apple-meta-ai

TOPICS COVERED

ലാമ ചാറ്റ്ബോട്ട് സേവനം ഐ ഫോണില്‍ ഉള്‍പ്പെടുത്താന്‍ സഹകരിക്കാമെന്ന മെറ്റയുടെ വാഗ്ദാനം നിരസിച്ച് ആപ്പിള്‍. എ.ഐ പ്രോജക്റ്റില്‍ സഹകരിക്കാമെന്ന മെറ്റയുടെ ഓഫര്‍ ആപ്പിള്‍ വേണ്ടെന്ന് വച്ചെന്ന് ബ്ലൂംബര്‍ഗാണ് റിപ്പോര്‍ട്ട് ചെയ്തത്. ലാമ ചാറ്റ്ബോട്ട് ഐ ഫോണില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് മാര്‍ച്ചിലാണ് ചര്‍ച്ച നടന്നത്. ഇത് ആപ്പിള്‍ സഹകരിക്കാന്‍ തയാറാകാതിരുന്നതോടെ കരാര്‍ യാഥാര്‍ഥ്യമായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

'സ്വകാര്യത' സംരക്ഷണത്തില്‍ മെറ്റയുടെ ട്രാക്ക് റെക്കോര്‍ഡില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ് ആപ്പിള്‍ പിന്‍വലിഞ്ഞതെന്നാണ് സൂചന. ലാമയ്ക്കെതിരെ ആപ്പിള്‍ നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. അങ്ങനെയൊരു ഉല്‍പന്നം ഐ ഫോണില്‍ ഉള്‍പ്പെടുത്തുന്നത് ശരിയല്ലെന്നും അഭിപ്രായമുയര്‍ന്നിരുന്നു.

മെറ്റയോട് ‘നോ’ പറഞ്ഞെങ്കിലും എഐ ടൂളുകള്‍ വാങ്ങുന്നതിനെക്കുറിച്ച് ഓപ്പണ്‍ എഐയുമായും ആല്‍ഫബെറ്റുമായും ആപ്പിള്‍ ആശയവിനിമയം നടത്തുന്നുണ്ട്. പിന്നാലെ ചാറ്റ്ജിപിടി ഐ ഫോണില്‍ ഉള്‍പ്പെടുത്തുമെന്ന പ്രഖ്യാപനവും ഈമാസം ആദ്യം പുറത്തുവന്നു. ഭാവിയില്‍ ജെമിനി വന്നേക്കുമെന്നും സൂചനയുണ്ട്. 'ചാറ്റ് ജിപിടി'ക്കുള്ള മേധാവിത്വവും ഓപ്പണ്‍ എ.ഐയ്ക്ക് സ്വീകാര്യതയേറ്റി. ഗൂഗിളുമായുള്ള സൗഹൃദം 'ജെമിനി' കൊളാബിനും വഴി തുറക്കുകയായിരുന്നു. 

സ്വന്തം എ.ഐ സ്റ്റാര്‍ട്ടപ് ആയ അന്തോപിക്കിലും ആപ്പിളിന് പ്രതീക്ഷയുണ്ട്. ആപ്പിളുമായി ഡീലായതോടെ ചാറ്റ് ജിപിടി ഉപഭോക്താക്കള്‍ക്ക് അവരുടെ സബ്സ്ക്രിപ്ഷന്‍ ഐ.ഒ.എസിലേക്ക് മാറ്റാമെന്നും ഇത് ഓപ്പണ്‍ എ.ഐയ്ക്ക് വരുമാനമാകുമെന്നും  പ്രതീക്ഷിക്കുന്നു. ആപ്പിള്‍ സ്റ്റോര്‍ കമ്മിഷനില്‍ നിന്ന് ആപ്പിളിനുള്ള വിഹിതവും ലഭിക്കും. 

ENGLISH SUMMARY:

Apple had rejected offers from Meta to integrate Llama chatbot in the mobile device as part of an AI partnership. Instead, Apple is focusing on partnerships with OpenAI's ChatGPT and Alphabet's Gemini.