ആപ്പിളിന്‍റെ വെര്‍ച്വല്‍ അസിസ്റ്റന്‍റായ സിരിയുമായി ബന്ധപ്പെട്ട സ്വകാര്യത കേസ് 95 മില്യണ്‍ ഡോളര്‍ (ഏകദേശം 807.5 കോടി രൂപ) കൊടുത്ത് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കലിഫോര്‍ണിയിലെ ഓക്‌ലൻഡിലെ ഫെഡറല്‍ കോര്‍ട്ടില്‍ നടക്കുന്ന കേസാണ് കമ്പനി പണം നല്‍കി തീര്‍പ്പാക്കാന്‍ സമ്മതിച്ചിരിക്കുന്നത്.
സിരി ഉപഭോക്താക്കളുടെ അറിവോടെയല്ലാതെ സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്യുന്നു എന്നാതാണ് പരാതി. കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക ഒത്തുതീർപ്പ് ഹര്‍ജി യു.എസ് ജഡ്ജിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
ഹേയ്, സിരി എന്നി വാക്കുകള്‍ പറഞ്ഞാല്‍ മാത്രമെ വോയിസ് അസിസ്റ്റന്‍റ് സിസ്റ്റം പ്രവര്‍ത്തിക്കുകയുള്ളൂ എന്നാണ് ആപ്പിള്‍ അവകാശപ്പെട്ടിരുന്നത്. വോയ്‌സ് അസിസ്റ്റൻ്റായ സിരി ഉപഭോക്താക്കളുടെ അറിവോടെയല്ലാതെ സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്യുകയും പരസ്യക്കാര്‍ക്ക് വിവരങ്ങള്‍ നല്‍കുകയും ചെയ്തു എന്നാണ് പരാതി.
സിരി ലഭ്യമായ ആപ്പിള്‍ ഉപകരണങ്ങളുടെ സാന്നിധ്യത്തില്‍ എയര്‍ ജോര്‍ഡന്‍, സ്‌നീക്കേഴ്‌സ്, ഒലിവ് ഗാര്‍ഡന്‍ റസ്‌റ്റോറന്‍റ് എന്നിങ്ങനെ പറഞ്ഞ സമയത്ത് ഇവയുടെ പരസ്യം വരുന്നു എന്ന് പരാതിക്കാര്‍ പറയുന്നു. ഡോക്ടറുമായി സര്‍ജിക്കല്‍ ചികിത്സാ ബ്രാന്‍ഡിനെ പറ്റി സംസാരിച്ചപ്പോള്‍ അതിന്‍റെ പരസ്യം കാണാനിടവന്നു എന്നാണ് മറ്റൊരു പരാതി.
കോടതി ഒത്തുതീര്‍പ്പിന് അംഗീകാരം നല്‍കുകയാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് റീഫണ്ട് ലഭിക്കും. 2014 സെപ്റ്റംബര്‍ 17 മുതല്‍ 2024 ഡിസംബര്‍ 31 വരെ സിരി പ്രവര്‍ത്തനക്ഷമമായ ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് റീഫണ്ട് ക്ലെയിം ചെയ്യാനാകുക.
20 ഡോളര്‍ റീഫണ്ട് ലഭിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്. സമർപ്പിച്ച ക്ലെയിമുകളുടെ എണ്ണം അനുസരിച്ച് അന്തിമ തുക വ്യത്യാസപ്പെടാം. കയ്യിലുള്ള ആപ്പിള്‍ ഡിവൈസിന്‍റെ എണ്ണം അനുസരിച്ച് ക്ലെയിം നല്‍കാനാകും.
2014 മുതലുള്ള ആപ്പിളിന്‍റെ ലാഭമായ 705 ബില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ സെറ്റിൽമെന്റ് തുക താരതമ്യേന ചെറുതാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 93.74 ബില്യണ്‍ ഡോളറാണ് ആപ്പിളിന്‍റെ ലാഭം.
ദീർഘകാലം നീണ്ടു നില്‍ക്കുന്ന വിചാരണ ഒഴിവാക്കാനും കേസ് കോടതിയിൽ പോയിരുന്നെങ്കിൽ നല്‍കേണ്ടി വരുന്ന 1.5 ബില്യൺ ഡോളർ പിഴ ഒഴിവാക്കാനുമാണ് ആപ്പിളിന്‍റെ ശ്രമമെന്നും നിയമവിദഗ്ധർ വിലയിരുത്തുന്നു. കേസിൽ ഉപഭോക്താക്കളുടെ അഭിഭാഷകർക്ക് 29.6 മില്യൺ ഡോളർ വരെ ഫീസായി ലഭിച്ചേക്കാമെന്ന് അസോസിയേറ്റഡ് പ്രസും റിപ്പോർട്ട് ചെയ്യുന്നു.