ഏറ്റവും നൈസര്‍ഗികമായ കഴിവുള്ള ക്രിക്കറ്റ് താരം എന്ന ചോദ്യത്തിന് ഓസ്ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. ദക്ഷിണാഫ്രിക്കന്‍ മുന്‍ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസിന് നേര്‍ക്കാണ് റിക്കി പോണ്ടിങ് വിരല്‍ ചൂണ്ടുന്നത്.
ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും കഴിവുള്ള താരം ജാക് കാലിസ് ആണ്. അദ്ദേഹത്തിന്റെ ഓള്‍റൗണ്ട് മികവാണ് അതിന് കാരണം. കഴിവുള്ള ഒരു ബാറ്റര്‍ എന്ന നിലയില്‍ മാത്രമല്ല ഞാന്‍ കാലിസിന്റെ പേര് പറയുന്നത്. കഴിവുള്ള ക്രിക്കറ്റര്‍ എന്ന നിലയിലാണ്. കാലിസ് 45 ടെസ്റ്റ് സെഞ്ചറി നേടിയിട്ടുണ്ട്. ഏകദേശം 300 വിക്കറ്റും, അതില്‍ കൂടുതലുണ്ടാവാം. ടെസ്റ്റ് ക്രിക്കറ്റില്‍ അതിശയിപ്പിക്കുന്ന ക്യാച്ചിങ് റെക്കോര്‍ഡും കാലിസിന്റെ പേരിലുണ്ട്. ക്രിക്കറ്റ് ലോകം കണ്ടതില്‍ ഏറ്റവും തരംതാഴ്ത്തി കണക്കാക്കപ്പെട്ട കളിക്കാരില്‍ ഒരാളാണ് കാലിസ്, പോണ്ടിങ് പറയുന്നു.
അധികം ആളുകള്‍ കാലിസിനെ കുറിച്ച് സംസാരിക്കുകയോ എക്കാലത്തേയും മികച്ച കളിക്കാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയോ ചെയ്ത് കണ്ടിട്ടില്ല. എന്റെ കണ്ണില്‍ കാലിസ് എക്കാലത്തേയും മികച്ച കളിക്കാരില്‍ ഒരാളാണ്, സ്കൈ സ്പോര്‍ട്സില്‍ സംസാരിക്കവെ കോലി പറഞ്ഞു. 166 ടെസ്റ്റുകളും 328 ഏകദിനങ്ങളും 25 ട്വന്റി20യുമാണ് കാലിസ് കളിച്ചത്. ടെസ്റ്റില്‍ 13289 റണ്‍സും ഏകദിനത്തില്‍ 11579 റണ്‍സും ട്വന്റി20യില്‍ 666 റണ്‍സുമാണ് കാലിസിന്റെ അക്കൗണ്ടിലുള്ളത്. വിക്കറ്റ് വേട്ടയിലേക്ക് വന്നാല്‍ ടെസ്റ്റില്‍ 292 വിക്കറ്റും, ഏകദിനത്തില്‍ 273 വിക്കറ്റും ട്വന്റി20യില്‍ 12 വിക്കറ്റും വീഴ്ത്തി.
ഏറ്റവും നൈസര്‍ഗികമായ കഴിവുള്ള ബാറ്റര്‍ ആര് എന്ന ചോദ്യത്തിന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയുടെ പേരാണ് റിക്കി പോണ്ടിങ് പറയുന്നത്. 131 ടെസ്റ്റില്‍ നിന്ന് 11953 റണ്‍സും 299 ഏകദിനങ്ങളില്‍ നിന്ന് 10405 റണ്‍സുമാണ് ലാറ കണ്ടെത്തിയത്. രണ്ട് ഫോര്‍മാറ്റില്‍ നിന്നുമായി ലാറയുടെ സെഞ്ചറി നേട്ടം 53.