പ്രിയതാരം കമല്‍ഹാസന്‍ ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് (എഐ) കോഴ്സ് പഠിക്കുന്നതിനായി അമേരിക്കയിലേക്ക് പോകുന്നതായി റിപ്പോർട്ട്. 90 ദിവസം നീളുന്ന കോഴ്സാണ് താരം തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 90 ദിവസത്തില്‍ 45 ദിവസം മാത്രമായിരിക്കും താരം കോഴ്സ് ചെയ്യുക. പിന്നീട് സിനിമാ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കാനായി ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് വിവരം. ഇന്ത്യയിലെത്തിയാലും താരം ഓണ്‍ലൈന്‍ ആയി കോഴ്സ് പൂര്‍ത്തിയാക്കും.
പുതിയ സാങ്കേതികവിദ്യകളെ കുറിച്ച് കൂടുതല്‍ അറിയാനും അവ പഠിക്കാനും തനിക്ക് വലിയ ഇഷ്ടമാണെന്ന് കമല്‍ഹാസന്‍ പണ്ട് അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു. താന്‍ അഭിനയിച്ച സിനിമകള്‍ പരിശോധിച്ചാല്‍ പുതിയ സാങ്കേതികവിദ്യകള്‍ അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായി മനസിലാകുമെന്നും സിനിമയാണ് തനിക്ക് ജിവിതമെന്നും താരം പറഞ്ഞിരുന്നു.
തനിക്കുള്ള സമ്പാദ്യമെല്ലാം പലവഴിയിലൂടെ സിനിമയിലേക്ക് തന്നെയാണ് പോയിരിക്കുന്നത്. സിനിമകളിൽ നിന്ന് സമ്പാദിക്കുന്നതെല്ലാം സിനിമയ്ക്ക് തന്നെയാണ് ഞാന്‍ നല്‍കാറുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
ഇതാദ്യമായല്ല, പുതിയ ഒരു സാങ്കേതികവിദ്യ പഠിക്കാനായി താരം പുറപ്പെടുന്നത്. ഇതിനുമുന്‍പ് 80കളില്‍ പ്രോസ്തെറ്റിക് മേക്കപ്പ് പഠിക്കാനായി കമല്‍ഹാസന്‍ കടല്‍കടന്നിരുന്നു. ഹോളിവുഡ് ചിത്രമായ റാംബോയുടെ മൂന്നാം ഭാഗത്തില്‍ മേക്കപ്പ് ആർട്ടിസ്റ്റായി അദ്ദേഹം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.