ലോകത്ത് നിലവിലുള്ള  ഏറ്റവും വേഗമേറിയ സൂപ്പർ കമ്പ്യൂട്ടര്‍  പ്രപഞ്ചത്തിന്‍റെ ആയുഷ്കാലത്തോളം  സമയമെുക്കുന്ന   സമസ്യയ്ക്ക് അഞ്ചുമിനിറ്റില്‍ ഉത്തരം കാണും ഗൂഗിളിന്‍റെ   വില്ലൊ ക്വാണ്ടം ചിപ്പ്. ആൽഫബെറ്റ് സിഇഒ  സുന്ദര്‍ പിച്ചൈ ചിപ്പ് അവതരിപ്പിച്ചുകൊണ്ട്  സമൂഹമാധ്യമങ്ങളിലൂടെ അവകാശപ്പെട്ടതാണ് ഇത്. ശരിയെങ്കിൽ ലോക കമ്പ്യൂട്ടർ ക്രമം എന്നന്നേക്കുമായി മാറ്റുന്നതാണ് പുത്തൻ കണ്ടത്തിൽ. എന്താണ് ഗൂഗിൾ വില്ലോയുടെ പ്രസക്തി. ക്വാണ്ടം കമ്പ്യൂട്ടിംഗ് മേഖലയിൽ എന്ത് വിപ്ലവമാണ്  വില്ലോ സൃഷ്ടിക്കാൻ പോകുന്നത്, നോക്കാം. 

മനുഷ്യ ജീവിതം മെച്ചപ്പെടുത്താനും സങ്കീര്‍ണങ്ങളായ  പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താനും നൂറ്റാണ്ടുകളായുള്ള നമ്മുടെ ശ്രമം തുടരുകയാണ്. മൃഗങ്ങളെ ആക്രമിച്ച് കീഴ്പ്പെടുത്താനുള്ള ആയുധങ്ങളിൽ തുടങ്ങി ഇന്ന് സൂപ്പർ കമ്പ്യൂട്ടറും കടന്ന് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വരെ എത്തി നിൽക്കുകയാണ് മനുഷ്യന്‍. എന്നാൽ പല ചോദ്യങ്ങൾക്കും ഇപ്പോഴും ഉത്തരങ്ങൾ കണ്ടെത്താനായിട്ടില്ല. സുന്ദർ പിച്ചയുടെ വാക്കുകൾ പ്രകാരം ചില ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താൻ  നിലവിലുള്ള സാങ്കേതികവിദ്യക്ക് 10 സെറ്റില്യൺ വർഷമെടുക്കും. എന്നാൽ ആ ചോദ്യങ്ങൾ 5 മിനിറ്റിൽ പരിഹരിക്കുമെന്ന് അവകാശവാദവുമായാണ്  ഗൂഗിൾ വില്ലേയുടെ വരവ്. ക്വാണ്ടം കമ്പ്യൂട്ടിംഗ് മേഖലയിൽ 30 വർഷമായി പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ചില സാങ്കേതിക പ്രശ്നങ്ങൾക്ക് ഗൂഗിൾ പ്രതിവിധി കണ്ടെത്തിയതോടെയാണ് വിലോയുടെ ജനനം. 

Also Read; ഏഷ്യയിലെ ആദ്യ ഹൈപ്പര്‍ലൂപ്പ് ‌ടെസ്റ്റ് ‌ട്രാക്ക് ചെന്നൈയില്‍; എന്താണ് ഹൈപ്പര്‍ലൂപ്പ്?

എന്താണ് ക്വാണ്ടം കമ്പ്യൂട്ടിംഗ് ?

ഉദാഹരണത്തിന്  വലിയ സൂപ്പർ മാർക്കറ്റിൽ ചെന്ന് പാരബീൻസ് ഉപയോഗിക്കാത്ത സൗന്ദര്യവർദ്ധക വസ്തു വേണമെന്ന് ആവശ്യപ്പെട്ടാൽ, കടയിലെ ജീവനക്കാർക്ക് ഓരോന്നായി പരിശോധിച്ച് വേണം പാരബിൻസ് ഇല്ലാത്ത ഉൽപ്പന്നം കണ്ടെത്താൻ. അതായത് സാധാരണ കംപ്യൂട്ടറുകളിലെ ചിപ്പുകള്‍ക്ക് ഒരുസമയം ഒരുകാര്യം അപഗ്രഥിക്കാനുള്ള കഴിവ് മാത്രമേയുള്ളൂ. ഇതേ കട ക്വാണ്ടം കംപ്യൂട്ടിങ് അധിഷ്ഠിതമായാണ് പ്രവര്‍ത്തക്കുന്നതെങ്കില്‍ അവിടെയുള്ള എല്ലാ ഉല്‍പന്നങ്ങളും ഒരേ സമയം പരിശോധിച്ച് അതില്‍ നിന്ന് നമുക്ക് ആവശ്യമായത് തിരഞ്ഞെടുത്ത് നല്‍കാന്‍ ഞൊടിയിടകൊണ്ടാകും.ഇതിനായി ചിപ്പിനുള്ളിൽ ആർട്ടിഫിഷൽ ആറ്റം പോലെ പ്രവർത്തിക്കുന്ന ക്യൂബിക്സാണ് ഉപയോഗിക്കുന്നത്.

