ജീവിത മാര്‍ഗം തേടി ഉത്തര്‍പ്രദേശില്‍ നിന്ന് 2014ല്‍ മുംബൈയിലെത്തിയ 14കാരന്‍ . വിശപ്പടക്കാന്‍ മാര്‍ഗമില്ലാതായതോടെ അന്ധേരിയിലെ ഒരു ജീന്‍സ് ഫാക്ടറിയില്‍ ഹെല്‍പ്പറായി ജോലിക്ക് കയറി. പിന്നെ 2015 മുതല്‍ 2018 വരെ ഓട്ടോറിക്ഷ ഡ്രൈവര്‍ .ഇക്കാലമൊന്നും ക്രിക്കറ്റ് ഈ കൗമാരക്കാരന്‍റെ വിദൂരസ്വപ്നങ്ങളില്‍ പോലുമുണ്ടായില്ല. പക്ഷേ ജുനൈദ് ഖാനില്‍ ഒു കനല്‍ അണയാതെ കിടന്നിരുന്നു . അത് അയാളെ ഒടുവില്‍ കൊണ്ടുചെന്നെത്തിച്ചത് മുംബെയിലെ സഞ്ജീവനി ക്രിക്കറ്റ് അക്കാദമിയില്‍.പിന്നെ ജുനെദിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
വിശപ്പടക്കാന്‍ പ്രയാസപ്പെടുന്നതിന് ഇടയിലും ക്രിക്കറ്റിനെ നെഞ്ചോട് ചേര്‍ക്കുന്ന ലക്ഷക്കണക്കിന് പേരില്‍ ഒരാളായിരുന്നു ജുനെദും. മുംബൈയിലെ ദുഷ്കരമായ ജീവിത സാഹചര്യങ്ങള്‍ ജുനെദിനെ കൂടുതല്‍ കരുത്തനാക്കി മാറ്റി. 'എല്ലായ്പ്പോഴും ക്രിക്കറ്റ് കളിക്കുന്നത് ഞാന്‍ ഇഷ്ടപ്പെട്ടുകൊണ്ടിരുന്നു. കുട്ടിക്കാലം മുതല്‍ ബോള്‍ ചെയ്യുന്നതിലായിരുന്നു ഇഷ്ടം. സഞ്ജീവനി ക്രിക്കറ്റ് അക്കാദമിയില്‍ നെറ്റ്സില്‍ ഞാന്‍ പന്തെറിയാന്‍ തുടങ്ങി. സ്പൈക്ക്സ് വാങ്ങാനുള്ള പണം എന്‍റെ പക്കലുണ്ടായിരുന്നില്ല. അതിനാല്‍ റബര്‍ സ്പൈക്ക്സ് ധരിക്കേണ്ടി വന്നു...ജുനെദ് പറയുന്നു.
എംസിഎയില്‍ രജിസ്റ്റര്‍ ചെയ്യേണ്ട സമയം എത്തിയപ്പോഴേക്കും കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ ആരംഭിച്ചു. ഇതോടെ ഏതാനും വര്‍ഷം കൂടി എനിക്ക് കാത്തിരിക്കേണ്ടി വന്നു. കോവിഡിനൊപ്പം നമ്മളും ജീവിക്കാന്‍ ശീലിച്ചതോടെ മുംബൈയിലെ പ്രധാന വേദികളിലെല്ലാം ജുനെദ് കളിക്കാനെത്തി. പൊലീസ് ഷീല്‍ഡ് മത്സരത്തിനിടയിലാണ് ഇന്ത്യയുടെ അസിസ്റ്റന്‍റ് കോച്ച് അഭിഷേക് നായരുടെ ശ്രദ്ധയിലേക്ക് ജുനെദ് എത്തുന്നത്.
ബോളിങ്ങിനെ കുറിച്ചും ഞാന്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും അഭിഷേക് നായര്‍ എന്നോട് സംസാരിച്ചു. എന്നെ അദ്ദേഹം ഒരുപാട് സഹായിച്ചു. ഓട്ടോറിക്ഷ ഓടിക്കുന്നത് നിര്‍ത്തി ക്രിക്കറ്റില്‍ പൂര്‍ണമായും ശ്രദ്ധിക്കാന്‍ അദ്ദേഹം പറഞ്ഞു. എന്‍റെ ഗോഡ്ഫാദറിനെ പോലെയാണ് അദ്ദേഹം, ജുനെദ് പറയുന്നു.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ നെറ്റ് ബോളറായിരുന്നു ഞാന്‍. പിന്നെ മുംബൈയിലെ പ്രാദേശിക ടൂര്‍ണമെന്റുകളിലും കളിച്ച് തുടങ്ങി. ഇക്കഴിഞ്ഞ ഇറാനി കപ്പില്‍ ഋതുരാജിന്റെ വിക്കറ്റ് വീഴ്ത്തിയാണ് ജുനെദ് തിളങ്ങിയത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ കളിക്കാരുടെ മാച്ച് ഫീ ഉയര്‍ത്തിയതോടെ ഈ വര്‍ഷം ജുനെദ് ഖാന് 35 ലക്ഷം രൂപ പ്രതിഫലം ലഭിച്ചേക്കും.
മുംബൈ ക്രിക്കറ്റ് താരങ്ങളില്‍ 40 ഫസ്റ്റ് ക്ലാസ് മത്സരം കളിക്കുന്ന ഒരു താരത്തിന് ദിവസം 60000 രൂപയാണ് മാച്ച് ഫീ. 21 മുതല്‍ 40 മത്സരങ്ങള്‍ വരെ കളിക്കുന്ന താരത്തിന് ഒരു ദിവസത്തെ മാച്ച് ഫീ 50000 രൂപ. 20ല്‍ താഴെ മത്സരം കളിക്കുന്ന താരത്തിന് ലഭിക്കുന്ന മാച്ച് ഫീ ഒരു ദിവസം 40000 രൂപ. ബാന്ദ്രാ ഈസ്റ്റിലാണ് അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം ഇപ്പോഴും ജുനെദിന്റെ താമസം. സുഹൃത്തുക്കളില്‍ മൂന്ന് പേരും ഫുഡ് ഡെലിവറി ജോലി ചെയ്യുന്നവരാണ്.