ചാറ്റ് ജിപിടിയും ഗൂഗിള്‍ ജെമിനിയും പോലുള്ള എഐ ചാറ്റ് ബോട്ടുകള്‍ തരംഗമാകുന്ന കാലത്ത് എഐ പിന്തുണയോടെ തങ്ങളുടെ ഡിജിറ്റൽ വോയ്‌സ് അസിസ്റ്റൻ്റ് സിരിയുടെ പുതിയ പതിപ്പ് പുറത്തിറക്കാൻ ആപ്പിള്‍. ജനറേറ്റീവ് എഐയുടെ സഹായത്തോടെ ഉപയോക്താക്കളുമായി കൂടുതല്‍ കാര്യക്ഷമമായി സംവദിക്കാന്‍ കഴിയുന്ന സിരിയെയാണ് ആപ്പിള്‍ ലക്ഷ്യമിടുന്നതെന്നാണ് ബ്ലൂംബെര്‍ഗിന്‍റെ റിപ്പോര്‍ട്ട്. എല്‍എല്‍എം സിരി എന്നാണ് നവീകരിച്ച വോയ്‌സ് അസിസ്റ്റന്‍റിന് ആപ്പിള്‍ നല്‍കിയിരിക്കുന്ന പേര്.
കമ്പനിയുടെ വരാനിരിക്കുന്ന iOS 19, macOS 16 സോഫ്‌റ്റ്‌വെയർ അപ്‌ഡേഷനുകളില്‍ തിരഞ്ഞെടുത്ത ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് പുതിയ സിരിയുടെ പ്രിവ്യൂ നേടാനായേക്കും എന്നാണ് റിപ്പോര്‍ട്ട്. അടുത്തവര്‍ഷം തന്നെ പുതിയ സിരി എത്തുമെങ്കിലും 2026 ഓടെ കൂടി മാത്രമേ എല്ലാ ഉപയോക്താക്കളിലേക്കും സിരി എത്തുകയുള്ളൂ. ഐഒഎസ് 19-ൻ്റെ ലോഞ്ചിനൊപ്പം ജൂണിൽ വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിൽ 2025ൽ തന്നെ സിരിയുടെ പുതിയ വേര്‍ഷനെകുറിച്ചുള്ള പ്രഖ്യാപനമുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.
ഉപയോക്താക്കളുമായി കൂടുതല്‍ കാര്യക്ഷമമായി സംവദിക്കുന്നതിനായി വിപുലമായ ഭാഷാ മോഡലുകളിലാണ് സിരിയുടെ നവീകരിച്ച പതിപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. സിരിയെ മെച്ചപ്പെട്ടരീതിയില്‍ സംവദിക്കുന്ന ബുദ്ധിശക്തിയുള്ള ഒരു സഹായിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ആപ്പിൾ. ഇതുവഴി ഉപയോക്താക്കളുമായി തുടർച്ചയായ സംഭാഷണങ്ങളിൽ ഏർപ്പെടാനും കൂടുതൽ സ്വാഭാവികമായും മനുഷ്യര്‍ തമ്മില്‍ സംസാരിക്കുന്ന രീതിയില്‍ സംവദിക്കാനും സിരിക്ക് സാധിക്കും. കൂടുതൽ സങ്കീർണ്ണമായ ജോലികൾ കൈകാര്യം ചെയ്യാനും സിരിക്ക് കഴിയും.
നിലവില്‍ ഐഒഎസ് 18 അപ്‌ഡേറ്റിൻ്റെ ഭാഗമായി ആപ്പിൾ ഇൻ്റലിജൻസ് ഉപയോഗിച്ച് സിരിയുടെ പ്രവർത്തനക്ഷമത വര്‍ധിപ്പിക്കുകയാണ് ആപ്പിള്‍. ഇത് സിരിയുടെ കഴിവ് മെച്ചപ്പെടുത്തുകയും എഐ നവീകരണത്തിന് അടിത്തറയാകുകയും ചെയ്യും. ഏകദേശം 13 വർഷം മുമ്പാണ് ആപ്പിള്‍ സിരി ആദ്യമായി പുറത്തിറക്കുന്നത്.