ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ 33 പന്തില്‍ നിന്ന് 58 റണ്‍സ്. ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ വിജയ ലക്ഷ്യത്തിന് മുന്‍പില്‍ ലഖ്നൗ പതറി നില്‍ക്കുമ്പോഴാണ് അര്‍ഷദ് ഖാന്റെ വരവ്. അഞ്ച് സിക്സും മൂന്ന് ഫോറും അര്‍ഷദ് ഖാന്റെ ബാറ്റില്‍ നിന്ന് പറന്നു. എന്നാല്‍ വിജയ ലക്ഷ്യം മറികടക്കുന്നതിലേക്ക് ലഖ്നൗവിനെ നയിക്കാന്‍ അര്‍ഷദ് ഖാന് സാധിച്ചില്ല. ടീം തോല്‍വിയിലേക്ക് വീണെങ്കിലും ക്രിക്കറ്റ് വിദഗ്ധരുടെ കയ്യടി നേടുകയാണ് താരം.
കളിയിലെ താരമായി ഞാന്‍ തിരഞ്ഞെടുക്കുക അര്‍ഷദ് ഖാനെയാണ്. ആദ്യം ഡല്‍ഹിയുടെ ഫ്രെയ്സറിനെ ഡക്കാക്കി. പിന്നാലെ ബാറ്റുകൊണ്ട് ഒറ്റയാള്‍ പോരാട്ടം നടത്തി എന്നാണ് ആകാശ് ചോപ്ര പ്രതികരിച്ചത്. ലഖ്നൗവിന്റെ അഭിമാനം കാത്തത് അര്‍ഷദ് ഖാന്‍ ആണെന്നാണ് ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫിന്റെ വാക്കുകള്‍. അര്‍ഷദിന്റെ ഇന്നിങ്സ് അവിടെ വന്നില്ലായിരുന്നു എങ്കില്‍ ദയനീയമായാനെ ലഖ്നൗവിന്റെ തോല്‍വി എന്നാണ് കൈഫ് ചൂണ്ടിക്കാണിക്കുന്നത്.
വളരെ വളരെ മികച്ച ക്രിക്കറ്ററാണ് അര്‍ഷദ് ഖാന്‍ എന്നാണ് ലഖ്നൗ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ പ്രതികരിച്ചത്. ആദ്യം അര്‍ഷദ് പന്ത് സ്വിങ് ചെയ്യിക്കുന്നത് നമ്മള്‍ കണ്ടു. ഫീല്‍ഡിങ്ങിലും മികവ് കാണിക്കുന്നു. ഇതുപോലെ ബാറ്റ് ചെയ്യാനുമാവുന്നു. എല്ലാം തികഞ്ഞ ഒരു പാക്കേജ് ആണ് അര്‍ഷദ്. ടൂര്‍ണമെന്റില്‍ ഉടനീളം മികവ് കാണിക്കാന്‍ പാകത്തില്‍ പ്രാപ്തി അര്‍ഷദിനുണ്ടെന്നും ജസ്റ്റിന്‍ ലാംഗര്‍ പറയുന്നു.
മൂന്ന് മത്സരങ്ങളാണ് അര്‍ഷദ് ഈ സീസണില്‍ കളിച്ചത്. നേടിയത് 83 റണ്‍സ്. ഉയര്‍ന്ന സ്കോര്‍ ഡല്‍ഹിക്കെതിരായ 58 റണ്‍സ്. 2023 സീസണില്‍ ആറ് മത്സരങ്ങള്‍ കളിച്ച അര്‍ഷദ് 18 റണ്‍സ് മാത്രമാണ് കണ്ടെത്താനായത്. കഴിഞ്ഞ സീസണില്‍ അഞ്ച് വിക്കറ്റും ഈ സീസണില്‍ ഒരു വിക്കറ്റുമാണ് അര്‍ഷ്ദീപ് വീഴ്ത്തിയത്.