ഇഷ്ടതാരത്തിന് മുന്നില്‍ ഇഷ്ട താരത്തിന്റെ ഗോളാഘോഷവുമായി ഡെന്‍മാര്‍ക്കിന്റെ റാസ്മസ് ഹോയ്‌ലന്‍ഡ്. യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് ഡെന്‍മാര്‍ക്ക് തോല്‍പിച്ചു. ഈ വിജയഗോള്‍ നേടിയതാവട്ടെ റാസ്മസ് ഹോയ്‌ലന്‍ഡും.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എനിക്ക് എല്ലാമാണ്. ഞാന്‍ ഒരിക്കലും എന്റെ ഇഷ്ടതാരത്തെ കളിയാക്കാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നിലും എന്‍റെ ഫുട്ബോള്‍ കരിയറയിലും റൊണാള്‍ഡോ ഒരുപാട് സ്വാധീനം ചെലുത്തിട്ടുണ്ട്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പോര്‍ച്ചുഗല്‍ ടീമിനുമെതിരെ ഗോള്‍ നേടുക എന്നാല്‍ അത് വലിയ കാര്യമാണ്. യുവേഫ് നേഷന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗലിനെതിരെ ജയം നേടിയ ശേഷം, ഗോളാഘോഷത്തെക്കുറിച്ച് റാസ്മുസ് ഹോയ്‌ലന്‍ഡ് പറഞ്ഞ വാക്കുകളാണിത്. കളിയുടെ 78ാം മിനിറ്റിലായിരുന്നു ഹോയ്്ലന്‍ഡിന്റെ ഗോള്‍. ഗോള്‍ നേടിയ ശേഷം ക്രിസ്റ്റ്യാനോയുടെ ‘സിയൂ ’ സെലിബ്രേഷനാണ് ഹോയ്്ലന്‍ഡ് നടത്തിയത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കാരണമാണ് ഞാന്‍ മാന്‍ഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകനായത്. എന്റെ പിതാവാണ് എനിക്ക് ക്രിസ്റ്റ്യാനോയെക്കുറിച്ച് പറഞ്ഞുതന്നതും അയാളെ അനുകരിക്കാന്‍ പറഞ്ഞതെന്നും ഹോയ്്ലന്‍ഡ‍് പറയുന്നു. 2003 ഫെബ്രുവരി നാലിന് ജനിച്ച ഈ 22കാരന്‍ ഡെന്മാര്‍ക്കിനായി23 മല്‍സരങ്ങള്‍ കളിച്ചു. എട്ടുഗോളും നേടി.
ആറടി മൂന്നിഞ്ചുകാരനായ ഹോയ്്ലന്‍ഡ് ഒന്‍പതാം നമ്പര്‍ ജേഴ്സിയാണ് അണിയുന്നത്. ബോക്സിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന സ്ട്രൈക്കര്‍, അല്ലെങ്കില്‍ എതിരാളിയെ മറഞ്ഞിരുന്ന് കബളിപ്പിക്കുന്നവന്‍ എന്ന് വേണമെങ്കില്‍ ഹോയ്്ലന്‍ഡിനെ വിശേഷിപ്പിക്കാം. ഇടംകാലന്‍ ഷോട്ടുകളാണ് കരുത്ത്. ക്രോസുകളില്‍ നിന്ന് ഷോട്ട് പായിക്കുന്നതിലും കേമനാണ് ഹോയ്്ലന്‍ഡ്. പകരക്കാരുടെ ബെഞ്ചില്‍ നിന്നെത്തിയാണ് ഹോയ്്ലന്‍ഡ് പോര്‍ച്ചുഗലിനെതിരെ വിജയഗോള്‍ നേടിയത്. എന്റെ കരിയറിലെ വലിയ ദിനങ്ങളിലൊന്ന് എന്നും ഹോയ്‌ലന്‍ഡ് പറഞ്ഞു.