രാജ്യാന്തര ഒളിംപിക് കമ്മിറ്റിയെ ആരുനയിക്കുമെന്ന് ഇന്നറിയാം. ഗ്രീസിലെ പീലോസില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് വോട്ടെടുപ്പ് തുടങ്ങും. 2036 ഒളിംപിക്സിന് ആതിഥ്യം വഹിക്കാനൊരുങ്ങുന്ന ഇന്ത്യയ്ക്കും പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിർണായകമാണ്. രാജകുടുംബാഗങ്ങളും നിത അംബാനി ഉള്‍പ്പടെയുള്ള അതിസമ്പന്നരും ഉള്‍പ്പെടുന്നതാണ് വോട്ടര്‍മാരുടെ നിര.
കായിക ലോകത്തിന്റെ ഗതിനിശ്ചയിക്കാന്‍ കരുത്തുള്ള പദവിയിലേക്ക് മല്‍സരിക്കുന്നത് ഏഴുപേരാണ്. ബ്രിട്ടന്റെ സെബാസ്റ്റ്യന്‍ കോ, സിംബാബ്വെയുടെ കിർസ്റ്റി കവൻട്രി, സ്പെയിനിന്റെ യുവാൻ അന്റോണിയോ സമരാഞ്ച് ജൂനിയർ എന്നിവര്‍ക്കാണ് നിലവിലെ പ്രസിഡന്റ് തോമസ് ബാക്കിന്റെ പിന്തുണ. കിര്‍സ്റ്റി കവന്‍ട്രി വിജയിച്ചാല്‍ 130 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഒളിംപിക്സ് കമ്മിറ്റിയെ നയിക്കാന്‍ ഒരു വനിതയെത്തും. അതേസമയം ട്രാന്‍സ് അത്ലീറ്റുകള് വനിതാ വിഭാഗത്തില്‍ മല്‍സരിക്കുന്നതിനെ എതിര്‍ക്കുന്ന നിലപാട് സ്വീകരിച്ചയാളാണ് കിര്‍സ്റ്റി കവന്‍ട്രി.
അഞ്ചുഭൂഖണ്ഡങ്ങളിലായി അഞ്ചുനഗരങ്ങള്‍ ഒരേസമയം ഒളിംപിക്സ് വേദിയാകട്ടെയെന്നായിരുന്നു ജപ്പാന്റെ ജിംനാസ്റ്റിക്സ് ഫെഡറേഷൻ പ്രസിഡന്റ് മൊറിനാരി വാത്തനേബ മുന്നോട്ടുവച്ച നിലപാട്. ഇത് വ്യാപക ചര്‍ച്ചയായി. ഐഒസി അംഗങ്ങളായ 109 പേർ രഹസ്യ ബാലറ്റിലൂടെയാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. ആര്‍ക്കും ഭൂരിപക്ഷമില്ലെങ്കില്‍ കുറവ് വോട്ട് ലഭിച്ചയാള്‍ ആദ്യറൗണ്ടില്‍ പുറത്താകും. വിജയിയെ കണ്ടെത്തുംവരെ വോട്ടിങ് തുടരും.
റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സന്‍ നിത അംബാനി മാത്രമാണ് ഇന്ത്യയില്‍ നിന്നുള്ള ഐഒസി അംഗം. ബ്രിട്ടനിലെ ആനി രാജകുമാരി, മൊണോക്കോ രാജകുമാര്‍ ആല്‍ബര്‍ട്ട് രണ്ടാമന്‍, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനി ഓസ്കര്‍ ജേതാവ് മിഷേല്‍ യോ എന്നിവരും ഉള്‍പ്പെടുന്നതാണ് ഐഒസി അംഗങ്ങള്‍. എട്ടുവര്‍ഷമാണ് തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്‍റിന്‍റെ കാലാവധി. ഇതിനുശേഷം 4 വർഷം കൂടി കാലാവധി നീട്ടിനൽകാനും ഐഒസി ഭരണഘടനയിൽ വ്യവസ്ഥയുണ്ട്.