ടെസ്റ്റ് ക്രിക്കറ്റില്‍ ഫോം വീണ്ടെടുക്കാനാവാതെ കുഴങ്ങുന്ന രോഹിത് ശര്‍മയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ക്യാപ്റ്റനായത് കൊണ്ട് മാത്രമാണ് രോഹിത് ഇപ്പോഴും ടീമിലുള്ളതെന്നും അല്ലെങ്കില്‍ പണ്ടേ പ്ലേയിങ് ഇലവന് പുറത്തിരിക്കേണ്ടി വന്നേനെയെന്നുമാണ് വിമര്‍ശനം. വ്യക്തിഗത പ്രകടനത്തിലും ക്യാപ്റ്റനെന്ന നിലയിലും തീര്‍ത്തും പരാജയപ്പെട്ടനിലയിലാണ് രോഹിത് നിലവിലുള്ളതെന്നും ടീമിന്‍റെ പ്രകടനത്തെ മൊത്തത്തില്‍ ഇത് ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ അഞ്ച് ഇന്നിങ്സുകളില്‍ നിന്നായി ആകെ 31 റണ്‍സ് മാത്രമാണ് ക്യാപ്റ്റന്‍റെ സമ്പാദ്യം. രണ്ട് തവണ സംപൂജ്യനായി മടങ്ങി. തികഞ്ഞ അച്ചടക്കത്തോടെ പന്തെറിയുന്ന ഓസീസ് ബോളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനോ താളം കണ്ടെത്താനോ രോഹിതിന് ഇതുവരെയും കഴിഞ്ഞില്ല. അഞ്ചാം ദിവസം നാല്‍പത് പന്തുകള്‍ നേരിട്ട താരം വെറും ഒന്‍പത് റണ്‍സ് മാത്രമെടുത്തപ്പോഴേക്കും കമിന്‍സിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു.
'20,000ത്തിലേറെ റണ്‍സുകള്‍ അടിച്ചു കൂട്ടിയ ഒരാളെന്ന നിലയില്‍ നിലവില്‍ രോഹിതിന്‍റെ ഫോം പരിതാപകരമാണ്. ഇപ്പോള്‍ സംഭവിക്കുന്നതെന്താണെന്ന് വച്ചാല്‍ രോഹിതാണ് ക്യാപ്റ്റന്‍, അതുകൊണ്ട് കളിക്കുന്നു. മറിച്ചായിരുന്നുവെങ്കില്‍ ടീമില്‍ ഇടമുണ്ടാവില്ല. ടീമിനെ കെട്ടിപ്പടുക്കേണ്ടതുണ്ട്. രോഹിത് ടീമില്‍ ഇല്ലെങ്കില്‍ കെ.എല്‍.രാഹുല്‍ ബാറ്റിങ് ഓര്‍ഡറില്‍ മുന്നിലെത്തും. ജയ്സ്വാളും അവിടെ തന്നെയുണ്ടാകും. ഗില്ലിന് മുന്‍നിരയിലേക്ക് എത്താം. ശരിക്കും യാഥാര്‍ഥ്യബോധത്തോടെ സംസാരിച്ചാല്‍ രോഹിത്തിന് നിലവിലെ പ്ലേയിങ് ഇലവനില്‍ സ്ഥാനമില്ലെന്നും പഠാന്‍ ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
'സിഡ്നിയില്‍ ജയിച്ച് പരമ്പര സമനിലയിലാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. രോഹിത് ടീമിലുണ്ട്. പക്ഷേ അദ്ദേഹം തീര്‍ത്തും മങ്ങിയ ഫോമിലാണ്. ഓസ്ട്രേലിയയിലേക്ക് എത്തുന്നതിന് മുന്‍പും രോഹിതിന്‍റെ പ്രകടനം മോശമായിരുന്നു. തീര്‍ത്തും നിരാശാജനകമായ കാഴ്ചയാണിത്. രോഹിത് ബാറ്റ് ചെയ്യാന്‍ തുടങ്ങിയാല്‍, അത് കണ്ടിരിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അതിപ്പോള്‍ ടെസ്റ്റെന്നോ, ഏകദിനമെന്നോ ഇല്ല. പക്ഷേ ഇപ്പോള്‍ രോഹിത് വിചാരിക്കുന്നത് പോലെ ശരീരം വഴങ്ങുന്നില്ല, മനസും. അത് കണ്ടിരിക്കാന്‍ ബുദ്ധിമുട്ടാണ്'- താരം കൂട്ടിച്ചേര്‍ത്തു.
2024ന്‍റെ തുടക്കത്തില്‍ തീര്‍ത്തും വ്യത്യസ്തനായ രോഹിതായിരുന്നു കളിക്കാനിറങ്ങിയിരുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ 455 റണ്‍സാണ് രോഹിത് അടിച്ച് കൂട്ടിയത്.പക്ഷേ അതിന് ശേഷം പ്രകടനം നിരാശാജനകമാം വിധം മോശമായി. രോഹിതിന്‍റെ ക്യാപ്റ്റന്‍സിയും നിലവില്‍ തുലാസിലാണ്. ന്യൂസീലന്‍ഡിനെതിരായ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഓസീസിനോട് ഏറ്റ തോല്‍വിയും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ സാധ്യത മങ്ങിയതും രോഹിതിന് കനത്ത പ്രതിസന്ധിയാണ്.