image: Joe rogan (Instagram), X
ഉല്‍സവത്തിനിടെ ആന ഇടഞ്ഞുവെന്ന വാര്‍ത്ത നമുക്ക് കേട്ടും കണ്ടുമെല്ലാം പരിചയമുണ്ട്. റോബോട്ടുകളുടെയും എഐയുടെയും കാലത്ത് ആശങ്ക ജനിപ്പിക്കുന്ന മറ്റൊരു വാര്‍ത്തയാണ് ചൈനയില്‍ നിന്നും പുറത്തുവരുന്നത്. ഈ മാസമാദ്യം വടക്കുകിഴക്കന്‍ ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന സ്പ്രിങ് ഫെസ്റ്റിവലിലാണ് എഐ റോബോട്ട് അക്രമാസക്തനായത്. കാണാനെത്തിയ ആളുകളെ റോബോട്ട് തല്ലിപ്പതം വരുത്തുന്നതിന്‍റെ വിഡിയോയാണ് പുറത്തുവരുന്നത്.
യൂണിട്രീ റോബോട്ടിക്സിന്‍റെ ഹ്യുമനോയിഡ് ഏജന്‍റ് എഐ അവതാറാണ് അക്രമം നടത്തിയത്. റോബോട്ട് ആളുകളെ തല്ലിച്ചതയ്ക്കുന്നത് കണ്ടതും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി പിടിച്ചു മാറ്റുകയായിരുന്നു.
സോഫ്റ്റ്വെയറില് വന്ന തകരാറാണ് റോബോട്ടിന്‍റെ തല്ലിപ്പൊളി സ്വഭാവത്തിന് കാരണമായതെന്നാണ് കമ്പനിയുടെ വിശദീകരണം. സുരക്ഷാ പരിശോധനകളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് റോബോട്ടിനെ പുറത്തിറക്കിയതെന്നും കമ്പനി അവകാശപ്പെട്ടു. വിഡിയോ കണ്ട നിരവധിപ്പേര്‍,ഭാവിയില്‍ റോബോട്ടുകളുടെ ഇത്തരം അക്രമം പൊതുസ്ഥലത്ത് സഹിക്കേണ്ടി വരുമെന്നും ജീവന്‍ തന്നെ നഷ്ടമായേക്കാമെന്നുമെല്ലാം ആളുകള്‍ ആശങ്കപ്പെടുന്നുണ്ട്.
ഇതാദ്യമായല്ല, റോബോട്ടുകള്‍ മനുഷ്യനെ ആക്രമിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്. ടെസ്ലയുടെ ടെക്സസിലെ ഫാക്ടറിയില്‍ ഒരു എന്‍ജിനീയറെ റോബോട്ട് അടിച്ച് കൊന്നിരുന്നു. ഇത്തരം അക്രമങ്ങള്‍ക്കെല്ലാം കാരണമായി കമ്പനികള്‍ സോഫ്റ്റ്വെയര് തകരാറുകളെയാണ് ചൂണ്ടിക്കാട്ടിയിരുന്നത്. നിര്‍മിത ബുദ്ധി ഉപയോഗിച്ച് റോബോട്ടിനെ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അതുകൊണ്ട് തന്നെ ഇക്കാര്യം വെല്ലുവിളിയാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.