മുതല്‍ പ്രാബല്യത്തിലാകും
സമയം കളയാന്‍ ഇനി പന്തും പിടിച്ചോണ്ട് നില്‍ക്കാമെന്ന് ഗോള്‍കീപ്പര്‍മാര്‍ കരുതേണ്ട. എട്ടുസെക്കന്‍ഡിനകം കൈയ്യില്‍ കിട്ടിയ പന്ത് റിലീസ് ചെയ്തില്ലെങ്കില്‍ പിഴയായി എതിര്‍ടീമിന് ഒരു കോര്‍ണര്‍ കിക്ക് ലഭിക്കും. മല്‍സരം അവസാന മിനിറ്റുകളിലേക്ക് കടക്കുമ്പോള്‍ മുന്നിട്ടുനില്‍ക്കുന്ന ടീമിന്റെ ഗോള്‍കീപ്പര്‍മാരുടെ സ്ഥിരം അടവിനാണ് ഇന്റര്‍നാഷ്ണര്‍ ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് അവസാനമിട്ടത്. അഞ്ചുസെക്കന്‍റ് മുതല്‍ തുടങ്ങുന്ന കൗണ്ട് ഡൗണ്‍ സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കും. ഇതുവരെ മനപ്പൂര്‍വം സമയം പാഴാക്കുന്നതിന് മഞ്ഞക്കാര്‍ഡോ ഇന്‍ഡയറക്റ്റ് ഫ്രീകിക്കോ ആയിരുന്നു പരമാവധി ശിക്ഷ. അതും ഒട്ടേറത്തവണ ആവര്‍ത്തിക്കുകയോ റഫറിയുടെ ക്ഷമകെടുത്തുംവിധം സമയം പാഴാക്കുകയോ ചെയ്താലെ ശിക്ഷയിലേക്ക് കടന്നിരുന്നൊള്ളു.