കിങ് കോലിക്ക് ഇന്ന് മുപ്പത്തിയാറാം പിറന്നാള്‍. അണ്ടര്‍ 19 ലോക കിരീടം നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയെന്ന ചോക്ലേറ്റ് ബോയില്‍ നിന്ന് ഒട്ടേറെ വ്യത്യാസമുണ്ട് ഇപ്പോഴത്തെ ക്ലാസിക് വിരാട് കോലിക്ക്. സച്ചിന്‍ തെന്‍ഡുല്‍ക്കറിനുശേഷം ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിച്ച അതുല്യ ബാറ്റിങ് പ്രതിഭ. എന്നാല്‍ ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ദയനീയ പ്രകടനത്തിന് പഴികേള്‍ക്കുന്ന സമയത്തെ പിറന്നാള്‍ അത്രമധുരമുള്ളതല്ല.
ബാറ്റിങ് ക്രീസില്‍ തന്‍റേതായ സാമ്രാജ്യം തീര്‍ത്ത്, എതിര്‍ ബോളര്‍മാരെ അടിച്ചുവീഴ്ത്തുന്ന രാജാവ്. കാഴ്ചക്കാരന് അത്യാവേശം വിതറുന്ന ഷോട്ടുകള്‍ കുറവ്, എന്നാല്‍ കൃത്യതയോടെ ആക്രമിച്ചുവീഴ്ത്തും. സാങ്കേതിക വൈദഗ്ധ്യം, ശാരീരിക ക്ഷമത, മാനസിക ദൃഢത, ഉയര്‍ന്ന ബാക് ലിഫ്റ്റ്, ഫുള്‍ ഫോളോ ത്രൂ, കൃത്യതയുള്ളതും കണക്കുകൂട്ടിയുള്ളതുമായ ചുവടുകള്‍ ഇതെല്ലാം ചേര്‍ന്നാല്‍ വിരാട് കോലിയായി.
2008ലെ അണ്ടര്‍ 19 ലോകകപ്പിലെ നായകന്‍ കിരീടവുമായി എത്തിയപ്പോള്‍ അത് സച്ചിന് തെന്‍ഡുല്‍ക്കറുടെ പിന്‍ഗാമിയായിരിക്കുമെന്ന് കരുതിയവര്‍ ചുരുക്കം. ദേശീയ ടീമിലേക്കുള്ള വരവ് അത്രഎളുപ്പമായിരുന്നില്ല. എന്നാല്‍ കഠിനാധ്വാനത്തിലൂടെ റണ്‍മലകള്‍ കയറണമെന്ന അഭിനിവേശത്തോടെ അവന്‍ നിലകൊണ്ടപ്പോള്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡുകള്‍ പോലും കോലിക്ക് മുന്നില്‍ വഴിമാറി. സിഗ്നേച്ചര്‍ ഷോട്ടായ കവര്‍ഡ്രൈവിലൂടെ ആരാധക ഹൃദയങ്ങളില്‍ സെഞ്ചുറിപ്പൂരം തീര്‍ത്തു.
ഏകദിന–ട്വന്റി 20 ലോകകപ്പുകള്‍, ചാംപ്യന്‍സ് ട്രോഫി,ഏഷ്യാകപ്പ്, കീരീടങ്ങള്‍ നേടിയ കോലി ടീം ഇന്ത്യയുടെ നായകനായും മിന്നി. ശാരീരിക്ഷമതയ്ക്കായി മണിക്കൂറുകള്‍ വ്യായാമം ചെയ്യുന്ന കോലി ക്യാപ്റ്റനായപ്പോള്‍ ടീമിലെ ഫിറ്റ്നസ് രീതികളിലും മാറ്റം വരുത്തി. ടെസ്റ്റില്‍ 29 സെഞ്ചുറിയും ഏകദിനത്തില്‍ 50 സെഞ്ചുറിയും ട്വന്റി 20യില്‍ ഒരു സെഞ്ചുറിയും നേടി. എപ്പോഴൊക്കെ ബാറ്റിങ്ങില്‍ താളം തെറ്റിയോ അപ്പോഴെല്ലാം കൂടുതല്‍ കരുത്തോടെ തിരിച്ചുവന്ന ചരിത്രമാണ് കോലിയുടേത്. ഓസ്ട്രേലിയന്‍ പര്യടനം പടിവാതിക്കല്‍ നില്‍ക്കെ കിങ് കോലി പിച്ച് അടക്കിവാഴുന്നത് കാണുവാന്‍ കാത്തിരിക്കാം.