courtesy:Truecaller

courtesy:Truecaller

കോളര്‍ ഐഡി, കോള്‍ ബ്ലോക്കിങ് ആപ്ലിക്കേഷനായ ട്രൂകോളര്‍ മൈക്രോസോഫ്റ്റുമായി കൈകോര്‍ക്കുന്നു. മൈക്രോസോഫ്റ്റിന്‍റെ പുതിയ പേഴ്സണല്‍ വോയ്സ് അസിസ്റ്റന്‍റ് സാങ്കേതികവിദ്യയില്‍ താത്പര്യമെ‌‌ടുത്താണ് പുതിയ തീരുമാനം.  എഐ സ്പീച്ച് ടെക്നോളജിക്കായാണ് സഹകരണം. ട്രൂകോളർ പ്രീമിയം സബ്‌സ്‌ക്രൈബ് ചെയ്‌ത ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമാകുന്നത്. 

നിലവിലുള്ള ട്രൂകോളറില്‍ എഐ പിന്തുണ നല്‍കി തുടങ്ങിയത് 2022 ലാണ്. കോളുകള്‍ സ്വീകരിക്കുക, കോള്‍ വിളിച്ച വ്യക്തി ആരെന്ന് സ്ക്രീനില്‍ കാണിക്കുക, മെസേജുകള്‍ അയക്കുക, കോളുകള്‍ റെക്കോര്‍ഡ് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ നിലവില്‍ ട്രൂകോളറിലുണ്ട്. പക്ഷേ ഇതില്‍ ചില ഫീച്ചേഴ്സുകള്‍ തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. പക്ഷേ എഐ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ ഈ സൗകര്യങ്ങളൊന്നും പോരെന്നായതോടെയാണ് ട്രൂകോളറും അപ്ഡേഷന്‍ നടത്തുന്നത്. 

ട്രൂകോളറിന്‍റെ പേഴ്സണല്‍ വോയ്സ് ഫീച്ചര്‍ 

മൈക്രോസോഫ്റ്റിനൊപ്പം കൈകോര്‍ത്തതോടെ ട്രൂകോളറിന് ഇനി ഉപയോക്താക്കളുടെ ശബ്ദത്തിന്‍റെ ഡിജിറ്റല്‍ പകര്‍പ്പ് ഓഫര്‍ െചയ്യാനാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അസിസ്റ്റന്‍റാണ് ഇവിടെ പ്രധാന കഥാപാത്രം. നേരത്തെ ഉപയോഗിച്ചിരുന്ന ഡിജിറ്റൽ അസിസ്റ്റൻസ് വോയ്‌സിനേക്കാൾ ഉപയോക്താവിന്‍റെ ശബ്ദത്തിന്‍റെ ആധികാരിക പതിപ്പ് കേൾക്കാൻ ഈ ഫീച്ചർ കോള്‍ വിളിക്കുന്നവരെ സഹായിക്കും. 

ഈ ഫീച്ചർ ഉപയോക്താക്കൾക്ക് അവരുടെ കോൾ മാനേജ് ചെയ്യുന്ന രീതി മെച്ചപ്പെടുത്തുമെന്നും അവരുടെ അനുഭവം മെച്ചപ്പെടുത്തുമെന്നും ട്രൂകോളർ വിശ്വസിക്കുന്നു. മെയ് 20 ന് നടന്ന മൈക്രോസോഫ്റ്റ് ഇവന്‍റിൽ കമ്പനി ഒരു വീഡിയോ വഴി ഫീച്ചർ പ്രദർശിപ്പിച്ചിരുന്നു. തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ മാത്രമാണ് നിലവില്‍ ഈ ഫീച്ചര്‍ ലഭ്യമാവുക.  നിലവിൽ ഇന്ത്യ, യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, സ്വീഡൻ, ചിലി എന്നിവയാണ് ഫീച്ചര്‍ ആരംഭിച്ച രാജ്യങ്ങൾ. ഫീച്ചര്‍ലഭ്യമാകണമെങ്കില്‍ ആപ്ലിക്കേഷന്‍റെ ഏറ്റവും പുതിയ വേര്‍ഷനിലേക്ക് അപ്ഡേറ്റ് ചെയ്യണം. ഒപ്പം പ്രീമിയം സബ്സ്ക്രിപ്ഷനും ആവശ്യമാണ്. 

ENGLISH SUMMARY:

Truecaller collaborate microsoft to bring personalised artificial intelligence voice