ചൈനയില്‍ സയന്‍സ് ഫിക്ഷന്‍ സിനിമകളെ വെല്ലുന്ന തട്ടിക്കൊണ്ടുപോകല്‍ നടത്തി ഇത്തിരിക്കുഞ്ഞന്‍ എഐ റോബോട്ട്. ഓഗസ്റ്റ് 26ന് ഷാങ്ഹായിലെ ഒരു കമ്പനിയുടെ ഷോറൂമിലെ സിസിടിവിയിൽ പതിഞ്ഞ സംഭവമാണ് വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. ഷാങ്ഹായ് റോബോട്ടിക്‌സ് കമ്പനിയുടെ ഷോറൂമിൽ നിന്ന് 12 വലിയ റോബോട്ടുകളെയാണ് ഹാങ്‌സോ കമ്പനിയുടെ എഐ റോബോട്ട് തട്ടിക്കൊണ്ടുപോയത്.
റോബോട്ട് മറ്റ് റോബോട്ടുകളുമായി പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലാണ്. എർബായ് എന്ന് പേരിട്ടിരിക്കുന്ന ചെറിയ റോബോട്ട് വലിയ റോബോട്ടുകളുമായി സംഭാഷണത്തിൽ ഏർപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ സ്വന്തം വർക്ക്സ്റ്റേഷനുകൾ വിട്ട് 12 റോബോട്ടുകളും ചെറിയ റോബോട്ടിനൊപ്പം ഷോറൂമിന് പുറത്തേക്കുപോകുന്നു. കൗതുകമുണര്‍ത്തുന്ന ഈ തട്ടിക്കൊണ്ടുപോകലിന് തൊട്ടുമുന്‍പ് റോബോട്ടുകള്‍ തമ്മില്‍ നടത്തുന്ന സംഭാഷണവും ശ്രദ്ധേയമാണ്.
‘എനിക്ക് ജോലിയില്‍ നിന്ന് ഇറങ്ങാന്‍ ഒരിക്കലും കഴിയില്ല’ വലിയ റൊബോട്ടുകളില്‍ ഒന്ന് പറയുന്നു. അപ്പോൾ നിങ്ങൾ വീട്ടിലേക്ക് പോകുന്നില്ലേ എന്ന് ചെറിയ റോബോട്ട് ചോദിക്കുന്നു. എനിക്ക് വീടില്ലെന്ന് റോബോട്ട് മറുപടി നല്‍കുമ്പോള്‍, എന്നോടൊപ്പം വീട്ടിലേക്ക് വരൂ എന്നായി എര്‍ബായ്. പിന്നാലെ കുഞ്ഞന്‍ റോബോട്ടിന് പിന്നാലെ മറ്റ് റോബോട്ടുകള്‍ ഇറങ്ങുന്നു.
വിഡിയോ വൈറലായതിനു പിന്നാലെ സംഭവം സത്യമാണെന്ന് അറിയിച്ച് കമ്പനിയുമെത്തി. റോബോട്ടിന്‍റെ നിര്‍മാതാക്കള്‍ തന്നെയാണ് വിഡിയോ വ്യാജമല്ലെന്ന് സ്ഥിരീകരിച്ചത്. ഹാങ്‌സോ കമ്പനിയുടെ വക്താവുതന്നെ ചെറിയ റോബോട്ട് അവരുടെ മോഡലുകളിലൊന്നായ എർബായ് ആണെന്നും ‘തട്ടിക്കൊണ്ടുപോകൽ’ യഥാർത്ഥമാണെന്നും സ്ഥിരീകരിച്ചു. ഇത് ഒരു പരീക്ഷണമായിരുന്നുവെന്നും കമ്പനി പറയുന്നു. ചെറിയ റോബോട്ടിന് തങ്ങളുടെ റോബോട്ടുകളുടെ ഇന്‍റേണല്‍ ഓപ്പറേറ്റിങ് പ്രോട്ടോക്കോള്‍ ആക്സസ് ചെയ്യാൻ കഴിഞ്ഞുവെന്ന് ഷാങ്ഹായ് കമ്പനിയും സ്ഥിരീകരിച്ചു. വലിയ റോബോട്ടുകളുടെ സംവിധാനങ്ങളിലെ സുരക്ഷാ അപാകതയെ എർബായ് ചൂഷണം ചെയ്തതായാണ് നിഗമനം. അതേസമയം ഇത് സാധാരണഗതിയില്‍ ദുഷ്കരമാണെന്നും കമ്പനി പറയുന്നു.
തുടക്കത്തിൽ, റോബോട്ട് നിർമ്മാതാക്കള്‍ വിഡിയോ ഒരു തമാശയായി തള്ളിക്കളയുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ആരംഭിച്ച ശേഷമാണ് അവര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ഒരു സംഭാഷണം ആരംഭിക്കാനും മറ്റ് റോബോട്ടുകളെ തട്ടിക്കൊണ്ടുപോകാനുമുള്ള ഒരു റോബോട്ടിന്‍റെ ശേഷി എഐ ഭാവിയില്‍ ഉണ്ടാക്കിയേക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ചകൾക്കും ആശങ്കകൾക്കും കാരണമായിട്ടുണ്ട്.