ഓസീസ് പര്യടനത്തിനിടെ അപ്രതീക്ഷിതമായി ആര്‍. അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ താരവും ബംഗാളിലെ കായിക സഹമന്ത്രിയുമായ മനോജ് തിവാരി. കടുത്ത അവഗണനയും അപമാനവും അശ്വിന്‍ നേരിട്ടെന്നാണ് താന്‍ മനസിലാക്കുന്നത്. കോച്ചാവട്ടെ, മാനേജ്മെന്‍റാവട്ടെ അശ്വിനോട് നീതി പുലര്‍ത്തിയില്ലെന്നും അദ്ദേഹം പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അശ്വിനെ പോലെയൊരു പ്രതിഭയെ റിസര്‍വ് ബഞ്ചിലിരുത്തി അപമാനിച്ചുവെന്നും മാന്യനായത് കൊണ്ടും അന്തസുള്ളത് കൊണ്ടുമാണ് അശ്വിന്‍ തുറന്ന് പറയാത്തതെന്നും എന്നെങ്കിലും ഒരിക്കല്‍ അശ്വിന്‍ തന്‍റെ അനുഭവം തുറന്ന് പറയുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'വാഷിങ്ടണ്‍ സുന്ദറും തനുഷ് കോട്യാനുമെല്ലാം മികച്ച സ്പിന്നര്‍മാരാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നല്ല പ്രകടനവും പുറത്തെടുത്തിട്ടുണ്ട്. പക്ഷേ അശ്വിനെപ്പോലെ കഴിവുള്ള ഒരാള്‍ നിങ്ങളുടെ കയ്യില്‍ ഉള്ളപ്പോള്‍ എന്തിനാണ് വാഷിങ്ടണ്‍ സുന്ദറിനെ ടീമിലെടുക്കുന്നത്? നാട്ടില്‍ നടന്ന പരമ്പരയില്‍ നോക്കൂ, അശ്വിന്‍ ഉണ്ട്, ജഡേജയുണ്ട്, കുല്‍ദീപ് ഉണ്ട് എന്നിട്ടും അശ്വിനെക്കാള്‍ കൂടുതല്‍ ഓവറുകള്‍ വാഷിക്ക് നല്‍കി. ഇത് അശ്വിനെ അപമാനിക്കല്‍ അല്ലേ? തനിച്ച് കളി ജയിപ്പിച്ച എത്രയോ പ്രകടനങ്ങള്‍ അശ്വിന്‍ ടീമിനായി നല്‍കിയിട്ടുണ്ട്? അശ്വിന്‍ മാന്യനായത് കൊണ്ട് ഇതൊന്നും വന്ന് പറയാന്‍ നില്‍ക്കില്ല. പക്ഷേ ഒരു ദിവസം അദ്ദേഹം തന്‍റെ അനുഭവങ്ങള്‍ തുറന്ന് പറയുമെന്നാണ് ഞാന്‍ കരുതുന്നത്. ഇത് ശരിയായ രീതിയല്ല. പരിഗണന കളിക്കാര്‍ അര്‍ഹിക്കുന്നുണ്ട്– തിവാരി തുറന്നടിച്ചു. 

കോച്ച് ഗംഭീറിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് തിവാരി ഉയര്‍ത്തുന്നത്. ഇന്ത്യന്‍ കോച്ചാകാന്‍ ഒരിക്കലും യോഗ്യനല്ല ഗംഭീറെന്നും ഐപിഎല്‍ ടീമുകള്‍ക്ക് വിദഗ്ധോപദേശം നല്‍കാന്‍ മാത്രമേ ഗംഭീറിന് കഴിയൂവെന്നും തിവാരി പറയുന്നു. 27 വര്‍ഷത്തിനിടെ ആദ്യമായി ശ്രീലങ്കയോട് ഏകദിന പരമ്പരയില്‍ ഇന്ത്യ തോറ്റതും, ന്യൂസീലന്‍ഡിനോട് 0–3ന് പരാജയപ്പെട്ടതും ഓസീസിനോട് പരാജയപ്പെട്ടതുമെല്ലാം ഗംഭീറിന് കീഴിലാണ്. ഐപിഎല്ലില്‍ ചില കളിക്കാരുമായി ഗംഭീറിനുണ്ടായിരുന്ന ഇഷ്ടക്കേടുകള്‍ ഇന്ത്യന്‍ ടീമിന്‍റെ ഡ്രസിങ് റൂമിലും തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

ദ്രാവിഡ് കോച്ചായിരുന്നപ്പോള്‍ ഫലം പ്രകടമായിരുന്നു. ഒരുപക്ഷേ ഗംഭീര്‍ ട്രാക്കിലാകാന്‍ കുറച്ചധികം സമയം വേണ്ടി വന്നേക്കാം. പക്ഷേ ടീം ഇന്ത്യയുടെ പരിശീലകനെന്ന നിലയില്‍ ഇതെത്രത്തോളം ഫലം കാണുമെന്ന് എനിക്കുറപ്പില്ല. ടെസ്റ്റിലായാലും ഏകദിനത്തിലായാലും കോച്ചിങില്‍ ഗംഭീറിന് യാതൊരു പരിചയവുമില്ല. ഈ പരിചയക്കുറവ് ടീമിനെ ബാധിച്ചിട്ടുണ്ട്. വിവിഎസ് ലക്ഷ്മണോ സായ്​രാജോ ആയിരുന്നു കോച്ചാകേണ്ടത്. അവരാണ് കോച്ചാകാന്‍ ഏറ്റവും മികച്ച ആളുകള്‍. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വര്‍ഷങ്ങളായി അവര്‍ ഇരുവരുമുണ്ട്. ദ്രാവിഡിന്‍റെ അഭാവത്തില്‍ അവരെയായിരുന്നു സ്വാഭാവികമായി തിരഞ്ഞെടുക്കേണ്ടിയിരുന്നതെന്നും തിവാരി പറയുന്നു. 

ENGLISH SUMMARY:

I see that Ashwin was insulted. He won’t come out and say it because he’s a nice guy. But one day, he will definitely share his experience. This is not the right process. They are also players, and they deserve some encouragement and dignity as well," said former Indian player Manoj Tiwary