Australia India Cricket

ഇന്ത്യന്‍ താരങ്ങളുടെയും ടീമിന്‍റെയും പ്രകടനങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നതാണ് സുനില്‍ ഗവാസ്കറുടെ രീതി. ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫിയിലെ ഇന്ത്യന്‍ പ്രകടനങ്ങളെ മത്സരതോറും സുനില്‍ ഗവാസ്കര്‍ വിമര്‍ശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ചില പരാമര്‍ശങ്ങള്‍ പരിധി കടക്കാറുണ്ടെന്ന് വിമര്‍ശനവുമുണ്ട്. അതിനിടെ ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായ രോഹിത് ശര്‍മ സുനില്‍ ഗവാസ്കറിനെതിരെ ബിസിസിഐയില്‍ പരാതി നല്‍കി എന്നാണ് റിപ്പോര്‍ട്ട്. 

സുനില്‍ ഗവാസ്കറിന്‍റെ നിഷേധാന്മാത വിമര്‍ശനം തന്‍റെ പ്രകടനത്തെ ബാധിച്ചു എന്നാണ് ബിസിസിഐ യോഗത്തില്‍ രോഹിത് ശര്‍മ പരാതിയായി ഉന്നയിച്ചതെന്ന് ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്ക്ബ്ലോഗര്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ രീതിയില്‍ സുനില്‍ ഗവാസ്കര്‍ തന്നെ വിമര്‍ശിക്കേണ്ടതില്ലെന്ന് രോഹിതിന് തോന്നി. അതുകൊണ്ടാണ് ഗവാസ്‌കറിനെതിരെ ബിസിസിഐക്ക് പരാതി നൽകിയത് എന്നാണ് റിപ്പോര്‍ട്ട്. 

മെല്‍ബണിലും സിഡ്നിയും സ്കോര്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ രോഹിത് സ്വയം മാറി നില്‍ക്കണമെന്നും സെലക്ടര്‍മാരുടെ തീരുമാനത്തിനായി കാത്തിരിക്കാരുതെന്നും സുനില്‍ ഗവാസ്ക്കര്‍ പറഞ്ഞിരുന്നു. 'രോഹിത് ശര്‍മയ്ക്ക് കൃത്യമായ തയ്യാറെടുപ്പില്ല. മോശം ഫോം കാരണം അദ്ദേഹം  പുറത്തിരിക്കാനുള്ള ധീരമായ തീരുമാനം എടുത്തു. ഇത് ടെസ്റ്റ് ക്രിക്കറ്റിലെ ഭാവിയെ പറ്റി വലിയ ചോദ്യം ഉയര്‍ത്തുകയാണ്' എന്നാണ് ഗവാസ്കര്‍ ദി സിഡ്നി മോര്‍ണിങ് ഹെറാള്‍ഡില്‍ എഴുതിയത്.

ജസ്പ്രിത് ബുംറ ഓസീസ് സീരിസില്‍ ഇന്ത്യയെ നയിക്കണമെന്നും ഗവാസ്കര്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കിയതിനാലാണ് ബിസിസിഐയില്‍ പരാതി പറഞ്ഞതെന്നാണ് സോഴ്സിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.  

ബോര്‍ഡര്‍– ഗവാസ്കര്‍ ട്രോഫിയിലെ ആദ്യ മത്സരം കളിക്കാതിരുന്ന രോഹിത് ശര്‍മ തുടര്‍ന്നുള്ള മൂന്ന് മത്സരങ്ങളില്‍ നിന്ന് 31 റണ്‍സാണ് ആകെ നേടിയത്. സിഡ്നിയില്‍ നടന്ന അവസാന മത്സരത്തില്‍ അദ്ദേഹം കളിക്കുകയും ചെയ്തിരുന്നില്ല. ഫോമില്ലാതെ വലയുന്ന രോഹിത് രഞ്ജി ട്രോഫി കളിച്ചെങ്കിലും അവിടെയും നിറം മങ്ങി. മുംബൈക്കു വേണ്ടി കളിച്ച മത്സരത്തില്‍ ജമ്മു കാശ്മീരിനെതിരെ 31 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 10 വര്‍ഷത്തിന് ശേഷമാണ് രോഹിത് രഞ്ജി ട്രോഫി കളിക്കുന്നത്.  

ENGLISH SUMMARY:

Indian captain Rohit Sharma files a complaint with the BCCI, alleging Sunil Gavaskar’s criticism has negatively impacted his performance. Reports suggest Gavaskar’s comments on Rohit’s form and leadership led to undue pressure during the Border-Gavaskar Trophy.