ജി മെയില്‍ ഉപഭോക്താക്കള്‍ക്കായി പുതിയൊരു ഫീച്ചര്‍ പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിള്‍. മെയില്‍ റീഡിങ് എളുപ്പമാക്കാനാണ് ഇത്തരത്തിലൊരു അപ്ഡേറ്റ്. ഇനി മെയില്‍ വരുമ്പോള്‍ അതിന്‍റെ കൂടെ സമ്മറി കാര്‍ഡുകളും ഉണ്ടാവും. ആക്ഷന്‍ ബട്ടണുകള്‍ പോലെയുള്ള പ്രത്യേക ഫീച്ചറുകളും ഈ അപ്ഡേറ്റിലുണ്ടാകും.
ഉപഭോക്താക്കള്‍ക്ക് വരുന്ന മെയിലുകളില്‍ നിന്നുള്ള കണ്ടന്‍റുകള്‍ പര്‍ച്ചേസ്, ഇവന്‍റ്, ബില്ലുകള്‍, ട്രാവല്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി തരംതിരിക്കപ്പെടും.ഇതോടെ മെയില്‍ തുറക്കാതെ തന്നെ ഉള്ളടക്കങ്ങള്‍ മനസിലാക്കാനും ക്രമീകരണങ്ങള്‍ നടത്താനും ഉപഭോക്താക്കള്‍ക്ക് കഴിയും. പര്‍ച്ചേസ് സമ്മറി കാര്‍ഡുകള്‍ ഇതിനിടയില്‍ തന്നെ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് ഉപഭോക്താക്കള്‍ക്ക് ലഭ്യമായിക്കഴിഞ്ഞു.മറ്റു കാര്‍ഡുകള്‍ ഗൂഗിള്‍ ഉടന്‍ പുറത്തിറക്കും.
അധികപേരും പ്രധാനപ്പെട്ട ദിവസങ്ങളും, ബില്ലുകള്‍, ബുക്കിങ്ങുകള്‍ തുടങ്ങിയ കാര്യങ്ങള്‍ മറന്നുപോകുന്നവരാണ്. ഈ എ ഐ ഫീച്ചര്‍ ഇത്തരം കാര്യങ്ങള്‍ ഓര്‍മ്മിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത്.
സമ്മറി കാര്‍ഡുകളിലെ ആക്ഷന്‍ ബട്ടണുകള്‍ ഉപഭോക്താക്കളെ കലണ്ടറിലേക്ക് ഇവന്‍റുകൾ ചേർക്കാനും മറ്റുള്ളവരെ ക്ഷണിക്കാനും അല്ലെങ്കിൽ ബിൽ അടയ്ക്കാന്‍ ഓർമ്മപ്പെടുത്താനും സഹായിക്കും. പര്‍ച്ചേസ് സമ്മറി കാര്‍ഡുകള്‍ ഉപഭോക്താക്കളെ പാക്കേജുകള്‍ ട്രാക്ക് ചെയ്യാനും ഓര്‍ഡര്‍ വിവരങ്ങള്‍ പരിശോധിക്കാനും സഹായിക്കും. ഈവന്‍റ് കാര്‍ഡുകള്‍ അടുത്തുവരുന്ന ഇവന്‍റുകളെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കും. ബില്‍സ് ഓപ്ഷനില്‍ ബില്ലുകള്‍ ഏതൊക്കെയെന്ന് പരിശോധിക്കാനും അവ അടയ്ക്കാനുള്ള തീയ്യതി ക്രമീകരിക്കാനും സഹായിക്കും. ട്രാവല്‍ കാര്‍ഡില്‍ യാത്രകളുമായി ബന്ധപ്പെട്ട വിവരങ്ങളും കാണാന്‍ സാധിക്കും. സമ്മറി കാര്‍ഡുകള്‍ ഉടന്‍ തന്നെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് ഗൂഗിള്‍ ബ്ലോഗില്‍ കുറിച്ചു.