ഫോമിലേക്ക് മടങ്ങിയെത്താന്‍ നിരന്തരം പരിശീലനം നടത്തുകയാണ് ഇന്ത്യന്‍ ബാറ്റേഴ്സ് ചെയ്യേണ്ടതെന്ന് മുന്‍ നായകന്‍ കപില്‍ ദേവ്. ഞങ്ങള്‍ ഫോം വീണ്ടെടുത്തോളാം എന്ന് പറഞ്ഞ് മുറിക്കുള്ളില്‍ ഇരുന്നിട്ട് കാര്യമില്ല എന്നും കപില്‍ ദേവ് ചൂണ്ടിക്കാണിച്ചു.
'പ്രാഥമിക പാഠങ്ങളിലേക്ക് തിരികെ പോവുക. പരിശീലനം നടത്തിക്കൊണ്ടേയിരിക്കുക. മുറിക്കുള്ളിലിരുന്ന് ഫോം വീണ്ടെടുത്തോളാം എന്ന് പറഞ്ഞാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത് എങ്കില്‍ കൂടുതല്‍ പരിശീലനം നടത്തുക. എത്രത്തോളം പരിശീലനം നടത്തുന്നുവോ അത്രത്തോളം ഗുണം ചെയ്യും', കപില്‍ ദേവ് പറയുന്നു.
അതേസമയം ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫി ഓസ്ട്രേലിയ 3-1ന് സ്വന്തമാക്കും എന്ന പ്രവചനവുമായി ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിങ് എത്തി. 'മുഹമ്മദ് ഷമിയുടെ അഭാവത്തില്‍ ഓസ്ട്രേലിയയുടെ 20 വിക്കറ്റ് ഒരു ടെസ്റ്റില്‍ വീഴ്ത്തുക എന്നതാണ് ഇന്ത്യക്ക് മുന്‍പിലെ വലിയ വെല്ലുവിളി. മുഹമ്മദ് ഷമിയുടെ അഭാവം ഒരു വലിയ വിടവാണ് സൃഷ്ടിച്ചത്', റിക്കി പോണ്ടിങ് പറയുന്നു.
'ഈ ബാറ്റേഴ്സിനെ വെച്ച് റണ്‍സ് സ്കോര്‍ ചെയ്യുന്നതില്‍ ഇന്ത്യക്ക് ബുദ്ധിമുട്ടുണ്ടാവും എന്ന് താന്‍ കരുതുന്നില്ല. എന്നാല്‍ ഓസ്ട്രേലിയന്‍ ടീം ആണ് കൂടുതല്‍ കെട്ടുറപ്പോടെ നില്‍ക്കുന്നത്. ഓസ്ട്രേലിയയെ ഓസ്ട്രേലിയന്‍ മണ്ണില്‍ തോല്‍പ്പിക്കുക പ്രയാസമാണ്. അതിനാല്‍ 3-1 എന്നതാണ് തന്‍റെ പ്രവചനം', പോണ്ടിങ് പറയുന്നു.