ഐ ലീഗ് കിരീടവും ISL യോഗ്യതയും സ്വപ്നംകണ്ട് ഗോകുലം കേരള ഇന്ന് ജീവന്‍മരണ പോരാട്ടത്തിന് ഇറങ്ങുന്നു. സീസണിലെ അവസാന മല്‍സരത്തില്‍ ഡെംപോയെ തോല്‍പിക്കുകയും ചര്‍ച്ചില്‍ ബ്രദേഴ്സും ഇന്റര്‍ കാശിയും തോല്‍ക്കുകയും ചെയ്താല്‍ ഗോകുലം ചരിത്രമെഴുതും. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് നാലിനാണ് മല്‍സരം.
ഗോവ ഡെംപോ എഫ്സിക്കെതിരെ ഗോകുലം കേരള എഫ്സി പോരാട്ടത്തിനിറങ്ങുമ്പോള്‍ മുന്നിലുള്ളത് രണ്ട് സ്വപ്നങ്ങള്‍. മൂന്നാം ഐലീഗ് കിരീടവും അതുവഴി ഐഎസ്എലിലേയ്ക്കൊരു ടിക്കറ്റും. അത് യാഥാര്‍ഥ്യമാകാന്‍ ഡെംപോക്കെതിരെ തകര്‍പ്പന്‍ ജയം മാത്രം പോര. മറ്റു മല്‍സരങ്ങളില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് റിയല്‍ കശ്മീര്‍ എഫ്സിയോടും ഇന്‍റര്‍ കാശി രാജസ്ഥാന്‍ യുണൈറ്റിനോടും തോല്‍ക്കുകയും വേണം. കണക്കിലെ കളികളും ഭാഗ്യവും ഒരുപോലെ തുണച്ചാലേ ടീമിന് മുന്നോട്ട് പോകാനാകൂ. എങ്കിലും ഡെംപോയ്ക്കെതിരെയുള്ള കളിയില്‍ മാത്രമാണ് ടീമിന്‍റെ നിലവിലെ ശ്രദ്ധ.
നെല്‍സണ്‍ ബ്രൗണാണ് ഗോകുലത്തിന്‍റെ തുറുപ്പുചീട്ട്. ആക്രമണത്തിലൂന്നി കളിക്കാനാണ് തീരുമാനമെങ്കിലും സാഹചര്യമനുസരിച്ച് തന്ത്രങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്യും. നിര്‍ണായക മല്‍സരം ആവേശകരമാക്കാന്‍ ആരാധകര്‍ ഗ്യാലറിയിലുണ്ടാകുമെന്ന് ടീം വിശ്വസിക്കുന്നു. മല്‍സരത്തിന് പ്രവേശനം സൗജന്യമാണ്.