k-coventry

ലോകത്തെ ഏറ്റവും വലിയ കായിക സംഘടനയായ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയെ ഇനി സിംബാംബ്‌വേയില്‍ നിന്നുള്ള കിര്‍സ്റ്റി കവെന്‍ട്രി നയിക്കും. ഐഒസിയുടെ 131 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു വനിത പ്രസിഡന്റ്. രാജ്യന്താര ഒളിംപിക് സമിതിയുടെ തലപ്പത്ത് എത്തുന്ന ആദ്യ ആഫ്രിക്കനുമാണ് കിര്‍സ്റ്റി കവെന്‍ട്രി. ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റും 41കാരിയായ കിര്‍സ്റ്റി കവെന്‍ട്രി തന്നെ. നിലവില്‍ സിംബാബ്‌വേയുടെ കായിക മന്ത്രിയാണ്.

എങ്ങനെയായിരുന്നു തിരഞ്ഞെടുപ്പ്?

sports-ioc-Copy

ഗ്രീസിലെ നവറിനോയില്‍ നടന്ന 144ാം വാര്‍ഷിക യോഗത്തിലായിരുന്നു പുതിയ തലവനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ്.

ബ്രിട്ടന്റെ ഒളിംപ്യന്‍ സെബാസ്റ്റ്യന്‍ കോ, ഐഒസി മുന്‍ അധ്യക്ഷന്‍ അന്റോണിയോ സമരഞ്ചിന്റെ മകന്‍ സമരഞ്ച് ജൂനിയര്‍ തുടങ്ങി ഏഴുപേരാണ് മല്‍സരം രംഗത്ത് ഉണ്ടായിരുന്നത്. 110 അംഗങ്ങള്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. ഇതില്‍ 97പേര്‍ വോട്ട് ചെയ്തു. ജയിക്കാന്‍ വേണ്ടിയിരുന്നത് 49 വോട്ടുകള്‍. കവെന്‍ട്രിക്ക് കൃത്യം 49 വോട്ട് ലഭിച്ചു. സമരഞ്ച് ജൂനിയറിന് ലഭിച്ചത് 28 വോട്ടാണ്. സെബാസ്റ്റ്യന്‍ കോയ്ക്ക് ലഭിച്ചത് എട്ട് വോട്ടും.‘ഈ തീരുമാനം എടുത്തതില്‍ നിങ്ങള്‍ക്ക് അഭിമാനിക്കാനാവും വിധത്തില്‍ ഞാന്‍ പ്രവര്‍ത്തിക്കും. ഇനി നമ്മള്‍ ഒരുമിച്ച് മുന്നോട്ടു നീങ്ങേണ്ട കാലമെന്നും കിര്‍സ്റ്റി കവന്‍ട്രി തിരഞ്ഞെടുപ്പിന് ശേഷം പറഞ്ഞു. ഒളിംപിക് ദിനമായ ജൂണ്‍ 23ന് രാജ്യാന്തര ഒളിംപിക് സമിതിയുടെ പത്താം പ്രസിഡന്റായി കിര്‍സ്റ്റി കവെന്‍ട്രി ചുമതലയേല്‍ക്കും.

ആരാണ് ക്രിസ്റ്റി കവെന്‍ട്രി?

കായിക താരങ്ങളില്‍ കറുപ്പും വെളുപ്പുമില്ല. അവര്‍ കായിക താരങ്ങളാണ്. മികവാണ് അവരുടെ നിറം.  സിംബാംബെയുടെ കായിക മന്ത്രിയായ കിര്‍സ്റ്റി കവെന്‍ട്രി പറഞ്ഞ  വാക്കുകളാണിത്. സിംബാംബവെയില്‍ നിന്ന് ആദ്യ കറുത്തവര്‍ഗക്കാരി  ഒളിംപിക്സില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു കിര്‍സ്റ്റിയുടെ മറുപടി. കായികമന്ത്രിയാവും മുമ്പ് നീന്തലില്‍ താരമെന്ന നിലയില്‍ ഒളിംപിക് മെ‍ഡല്‍ നേടിയ താരമാണ് കിര്‍സ്റ്റി കവെന്‍ട്രി. 

സിംബാബ്‌വേ എന്ന ആഫ്രിക്കന്‍ രാജ്യം ഒളിംപിക്സില്‍ നേടിയ എട്ടുമെഡലുകളില്‍ ഏഴും ക്രിസ്റ്റി കവെന്‍ട്രി നീന്തിയെടുത്തതാണ്.  ബാക്സ്ട്രോക്കാണ് ഇഷ്ട ഇനം. 2000ത്തിലെ സിഡ്നി ഒളിംപിക്സ് മുതല്‍ 2016ലെ റിയോ ഒളിംപിക്സ് വരെ നീന്തല്‍ക്കുളത്തില്‍ സിംബാബ്്വെയുടെ സ്വപ്നവും പ്രതീക്ഷയും കാത്തു, 2004ലെ ആതഥന്‍സ് ഒളിംപിക്സിലാണ് ആദ്യമെഡല്‍ നേട്ടം. 200മീറ്റര്‍ ബാക്സട്രോക്കില്‍ സ്വര്‍ണം നേടി. 2008ലെ ബീജിങ് ഒളിംപിക്സിലും മെ‍ഡല്‍ നേട്ടം കൈവരിച്ച കിര്‍സ്റ്റി ഒളിംപിക്സിലാകെ രണ്ട് സ്വര്‍ണവും നാല് വെള്ളിയും ഒരുവെങ്കലവും നേടി. 2012 ല്‍ പരുക്കും ന്യുമോണിയയും ക്രിസ്റ്റിയ്ക്ക് തിരിച്ചടിയായി. 