എല്ലാ പ്രധാനപ്പെട്ട ടെക് കമ്പനികളും നിലവിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന ക്വാണ്ടം കമ്പ്യൂട്ടറുകളിലെയും പ്രധാന വെല്ലുവിളി തെറ്റുകളായിരുന്നു. ക്യൂബിറ്റുകൾ കംപ്യൂട്ടിങ്ങ് പ്രോസസിനായി സൂപ്പർ പൊസിഷനുകളിൽ ആയിരിക്കുമ്പോൾ ചുറ്റുമുള്ള ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങള്‍  അവയെ ബാധിക്കും. ക്യുബിറ്റ്സിന്‍റെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് തെറ്റിനുള്ള സാധ്യതയും അധികമാകും. 30 വർഷമായി ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണ്, അവിടെയാണ് ഗൂഗിൾ വിജയിച്ചിരിക്കുന്നത്. 

കാലിഫോർണിയിലെ സാറ്റ ബാർബറയിലാണ് ഗൂഗിൾ പുതിയ ചിപ്പ് നിർമ്മിച്ചത്. ചിപ്പിനുള്ളിൽ രണ്ട് ക്യൂബിക് ഗേറ്റുകൾ, ക്യൂബിറ്റ് റീസെറ്റ്,  റീഡൗട്ട് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യം 3x3 ഫിസിക്കൽ ക്യൂബിറ്റ് ഗ്രീഡും പിന്നീട് 5x5, 7x7 എന്നിങ്ങനെ, ക്യൂബിറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുകയായിരുന്നു. നിലവിൽ 105 ക്യുബിറ്റുകൾ ഉള്ള ലോകത്തെ ഏറ്റവും ശക്തമായ ക്വാണ്ടം കമ്പ്യൂട്ടറാണ് വില്ലോ. ചിപ്പിൻ്റെ കാര്യക്ഷമത പരിശോധിക്കുന്ന റാൻഡം സർക്യൂട്ട് സാമ്പിളിങ് (RCS), ക്വാണ്ടം എറർ കറക്ഷൻ എന്നീ ടെസ്റ്റുകളിൽ മികച്ച പ്രകടനമാണ് വില്ലോ കാഴ്ചവെച്ചത്.

എന്ത് മാറ്റമാണ് വില്ലോ സൃഷ്ടിക്കുക?

സാധാരണ കമ്പ്യൂട്ടറുകൾ ചെയ്യുന്ന ദൈനംദിന പ്രവർത്തികൾ നിലവിൽ ചെയ്യാൻ പാകത്തിലല്ല ക്വാണ്ടം കമ്പ്യൂട്ടറുകൾ വികസിപ്പിച്ചിരിക്കുന്നത്. പകരം ഒട്ടേറെ  രാസപ്രവര്‍ത്തനങ്ങള്‍  ഒരേസമയം പരിശോധിക്കേണ്ടിവരുന്ന മരുന്ന് ഗവേഷണം, മെഷീൻ ലേണിങ്, കമ്പ്യൂട്ടർ എൻക്രിപ്ഷൻ എന്നീ അതി സങ്കീർണ്ണ മേഖലകളിലാണ് ഇവയുടെ ഉപയോഗം. പുതിയ വില്ലോ ആർട്ടിഫിഷൽ ഇന്റലിജൻസ് മേഖലയിൽ വൻ വിപ്ലവം സൃഷ്ടിക്കാൻ പോകുന്നു എന്നാണ് ഗൂഗിളിന്‍റെ അവകാശവാദം. സാധാരണ കമ്പ്യൂട്ടറുകൾക്ക് സാധ്യമല്ലാത്ത വിവരങ്ങൾ ഒരേ സമയം ശേഖരിച്ച് എ.ഐ മോഡലുകളെ ട്രെയിൻ ചെയ്യാൻ ഇവയ്ക്ക് കഴിയും.  എ.ഐ അൽഗോരിതം, ആൾക്കിടെക്ചർ എന്നിവ വികസിപ്പിക്കാനും ക്വാണ്ടം  കമ്പ്യൂട്ടർ ഉപയോഗിക്കാം. 

