യൂറോ 2024 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അവസാന പ്രധാനപ്പെട്ട ടൂര്‍ണമെന്റാവുമെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇതിഹാസ മാനേജര്‍ സര്‍ അലക്സ് ഫെര്‍ഗൂസന്‍. 2026 ഫിഫ ലോകകപ്പ് വരെ കളിക്കുക എന്നത് ക്രിസ്റ്റ്യാനോയ്ക്ക് പ്രയാസമായിരിക്കും എന്നതിന് കാരണങ്ങള്‍ നിരത്തിയാണ് അലക്സ് ഫെര്‍ഗൂസന്റെ വാക്കുകള്‍.
2026 ലോകകപ്പ് ക്രിസ്റ്റ്യാനോ കളിക്കുന്നത് എനിക്ക് ചിന്തിക്കാനാവുന്നില്ല. ഫുട്ബോള്‍ കൂടുതല്‍ വേഗമേറിയതും അത്ലറ്റിക്കുമാവും വരും വര്‍ഷങ്ങളില്‍. ഇതിനൊപ്പം സെന്‍ട്രല്‍ സ്ട്രൈക്കര്‍മാരുടെ സ്പേസ് കുറഞ്ഞു വരികയും ചെയ്യും. പ്രതിരോധനിര താരങ്ങളില്‍ നിന്ന് വ്യത്യസ്തമായി, പ്രായം കൂടുംതോറും സ്ട്രൈക്കര്‍മാര്‍ക്ക് ഉയര്‍ന്ന നിലവാരത്തില്‍ കളിക്കുക പ്രയാസമാവും, ഫെര്‍ഗൂസന്‍ പറയുന്നു. ഫെര്‍ഗൂസന് കീഴില്‍ 292 മത്സരങ്ങളാണ് ക്രിസ്റ്റ്യാനോ കളിച്ചത്. നേടിയത് 118 ഗോളും 62 അസിസ്റ്റും. 2021ല്‍ തിരികെ ഓള്‍ഡ്ട്രഫോര്‍ഡിലേക്ക് ക്രിസ്റ്റ്യാനോ എത്തിയതിന് പിന്നിലും ഫെര്‍ഗൂസന്റെ ഇടപെടലുണ്ടായിരുന്നു.
2024 യൂറോ കപ്പില്‍ ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലിനായി നാല് മത്സരം കളിച്ചെങ്കിലും ഇതുവരെ ഒരു ഗോള്‍ പോലും നേടാന്‍ സാധിച്ചിട്ടില്ല. സ്ലോവേനിയക്കെതിരെ പ്രീക്വാര്‍ട്ടറില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതോടെ കണ്ണീരണിഞ്ഞ് നില്‍ക്കുന്ന ക്രിസ്റ്റ്യാനോയെയാണ് ഫുട്ബോള്‍ ലോകം കണ്ടത്. 3-0ന് ജയിച്ച പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്കോര്‍ ചെയ്യാന്‍ ക്രിസ്റ്റ്യാനോയ്ക്കായിരുന്നു.
ക്രിസ്റ്റ്യാനോയ്ക്ക് വേണ്ടി യൂറോ കിരീടം നേടാന്‍ എല്ലാം നല്‍കി കളിക്കുമെന്ന് പോര്‍ച്ചുഗല്‍ ഡിഫന്റര്‍ നുനോ മെന്‍ഡസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു. ക്രിസ്റ്റ്യാനോയുടെ ആറാമത്തെ യൂറോ കപ്പാണ് ഇത്. ആറ് വട്ടം യൂറോ കപ്പ് കളിക്കുന്ന ആദ്യ താരവുമാണ് ക്രിസ്റ്റ്യാനോ. ഗ്രൂപ്പ് ഘട്ടത്തില്‍ യൂറോ കപ്പില്‍ ക്രിസ്റ്റ്യാനോ ഗോള്‍ സ്കോര്‍ ചെയ്യാതെ പോകുന്ന ആദ്യത്തെ തവണയാണ് ഇത്. തുര്‍ക്കിക്കെതിരെ ഗോള്‍ സ്കോര്‍ ചെയ്യാനുള്ള അവസരം ക്രിസ്റ്റ്യാനോയ്ക്ക് മുന്‍പിലേക്ക് എത്തിയിച്ചും സഹതാരത്തിന് പാസ് നല്‍കി ഗോളടിപ്പിക്കുകയാണ് ചെയ്തത്. ജൂലൈ അഞ്ചിന് ഫ്രാന്‍സിനെതിരെയാണ് പോര്‍ച്ചുഗലിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം.