പൈലറ്റും സര്‍വ്വസന്നാഹങ്ങളുമുണ്ടായിട്ടും വിമാനത്തില്‍ കയറാന്‍ പേടിക്കുന്നവരാണ് ഭൂരിഭാഗം പേരും.ഇത്തരക്കാരുടെ ചങ്കിടിപ്പ് കൂട്ടാന്‍ പൈലറ്റില്ലാത്ത വിമാനങ്ങള്‍ പറത്താനൊരുങ്ങുകയാണ് ശാസ്ത്രലോകം .വിമാനം ഓടിക്കാനും എ.ഐ തന്നെ മതിയെന്നാണ് പുതിയ കണ്ടുപിടുത്തം. എ.ഐ യാത്രാവിമാനങ്ങള്‍ ഓടിക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കമാവുകയാണ്. നിര്‍മിതബുദ്ധിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചുവടുവെപ്പായാണ് ഇതിനെ കണക്കാക്കുന്നത്.
എയ്‌റോസ്‌പേസ് ഭീമനായ എംബ്രയർ, ഫ്ലോറിഡയിലെ ഒർലാൻഡോയിൽ നടന്ന നാഷണൽ ബിസിനസ് ഏവിയേഷൻ അസോസിയേഷൻ പരിപാടിയിലാണ് ഈ ആശയം മുന്നോട്ടുവെച്ചത്. കിടിലന്‍ ഫീച്ചറുകളുമായാണ് AI വിമാനങ്ങള്‍ പുറത്തിറങ്ങുക. മൂന്ന് ഭാഗങ്ങളുള്ള ക്യാബിനാണ് വിമാനത്തിലുണ്ടാകുക. ഇതില്‍ ഒന്ന് ലോഞ്ചായി പ്രവര്‍ത്തിക്കും. യാത്രക്കാര്‍ക്ക് കോക്പിറ്റില്‍ ഇരിക്കാനും കഴിയും.ടച്ച് സ്ക്രീനുള്ള ജനാലകളും വിമാനത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെയൊക്കെയാണെങ്കിലും വിമാനം പറത്തുക AI ആയിരിക്കും.
വിമാനം പൂര്‍ണമായും സ്വയംപ്രവര്‍ത്തിക്കുന്ന തരത്തിലാണ് നിര്‍മ്മിക്കുന്നത്. ആയതുകൊണ്ടുതന്നെ കോക്പിറ്റിന്‍റെ ആവശ്യം വരുന്നില്ല. കൂടാതെ ഫോര്‍വേര്‍ഡ് ലോഞ്ച് പോലെയുള്ള പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരാനുമാണ് പദ്ധതി. പരിസ്ഥിതി സൗഹൃദമായ ഒരു വിമാനം ലക്ഷ്യം വെക്കുന്നതുകൊണ്ട് ഗ്രീന്‍ ടെക്നോളജി അനുസരിച്ചുള്ള പ്രൊപല്‍ഷന്‍ സിസ്റ്റമാണ് വിമാനത്തില്‍ ഉപയോഗിക്കുക. പ്രാരംഭഘട്ടമായതിനാല്‍ AI വിമാനത്തിന്‍റെ ആശയം മാത്രമാണ് അവതരിപ്പിക്കപ്പെട്ടത്. തല്‍ക്കാലം വിമാനം നിര്‍മ്മിക്കാനുള്ള ആലോചനയില്ല. എന്നാല്‍ സമീപഭാവിയില്‍ തന്നെ പൈലറ്റില്ലാത്ത വിമാനങ്ങള്‍ നമ്മുടെ തലക്കുമുകളിലൂടെ പറന്നേക്കാം...