ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ എത്ര വെല്ലുവിളി നിറഞ്ഞതും വിവാദങ്ങള്‍ നിറഞ്ഞതുമാണെങ്കിലും അതില്‍ ഓപ്പണ്‍ എഐ ഉത്തരം നല്‍കും. എഐ മോഡലുകള്‍ക്ക് മേലുള്ള സെന്‍സര്‍ഷിപ്പ് നിയന്ത്രണങ്ങള്‍ മയപ്പെടുത്തിയിരിക്കുകയാണ് ഓപ്പണ്‍ എഐ. ഉപഭോക്താക്കളുടെ ആവിഷ്‌കാര സ്വാതന്ത്ര്യം മുന്‍നിര്‍ത്തിയാണ് ഓപ്പണ്‍ എഐയുടെ പുതിയ മാറ്റം.
ആളുകള്‍ക്ക് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താനും സംവാദത്തിനും സൃഷ്ടികള്‍ക്കും അവസരം നല്‍കുക എന്നതാണ് ഓപ്പണ്‍ എഐ പുതിയ മാറ്റത്തിലൂടെ ഉദ്ദേശിക്കുന്നത്. എന്നാല്‍ വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്ന തരത്തില്‍ ആയിരിക്കല്ല ഇത്. പകരം രാഷ്ട്രീയപരമായും സാംസ്‌കാരികപരമായും വൈകാരികമായ വിഷയങ്ങളിലുള്ള ചോദ്യങ്ങള്‍ക്ക് പ്രത്യേകം അജണ്ടയൊന്നുമില്ലാതെ എഐ മോഡലുകള്‍ കൂടുതല്‍ ബുദ്ധിപൂര്‍വം മറുപടി നല്‍കും എന്നാണ് ഓപ്പണ്‍ എഐ ഈ നയമാറ്റത്തെ വിശദീകരിക്കുന്നത്.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ പോലെ മറ്റുള്ളവര്‍ക്ക് ദോഷം ഉണ്ടാകുന്ന വിഷയങ്ങളിലോഴികെ ഏത് വിഷയത്തിലും പരിധിയില്ലാതെ ചര്‍ച്ച നടത്താന്‍ എഐ മോഡലുകള്‍ക്കാവുമെന്ന് ഓപ്പണ്‍ എഐ പറയുന്നത്.
കമ്പനികളുടെ സെന്‍സര്‍ഷിപ്പിനെ എതിര്‍ത്തായിരുന്നു ഡോണാള്‍ഡ് ട്രംപ് അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചിരുന്നത്. ട്രംപ് അധികാരത്തില്‍ വന്നതിന് പിന്നാലെ മെറ്റ, ആമസോണ്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ നയം മാറ്റം പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഓപ്പണ്‍ എഐയും സമാനമായ പ്രഖ്യാപനവുമായെത്തുന്നത്. ഇതിനായി ട്രംപ് ഭരണകൂടം സമ്മര്‍ദം ചെലുത്തിയോ എന്ന് വ്യക്തമല്ല.