AI Generated Image

AI Generated Image

പ്രസവത്തിനു പിന്നാലെ മരിച്ചു എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ യുവതി 45 മിനിറ്റിനുശേഷം ജീവിതത്തിലേക്ക് തിരികെയെത്തി. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. മാരിസ ക്രിസ്റ്റിയെന്ന യുവതിയാണ് മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിനു പിന്നാലെ മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം (എഎഫ്ഇ) എന്ന അതിസങ്കീര്‍ണവും അപൂർവവുമായ അവസ്ഥയായിരുന്നു യുവതിക്കുണ്ടായത്. പിന്നാലെ യുവതി ക്ലിനിക്കലി മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

യുവതി തന്നെയാണ് ആശുപത്രിയിൽവച്ചുണ്ടായ അസാധാരണ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്. സിസേറിയനിലൂടെയാണ് മൂന്നു കുട്ടികളെയും പുറത്തെടുത്തത്. പ്രസവസമയത്ത് അമ്നിയോട്ടിക് ഫ്ലൂയിഡ് അമ്മയുടെ രക്തത്തിൽ പ്രവേശിക്കും. എന്നാല്‍ ഇത് അമ്മയ്ക്ക് അലർജി ഉണ്ടാക്കുന്ന അപൂർവ അവസ്ഥയാണ് അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം (എഎഫ്ഇ). ഒരുലക്ഷം ജനനങ്ങളിൽ 2.5 പേർക്ക് മാത്രമേ ഈ അവസ്ഥ ഉണ്ടാകാറുള്ളൂ. അമേരിക്കയില്‍ 40,000ൽ ഒരാൾക്ക് എന്ന നിലയിലാണ് എഎഫ്ഇയുടെ നിരക്ക്. ഇതില്‍ തന്നെ 80-85 ശതമാനം കേസുകളിലും എഎഫ്ഇ അതീവഗുരുതരമായി മാറാറുണ്ട്. ജീവന്‍ അപകടത്തിലാകുകയും ചെയ്യാം.

പ്രസവത്തിനു പിന്നാലെ യുവതിയേയും എഎഫ്ഇ ബാധിച്ചു. യുവതിയുടെ ശ്വാസം നിലച്ചു, ഡോക്ടർമാർ സിപിആർ നടത്താൻ തുടങ്ങിയപ്പോൾ പൾസ് ഇല്ലായിരുന്നു. ശരീരത്തില്‍ നിന്നും രക്തം നഷ്ടപ്പെട്ടിരുന്നതിനാൽ രക്തം കയറ്റിയെങ്കിലും പുരോഗതിയുണ്ടായില്ല. പിന്നാലെയാണ് ക്ലിനിക്കൽ ഡെത്ത് സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചത്. എന്നാല്‍ എല്ലാവരെയും ആശ്ചര്യപ്പെടുത്തി 45 മിനിറ്റിനുശേഷം യുവതി ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഒരാഴ്ചയായി യുവതി അബോധാവസ്ഥയിലായിരുന്നു. ഉറക്കമുണര്‍ന്നപ്പോള്‍ താന്‍ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതായിപ്പോലും യുവതിക്ക് ഓര്‍മ്മയില്ലായിരുന്നു. നിലവില്‍ അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ENGLISH SUMMARY:

A woman declared dead after childbirth miraculously came back to life 45 minutes later. The incident occurred in Texas, USA, involving Marisa Christy, who had just given birth to triplets. She suffered from Amniotic Fluid Embolism (AFE), a rare and complex condition. Doctors initially pronounced her clinically dead following the complications.