FILE PHOTO: The Deepseek logo is seen in this illustration taken on January 29, 2025. REUTERS/Dado Ruvic/Illustration/File Photo
പുറത്തിറങ്ങി ആഴ്ചകള്‍ക്കുള്ളില്‍ ഐ ഫോണ്‍ ഉപയോക്താക്കളുടെയും മനസ് ഡീപ് സീക്ക് കീഴടക്കി കഴിഞ്ഞു. ഐഒഎസിന്‍റെ ആപ്പ് സ്റ്റോറില്‍ നിന്നും ഡീപ് സീക്ക് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം ആപ്പിളിനെ പോലും ഞെട്ടിച്ചെന്നാണ് ടെക്ലോകത്തെ വര്‍ത്തമാനം. അതിവേഗത്തിലുള്ള പ്രതികരണവും ഉപയോഗിക്കുന്നതിലെ അനായാസതയുമാണ് ഡീപ് സീക്കിനെ ഇത്ര പോപ്പുലറാക്കിയത്. എന്നാല്‍ സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ ഐ ഫോണ്‍ ഉപയോക്താക്കള്‍ക്കുമുണ്ടെന്നതാണ് വാസ്തവം. ഡേറ്റ മുഴുവന്‍ ചൈനയിലേക്ക് എത്തുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും ഇതിനകം പുറത്തുവന്നു.
FILE PHOTO: FILE PHOTO: The deepSeek logo, a keyboard, and robot hands are seen in this illustration taken January 27, 2025. REUTERS/Dado Ruvic/Illustration/File Photo/File Photo
ഡേറ്റ എന്‍ക്രിപ്ഷന്‍ ഡീപ് സീക്കില്‍ ഇല്ലെന്നതാണ് ആശങ്കയുടെ അടിസ്ഥാനം. കാലഹരണപ്പെട്ട എന്‍ക്രിപ്റ്റഡ് കീയാണ് ഡീപ് സീക്ക് പലതിനും ഉപയോഗിക്കുന്നതെന്നും യൂസര്‍നെയിമും പാസ്വേര്‍ഡുമടക്കം ചോരാന്‍ ഇത് കാരണമാകുമെന്നും സാങ്കേതിക വിദഗ്ധര്‍ പറയുന്നു. ഇത് മാത്രമല്ല, ഉപയോക്താക്കളുടെ വിവരങ്ങള്‍ ടിക് ടോകിന്റെ മാതൃസ്ഥാപനമായ ബൈറ്റ്ഡന്‍സിലേക്ക് പോകുന്നുണ്ടെന്നും ഇത് നേരിട്ട് ചൈനീസ് സര്‍ക്കാരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടേക്കാമെന്നുമാണ് ആശങ്ക.
ഇതിന് പുറമെ വ്യക്തി വിവരങ്ങള്‍ സൈബര്‍ തട്ടിപ്പുസംഘങ്ങള്‍ ദുരുപയോഗം ചെയ്തേക്കാമെന്നും അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഏജന്‍സികള്‍, കമ്പനികള്‍, സുപ്രധാന പദവികളിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ എത്രയും വേഗം ഐഫോണുകളില്‍ നിന്ന് ഡീപ് സീക്ക് ഒഴിവാക്കണമെന്നാണ് 'നൗ സെക്യുര്‍' നിര്‍ദേശിക്കുന്നത്.
ഡേറ്റ ചോര്‍ച്ച, ഹാര്‍ഡ്കോഡഡ് കീയുടെ ദൗര്‍ബല്യം, തേര്‍ഡ് പാര്‍ട്ടി ആപ്പുകളുമായുള്ള വിവരങ്ങളുടെ കൈമാറ്റം, ഡേറ്റ വിശകലവും സൂക്ഷിക്കലും ചൈനയിലാണെന്നത് എന്നിവയാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന സുരക്ഷാ പ്രശ്നങ്ങള്‍. ഇവ രഹസ്യവിവരങ്ങളുടെയും ബൗദ്ധിക സ്വത്തുക്കളുടെയും ചോര്‍ച്ചയിലേക്കും വ്യക്തിവിവരങ്ങള്‍ പൊതുവിടത്തിലേക്ക് എത്തുന്നതിനും കാരണമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ചാറ്റ് ജിപിടിയും ഗൂഗിളിന്‍റെ ജെമിനിയും തന്നെയാണ് ഉപയോഗിക്കാന്‍ താരതമ്യേനെ സുരക്ഷിതമെന്നും കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതെന്ന അഭിപ്രായവും റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നു.