file image: Facebook
ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ലെഗ്സ്പിന്നറായിരുന്ന ഷെയ്ന്‍ വോണിന്‍റെ മരണകാരണം ലൈംഗിക ഉത്തേജന ഗുളികളെന്ന് വെളിപ്പെടുത്തല്‍. ഏപ്രില്‍ 22ന് തായ്ലന്ഡിലെ ഹോട്ടല്‍ മുറിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് താരം അന്തരിച്ചത്. വോണിന്‍റെ മുറിയില്‍ നിന്ന് ഇന്ത്യന്‍ നിര്‍മിത ലൈംഗിക ഉത്തേജന ഗുളികയായ 'കാമാഗ്ര'യുടെ കുപ്പി കണ്ടെത്തിയിരുന്നുവെന്നും എന്നാല്‍ ഇക്കാര്യം മറച്ചുവയ്ക്കുകയായിരുന്നുവെന്നും അന്വേഷണത്തില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തിയതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉദ്ധാരണശേഷിക്കുറവുള്ളവര്‍ ഉപയോഗിക്കുന്നതാണ് കാമാഗ്രയെന്നും വയാഗ്രയിലേതിന് സമാനമായ ഘടകങ്ങളാണ് ഇതിലുമുള്ളതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവര്‍ക്ക് ഈ ഗുളികള്‍ നല്‍കാറില്ല.
വോണിന്‍റെ മരണ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഡെയ്ലി മെയിലിനോട് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയത്. മുറിയില്‍ നിന്നും ലൈംഗിക ഉത്തേജന ഗുളികകള്‍ കണ്ടെത്തിയ കാര്യം പുറത്ത് പറയരുതെന്നും മരുന്ന് എടുത്ത് മാറ്റിക്കളയണമെന്നും ഉന്നതതലത്തില്‍ നിന്നും സമ്മര്‍ദമുണ്ടായെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. വോണിനെ പോലെ മഹാനായ ഒരാളുടെ മരണം ഇത്തരമൊരു കാരണത്തില്‍ അടയാളപ്പെടുത്തുന്നത് നീതികേടാണെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞുവെന്നും ഇതനുസരിച്ച് കാമാഗ്രയുടെ കുപ്പി താന്‍ മാറ്റുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഓസ്ട്രേലിയയിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം ഇതിന് പിന്നിലുണ്ടെന്നാണ് താന്‍ മനസിലാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
'ഒരു ബോട്ടില്‍ കാമാഗ്രയാണ് വോണിന്‍റെ മുറിയില്‍ നിന്നും കണ്ടെത്തിയത്. വോണ്‍ അതിലെത്ര കഴിച്ചിരുന്നുവെന്ന് അറിയില്ല. ഛര്‍ദിച്ചതിന്‍റെയും രക്തം ഛര്‍ദിച്ചതിന്‍റെയും അടയാളങ്ങള്‍ മുറിയിലുണ്ടായിരുന്നു. പക്ഷേ കാമാഗ്ര മാത്രമേ തങ്ങള്‍ സ്ഥലത്ത് നിന്നും മാറ്റിയുള്ളൂവെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. വോണിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും അസ്വാഭാവികമായി ഒന്നും രേഖപ്പെടുത്തിയിരുന്നില്ല. ഹൃദയാഘാതത്തെ തുടര്‍ന്നുണ്ടായ മരണമാണെന്നും ദുരൂഹതകള്‍ ഇല്ലെന്നുമാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.