സോഷ്യല്‍ മീഡിയയില്‍ തന്‍റെ സ്വാധീനം ഒരിക്കല്‍ക്കൂടി വ്യക്തമാക്കി യൂട്യൂബിലേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാസ് എന്‍ട്രി. പ്രിയതാരം യുട്യൂബ് ചാനൽ ആരംഭിച്ച വിവരം അറിഞ്ഞതിനു പിന്നാലെ ആരാധകരും ഇടിച്ചുകയറി. ഇന്നലെ വൈകിട്ട് ആരംഭിച്ച ചാനലിന്റെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം ഇതിനകം മെസിയെയും മറികടന്നു.
'യൂആര്‍' എന്ന പേരിലാണ് താരം യൂട്യൂബ് ചാനല്‍ ആരംഭിച്ചിരിക്കുന്നത്. 90 മിനിറ്റിനുള്ളില്‍ 10 ലക്ഷത്തിലധികം ആളുകളാണ് ചാനല്‍ സബ്സ്ക്രൈബ് ചെയ്തത്. തുടങ്ങി ഏറ്റവും വേഗത്തില്‍ ഒരു മില്യണ്‍ ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന യൂട്യൂബ് ചാനല്‍ എന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോ തകര്‍ത്തതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യ വിഡിയോയും താരം പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ മെസിയേയും മറികടന്ന് ഫോളോവേഴ്സിന്‍റെ എണ്ണം കുതിച്ചുകയറി. പിന്നാലെ താരത്തെ തേടി യൂട്യൂബിന്‍റെ ഗോള്‍ഡ് പ്ലേ ബട്ടണും എത്തി, അതും ഒരു ദിവസത്തിനുള്ളില്‍.
2.16 ദശലക്ഷം സബ്സ്ക്രൈബേഴ്സാണ് മെസിക്ക് യൂട്യൂബിലുള്ളത്. അതേസമയം വെറും രണ്ടു മണിക്കൂറിനുള്ളില്‍ ഇരട്ടി സബ്സ്ക്രൈബേഴ്സാണ് റോണോയെ തേടിയെത്തിയത്. നിലവില്‍ 11 മില്യണ്‍ സബ്സ്ക്രൈബൈഴ്സ് താരത്തിന്‍റെ യൂട്യൂബ് ചാനലിലുള്ളത്.
‘കാത്തിരിപ്പ് അവസാനിക്കുന്നു. എന്‍റെ യൂട്യൂബ് ചാനൽ ഇതാ. പുതിയ യാത്രയിൽ എന്നോടൊപ്പം ചേരൂ’ എന്ന് കുറിച്ചാണ് സമൂഹമാധ്യമങ്ങളില്‍ റൊണാൾഡോ തന്‍റെ ചാനല്‍ പങ്കുവച്ചത്. ചാനൽ സബ്സ്ക്രൈബ് ചെയ്യൂ എന്നതിനു പകരം തന്‍റെ പ്രശസ്തമായ ഗോളാഘോഷവുമായി ചേർത്ത് ‘സ്യൂബ്സ്ക്രൈബ്’ (SIUUUbscribe) എന്നാണ് താരം കുറിച്ചത്.
സമൂഹമാധ്യമങ്ങളിൽ വൻതോതിൽ ഫോളോവേഴ്സുള്ള താരമാണ് റൊണാൾഡോ. എക്സിൽ മാത്രം സൂപ്പർതാരത്തിന് 112.5 മില്യനിലധികം ഫോളോവേഴ്സുണ്ട്. ഫെയ്സ്ബുക്കിൽ 170 ദശലക്ഷത്തിലധികവും ഇൻസ്റ്റഗ്രാമിൽ 636 ദശലക്ഷത്തോളവുമാണ് സിആര്‍7 ന്‍റെ ഫോളോവേഴ്സ്.