2016ലെ റിയോ ഒളിംപിക്സില്‍ സിംബാബ്‌വേയുടെ പതാക ഏന്തിയത് കിര്‍സ്റ്റി കവന്‍ട്രിയായിരുന്നു. ഒളിംപിക്സില്‍ ക്രിസ്റ്റി നേടിയ ഏഴ് െമഡലിന് മുമ്പ് സിംബാബ്്വെയുടെ ഏകമെ‍ഡല്‍ നേട്ടം 1980ല്‍ വനിത ഹോക്കി ടീം നേടിയ സ്വര്‍ണമെഡല്‍ ആണ്. ആഫ്രിക്കന്‍ ഗെയിംസിലും ലോകകപ്പിലും സിംബാംബ്‌വേക്കായി മെഡല്‍ നേടിയിട്ടുണ്ട്.

കഠിനാധ്വാനം അല്ലാതെ മറ്റൊന്നുമില്ല?

ലക്ഷ്യബോധവും കഠിനാധ്വാനം ഉണ്ടെങ്കില്‍  ഏത് സ്വപ്നങ്ങളും യാഥാര്‍ഥ്യമാക്കാമെന്നാണ് ക്രിസ്റ്റി കവെന്‍ട്രി നല്‍കുന്ന പാഠം. ഒന്‍പത് വയസുമുതലാണ് നീന്തല്‍ പരിശീലനം ഗൗരവമായി തുടങ്ങിയത്. പിതാവ് നീന്തല്‍ താരങ്ങളുടെ വീഡിയോ കാണിച്ച് പ്രചോദനമേകി, അങ്ങനെയാണ് ഒളിംപിക്സ് മെഡല്‍ എന്ന സ്വപ്നത്തിലേക്ക് കുഞ്ഞു ക്രിസ്റ്റി എത്തിയത്. പുലര്‍ച്ചെ നാലരക്ക് തുടങ്ങുമായിരുന്നു പരിശീലനം, മണിക്കൂറുകള്‍ പരിശീലനത്തിനായി മാറ്റിവച്ചു. 

സ്കൂള്‍തലത്തിലും കോളജ് തലത്തിലും മികവ് കാണിച്ച ക്രിസ്റ്റി 17ാം വയസില്‍ സിബാംബാവെയുടെ വനിത കായികതാരമായി തിരഞ്ഞെടുക്കപ്പെട്ടു. ഒളിംപിക്സ് സ്വര്‍ണം നേടിയതോടെ സിംബാംബ്്വെയുടെ ഗോള്‍ഡന്‍ ഗേളുമായി. 2016ലെ ഒളിംപിക്സിന് ശേഷം കായികരംഗത്തോട് വിടപറ‍ഞ്ഞ ക്രിസ്റ്റി സ്വന്തമായി നീന്തല്‍ അക്കാദമി തുടങ്ങി. പിന്നാലെ രാഷ്ട്രീയ രംഗത്തെത്തി. 2018ല്‍ സ്വതന്ത്രയായി തിരഞ്ഞെടുക്കപ്പെട്ടു. ടെലിവിഷനിലൂടെയാണ് മന്ത്രിയായി തിര‍ഞ്ഞെടുക്കപ്പെട്ടത് ക്രിസ്റ്റി അറിയുന്നുത്. രാജ്യത്തിന്റെ കായിക–യുവജന ക്ഷേമ മന്ത്രിയായി.

2018സെപ്റ്റംബറിലായിരുന്നു മന്ത്രിയായത്. മന്ത്രിസ്ഥാനം അറിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഗര്‍ഭണിയാണെന്നത് അറിഞ്ഞത്.  മന്ത്രിയെന്ന നിലയിലുള്ള തിരക്കുകള്‍ക്കൊപ്പം ഗര്‍ഭകാലശുശ്രൂഷയും ക്രിസ്റ്റി കവന്‍ട്രി ഫലപ്രദമായി ചെയ്തു. 2019മേയില്‍ ആദ്യ കുഞ്ഞിന് മന്ത്രി ജന്മം നല്‍കി. സിംബാബ്്്വെയുടെ ഒളിംപിക് കമ്മിറ്റി അംഗമായി, ലോക അക്വാറ്റിക് അസോസിയേഷന്റെ ഭാരവാഹിയുമായി.

ENGLISH SUMMARY:

Kirsty Coventry, from Zimbabwe, has been appointed as the new president of the International Olympic Committee (IOC), marking a historic moment as the first female president in the IOC's 131-year history. At 41, she is also the youngest president ever elected. Currently serving as Zimbabwe's Minister of Sports, Coventry's appointment signifies a new chapter in the leadership of the world's largest sports organization.