angel-di-maria-messi

28 വര്‍ഷം അര്‍ജന്റീന മനസില്‍ പേറി നടന്ന ദുഖത്തിന് തിരശീലയിട്ട് അവതരിച്ച മാലാഖ. 2021 ജൂലൈ 11ന് മാറക്കാനയില്‍ മെസി ആകാശം തൊട്ടത് 21ാം മിനിറ്റില്‍ ബ്രസീല്‍ ഗോള്‍കീപ്പറുടെ തലയ്ക്ക് മുകളിലൂടെ ഏയ്ഞ്ചല്‍ ഡി മരിയ പന്ത് വലയിലെത്തിച്ചതിന്റെ കരുത്തിലായിരുന്നു. അവിടംകൊണ്ടും തീര്‍ന്നില്ല...ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിന്റെ നെഞ്ച് പിളര്‍ത്തി 36ാം മിനിറ്റിലും റൊസാരിയോയുടെ പ്രിയപുത്രന്‍ അവതരിച്ചു.  ലോകകപ്പ് ഫൈനലില്‍ ഡി മരിയയെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് അര്‍ജന്റീന ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തത്... അര്‍ജന്റീനയുടെ നീലയിലെ വെള്ളവരയന്‍ കുപ്പായത്തില്‍ ആല്‍ബിസെലസ്റ്റുകളുടെ രക്ഷകനായി മാലാഖ അവതരിച്ചത് ഇങ്ങനെ പലവട്ടം. ഇപ്പോഴിതാ അവസാനമായി കോപ്പയില്‍ പന്ത് തട്ടാനിറങ്ങുമ്പോഴും എയ്ഞ്ചല്‍ ഡി മരിയ ഒരിക്കല്‍ കൂടി അര്‍ജന്റീനയുടെ രക്ഷകനാവുമോ? കോപ്പയില്‍ തുടരെ രണ്ടാം വട്ടം മുത്തമിട്ട് പ്രിയപ്പെട്ട താരത്തിന് പടിയിറങ്ങാനാവുമോ?

maria-alvarez

യൂറോപ്പിലേയും ലാറ്റിനമേരിക്കയിലേയും വമ്പനാര് എന്ന് കണ്ടെത്താന്‍ വന്ന ഫൈനലിസിമ പോരില്‍ വെംബ്ലിയിലും വന്നിരുന്നു ഡി മരിയയുടെ ഒന്നൊന്നര കളി. ഫൈനലിസിമ പോരില്‍  കില്ലെനിയേയും വെട്ടിച്ച് പന്ത് ചിപ്പ് ചെയ്ത് ഡൊണാരുമയ്ക്ക് മുകളിലൂടെ വലയിലെത്തിച്ചാണ് ഡി മരിയ ആദ്യ പകുതിയില്‍ അര്‍ജന്റീനയുടെ ലീഡ് ഉയര്‍ത്തിയത്. 54 പാസുകളാണ് ഡി മരിയയില്‍ നിന്ന് വന്നത്. പാസ് കൃത്യത 83 ശതമാനം. രണ്ട് ചാന്‍സുകള്‍ സൃഷ്ടിച്ചപ്പോള്‍ രണ്ട് വട്ടം ഡ്രിബിള്‍ ചെയ്ത് മുന്നേറി. ഇറ്റാലിയന്‍ താരങ്ങളുടെ മൂന്ന് ടാക്കിളുകളെ അതിജീവിച്ച മരിയ 10 റിക്കവറീസ് ആണ് നടത്തിയത്. നാല് വട്ടം ലോങ് ബോളുകളിലും കൃത്യത കാണിച്ചു. പ്രതിരോധത്തിലേക്കും ഇറങ്ങി കളിച്ച ഡി മരിയയെയാണ് അന്ന് വെംബ്ലിയില്‍ കണ്ടത്. ഒളിംപിക് ഫൈനലിലും കോപ്പ അമേരിക്ക ഫൈനലിലും ഫൈനലിസിമയിലും സ്‌കോര്‍ ചെയ്ത് ഡി മരിയ അര്‍ജന്റീനയുടെ മാലാഖയായി. അര്‍ജന്റൈന്‍ കുപ്പായത്തില്‍ വരും തലമുറകള്‍ക്ക് പറഞ്ഞുനടക്കാന്‍ എയ്ഞ്ചല്‍ ഡി മരിയ കഥകള്‍ ഇങ്ങനെ നിരവധി. 

