നിര്‍മ്മിത ബുദ്ധി കമ്പനിയായ ഓപ്പണ്‍ എ.ഐ ചൈനയിലെ സേവനങ്ങള്‍ വെട്ടിച്ചുരുക്കി. കഴിഞ്ഞ ആഴ്ച മുതല്‍ ഓപ്പണ്‍ എ.ഐ പ്രവര്‍ത്തിക്കാത്ത പ്രദേശമെന്ന സന്ദേശമാണ് ചൈനയിലെ പല ഉപഭോക്താക്കള്‍ക്കും ലഭിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്തകള്‍ ഓപ്പണ്‍ എ.ഐയും ശരിവച്ചിട്ടുണ്ട്. ഓപ്പണ്‍ എ.ഐയ്ക്ക് വിലക്കുള്ള സ്ഥലങ്ങളിലാണ് ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്‍റര്‍ഫേസും(എ.പി.ഐ) വിലക്കിയതെന്ന് കമ്പനി വക്താവ് അറിയിച്ചു.
സോഫ്റ്റ്വെയര് ആപ്ലിക്കേഷനുകള്‍ക്ക് പരസ്പരം ആശയവിനിമയം നടത്താനും സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനും സഹായിക്കുന്ന ഒരുപറ്റം നിയമങ്ങളെയോ പ്രൊട്ടോക്കോളുകളെയോ ആണ് എ.പി.ഐ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. ചടുലവും കാര്യക്ഷമവുമായി ആപ്ലിക്കേഷനുകളും വെബ് പ്രോഗ്രാമുകളും തയ്യാറാക്കുന്നതിന് എ.പി.ഐ അത്യന്താപേക്ഷിതമാണ്. ഇതിനെല്ലാം പുറമെ ഇന്‍റര്‍നെറ്റിലെ പല സവിശേഷ ഫീച്ചറുകളും അത്തരത്തില്‍ നിലനില്‍ക്കുന്നതും എ.പി.ഐ കാരണമാണ്. ആപ്പുകളിലെ നാവിഗേഷന്‍ സംവിധാനങ്ങള്‍ എ.പി.ഐ ഉപയോഗിച്ചാണ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത്. ഗൂഗിള്‍മാപ്പിന്‍റെ എ.പി.ഐയാണ് ലൊക്കേഷന്‍ മനസിലാക്കാനും മറ്റുമായി ഭക്ഷ്യവിതരണ ശൃംഖലകളും ചരക്ക് വിതരണ കമ്പനികളും പ്രയോജനപ്പെടുത്തുന്നത്.
ജൂലൈ ഒന്‍പത് മുതലാണ് എ.പി.ഐ വിലക്കുകയാണെന്ന് ചൈനയിലുള്ളവര്‍ക്ക് ഓപ്പണ്‍ എ.ഐയുടെ സന്ദേശമെത്തിയത്. സന്ദേശത്തെ ഗൗരവമായാണ് കാണുന്നതെന്ന് ഉപഭോക്താക്കള്‍ പറയുമ്പോള്‍ സെന്‍സ്ടൈം പോലെ തദ്ദേശീയമായ എ.ഐ കമ്പനികള്‍ ഈ തീരുമാനത്തെ അവസരവും പുതിയ സാധ്യതയുമായാണ് കാണുന്നത്. ഓപ്പണ്‍ എ.ഐ തള്ളിക്കള്ളഞ്ഞ ഉപഭോക്താക്കളെല്ലാം സെന്‍സ്ടൈമിലേക്ക് എത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ഓപ്പണ്‍ എ.ഐയുടെ വിലക്ക് ചൈനയെ ബാധിക്കില്ലെന്നും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനുള്ള സംവിധാനങ്ങള്‍ ചൈനയില്‍ തന്നെ ലഭ്യമാണെന്നും ചൈനീസ് സര്‍ക്കാരിന്‍റെ അനൗദ്യോഗിക പ്രതികരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവിലെ പ്രതിസന്ധി ചൈനയ്ക്ക് ഗുണകരമാകുമെന്നും പീപ്പിള്‍സ് ഡെയ്ലി റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല, മൈക്രസോഫ്റ്റിന്‍റെ അസ്യുര്‍ എ.ഐ ഫീച്ചര്‍ ചൈനയില്‍ ഇപ്പോഴും ലഭ്യമാണെന്നും തദ്ദേശീയ മാധ്യമങ്ങളും വ്യക്തമാക്കുന്നു. ചൈനയിലെ പ്രാദേശിക കമ്പനിയുമായി ചേര്‍ന്നാണ് അസ്യുര്‍ പ്രവര്‍ത്തിക്കുന്നത്. ആപ്പുകള്‍ ഉണ്ടാക്കാനും ആവശ്യാനുസരണം എ.പി.ഐ ഉപയോഗിക്കാനുള്ള സൗകര്യം ഇതില്‍ ലഭ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. വിദേശ വെബ്സൈറ്റുകള്‍ക്ക് സര്‍ക്കാര്‍ ഔദ്യോഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ഓപ്പണ്‍ എ.ഐയുടെ ചാറ്റ് ജിപിടി നേരത്തെ തന്നെ ചൈനയില്‍ ലഭ്യമായിരുന്നില്ല. എങ്കിലും എ.പി.ഐ ലഭിച്ചു വന്നിരുന്നു. ആപ്ലിക്കേഷനുകളെ നിര്‍മാണം എ.പി.ഐ എളുപ്പമാക്കിയിരുന്നുവെന്നും ഉപഭോക്താക്കള്‍ പറയുന്നു.