നിലവിൽ ആർഎസ്എ പബ്ലിക് കീ  എൻക്രിപ്ഷൻ ഉപയോഗിക്കുന്ന ഡിജിറ്റൽ സിഗ്നേച്ചറുകൾ, നെറ്റ്‌വർക്കുകൾ, ഈമെയിൽ, ക്രിപ്റ്റോ കറൻസി എന്നിവയെല്ലാം  തകർക്കാൻ ക്വാണ്ടം കമ്പ്യൂട്ടറുകൾക്ക് കഴിയും. എന്നാൽ നിലവിലെ 105 ക്യൂബിറ്റ് വില്ലോ ചിപ്പിന് അത് കഴിയില്ല. ഇതിനായി ചുരുങ്ങിയത് 13 മില്യൺ ക്യൂബിറ്റുകൾ എങ്കിലും വേണമെന്നാണ് നിഗമനം. സമീപഭാവിയിൽ തന്നെ ഇത് സാധ്യമായേക്കുമെന്ന് കണ്ട് ആപ്പിൾ സ്വന്തം എഐ മെസ്സേജിൽ ക്വാണ്ടം എൻക്രിപ്ഷൻ  ഏർപ്പെടുത്തുന്നതായി കഴിഞ്ഞവർഷം പ്രഖ്യാപിച്ചിരുന്നു. 

ക്വാണ്ടം കമ്പ്യൂട്ടറിൽ ഇന്ത്യ എവിടെ?

ലോക കമ്പ്യൂട്ടിംഗ് മേഖലയിൽ വിപ്ലവമാകാൻ പോകുന്ന ക്വാണ്ടം കമ്പ്യൂട്ടിങ്ങിൽ ഇന്ത്യയും വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. 2020 ലാണ് നാഷണൽ മിഷൻ ഓൺ ക്വാണ്ടം ടെക്നോളജി ആൻഡ് ആപ്ലിക്കേഷൻ (NM-QTA) ആരംഭിക്കുന്നത്. സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയം ആണ് പദ്ധതി നടപ്പാക്കുന്നത്. അടിയന്തര പ്രാധാന്യമുള്ള ദേശീയ വിഷയങ്ങളിൽ ഒമ്പതാമതായാണ് കോണ്ടം ടെക്നോളജിയെ രാജ്യം കണക്കാക്കുന്നത്. മുംബൈയിലെ ടാറ്റ ഇൻസ്റ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് ആദ്യത്തെ സ്മോൾ സ്കെയിൽ കമ്പ്യൂട്ടർ നിർമ്മാണത്തിലെ അവസാനഘട്ടത്തിലാണ്. ലോകത്ത് ഓപ്പൺ ആക്സസ് ക്വാണ്ടം കമ്പ്യൂട്ടിംഗ് ഉപയോക്താക്കളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ചൈനയടക്കം ഹാക്കിങ്ങിന് ക്വാണ്ടം കമ്പ്യൂട്ടിംഗ് ഉപയോഗിക്കാൻ ആരംഭിച്ചെന്ന് വിവരം പുറത്തുവന്നതോടെ ദേശീയ സുരക്ഷയിൽ പ്രധാന ഘടകമാണ് ഇത്.

ക്വാണ്ടം കമ്പ്യൂട്ടിംഗ് എന്ന വിപ്ലവത്തിലേക്ക് ലോകം ദിനംപ്രതി അടുക്കുകയാണ്.  വിവിധ മേഖലകളിൽ വമ്പൻ മാറ്റങ്ങൾ വരുമ്പോഴും സുരക്ഷയാണ് പ്രധാനം. പാണ്ടം കമ്പ്യൂട്ടറുകൾ വികസിക്കുന്നത് അനുസരിച്ച് സുരക്ഷ മാർഗ്ഗങ്ങളും ശക്തമാക്കേണ്ടതുണ്ട്.

ENGLISH SUMMARY:

Google's Willow Quantum Chip has been introduced as a revolutionary leap in quantum computing. Alphabet CEO Sundar Pichai announced on social media that the chip can solve problems in just five minutes that would take the world's fastest supercomputers the entire lifespan of the universe to compute. If true, this innovation could permanently reshape the global computing paradigm.