ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ഭാര്യ നതാഷ സ്റ്റാൻകോവിച്ചും വേര്‍പിരിഞ്ഞ കാര്യം സോഷ്യല്‍മീഡിയയില്‍ വന്‍ചര്‍ച്ചയായിരുന്നു. നാലു വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചുവെന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. വിവാഹ മോചന വാര്‍ത്തകള്‍ക്ക് പിന്നാലെ അതിനുപിന്നിലെ കാരണമന്വേഷിച്ചുള്ള പോസ്റ്റുകളും സജീവമായിരുന്നു.
ഇപ്പോഴിതാ വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ നതാഷ സ്റ്റാൻകോവിച്ച് ലൈക്ക് ചെയ്യുന്ന ചില പോസ്റ്റുകളാണ് ചര്‍ച്ചയാകുന്നത്. വഞ്ചന, വൈകാരിക ദുരുപയോഗം സംബന്ധിച്ച പോസ്റ്റുകളാണ് താരം കൂടുതലായി ലൈക്ക് ചെയ്യുന്നത്. ടോക്‌സിക് റിലേഷന്‍ഷിപ്പുകളെ കുറിച്ചുള്ള പോസ്റ്റുകളും താരം നിരന്തരം ലൈക്ക് ചെയ്തതായി നെറ്റിസണ്‍സ് കണ്ടെത്തി. ഇത്തരം പോസ്റ്റുകള്‍ക്ക് ലൈക്ക് അടിച്ചതിലൂടെ ഇത്തരം കാര്യങ്ങളാണോ ഇവരുടെ വിവാഹമോചനത്തിനുള്ള കാരണം അന്വേഷിക്കുകയാണ് ആരാധകര്‍.
നതാഷ സ്റ്റാൻകോവിച്ച് ലൈക്ക് അടിച്ച പോസ്റ്റുകള്‍ എന്ന അടിക്കുറിപ്പോടെ ഒരു യുവാവ് ഇത്തരം ചില പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ടുകളും സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. പോസ്റ്റ് വന്നതിനു പിന്നാലെ നിരവധിയാളുകളാണ് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുന്നത്. ഓരോ വ്യക്തിയും അവരുടെ വ്യക്തി താല്പര്യമനുസരിച്ചാണ് പോസ്റ്റുകള്‍ തിരഞ്ഞെടുക്കുന്നതെന്നും അതില്‍ മറ്റ് കാരണങ്ങള്‍ കണ്ടെത്തേണ്ട ആവശ്യമില്ലെന്നുമാണ് കമന്‍റുകള്‍.
അതേസമയം, വിവാഹമോചനത്തിനുള്ള കാരണം എന്താണെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. ആശയവിനിമയത്തിലെ പ്രശ്‌നങ്ങളാണെന്നാണ് കാരണമെന്നാണ് അടുപ്പമുള്ളവർ പറയുന്നതെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയില്ല.2020 മെയ് മാസത്തിൽ വിവാഹിതരായ ഇരുവരും 2023 ഫെബ്രുവരിയിൽ ഹിന്ദു, ക്രിസ്ത്യൻ ആചാരപ്രകാരം വീണ്ടും വിവാഹതരായിരുന്നു. പിന്നാലെ 2024 ജൂലൈയിലാണ് വിവാഹമോചന വാര്‍ത്ത താരങ്ങള്‍ ആരാധകരെ അറിയിച്ചത്.