2014ലെ ലോകകപ്പ് ഫൈനലില്‍ ഡി മരിയ ഇറങ്ങിയിരുന്നെങ്കില്‍ മത്സര ഫലം മറ്റൊന്നായാനെ എന്ന് വിശ്വസിക്കുന്നവര്‍ ഇന്നും നിരവധിയുണ്ട്. 2014 ലോകകപ്പ് ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന് എതിരായ കളിയില്‍ പരിക്കേറ്റതോടെയാണ് മരിയക്ക് ഫൈനലും നഷ്ടമായത്. രണ്ടാം റൗണ്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് എതിരെ എക്‌സ്ട്രാ ടൈമില്‍ മരിയ നേടിയ ഗോളാണ് ആ മത്സരത്തില്‍ അര്‍ജന്റീനയെ തുണച്ചത്. അര്‍ജന്റീനയുടെ ഏറ്റവും മികച്ച ഗോളുകളിലൊന്നായി അത് വാഴ്ത്തപ്പെടുന്നു. 

angel-maria

2008ലായിരുന്നു എയ്ഞ്ചല്‍ ഡി മരിയയുടെ അര്‍ജന്റൈന്‍ കുപ്പായത്തിലെ അരങ്ങേറ്റം. 2008ലെ ബെയ്ജിങ് ഒളിംപിക്സ് ഫൈനല്‍.  പന്ത് മെസിയുടെ കാലുകളില്‍ നില്‍ക്കുമ്പോള്‍ ഇടത് വശത്ത് കൂടി അതിവേഗത്തില്‍ ഓടി മുന്നേറുന്ന എയ്ഞ്ചല്‍ ഡി മരിയയിലേക്ക് മിശിഹയുടെ ഇഞ്ച് പെര്‍ഫെക്ട് പാസ്. നൈജീരിയന്‍ ഗോള്‍കീപ്പറേയും മറികടന്ന് മരിയ വലയിലാക്കിയ ഗോളിലാണ് അന്ന് അര്‍ജന്റീന സ്വര്‍ണം ചൂടിയത്. 

15 വര്‍ഷത്തെ അര്‍ജന്റീനക്കൊപ്പമുള്ള യാത്ര. 2024 കോപ്പ അമേരിക്ക സെമി ഫൈനല്‍ കഴിഞ്ഞതിന് പിന്നാലെ ഡി മരിയയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു, 'ഒരിക്കല്‍ കൂടി, അവസാനമായി ആവുന്നതെല്ലാം ചെയ്യാന്‍ മെസി എന്നോട് ആവശ്യപ്പെട്ടു...' അഞ്ച് കിരീടങ്ങളാണ് എയ്ഞ്ചല്‍ ഡി മരിയ അര്‍ജന്റീനയ്ക്കൊപ്പം നിന്ന് നേടിയത്. 2007ല്‍ ഫിഫ അണ്ടര്‍ 20 ലോകകപ്പ്, 2008 ബെയ്ജിങ് ഓളിംപിക്സില്‍ സ്വര്‍ണം. 2021 കോപ്പ അമേരിക്ക കിരീടം, 2022 ഫൈനലിസിമസ 2022 ഖത്തര്‍ ലോകകപ്പ്. ആ ലിസ്റ്റിലേക്ക് കോപ്പ 2024 കൂടി കൂട്ടിച്ചേര്‍ക്കാന്‍ മെസിക്കൊപ്പം നിന്ന് ഡി മരിയ ആവുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പ്...

ENGLISH SUMMARY:

Will Angel Di Maria be Argentina's savior once again in his final Copa