പൊലീസായാല്‍ അച്ചടക്കം പ്രധാനമാണ്. അത് പൊലീസ് ഉദ്യോഗസ്ഥനായാലും പൊലീസ് നായയായാലും. അച്ചടക്കമില്ലെങ്കില്‍ നടപടി ഉറപ്പ്. അങ്ങനെ നടപടി നേരിട്ടിരിക്കുകയാണ് ചൈനയിലെ ആദ്യ കോർഗി പൊലീസ് നായ ഫുസായി. മോശം പെരുമാറ്റത്തെ തുടര്‍ന്ന് പൊലീസ് നായയ്ക്കുള്ള ഇയര്‍ എന്‍ഡ് ബോണസ് ഫുസായിക്ക് ലഭിക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
ഡ്യൂട്ടിക്കിടെ ഉറങ്ങിയതിനും ഭക്ഷണ പാത്രത്തിൽ മൂത്രമൊഴിച്ചതിനുമാണ് നടപടിയെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലെ ഫുസായിയുടെ അക്കൗണ്ടില്‍ ജനുവരി 19 ന് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അച്ചടക്ക നടപടി നേരിട്ട കാര്യം പറയുന്നത്. ഫുസായിയുടെ 2024 ലെ സംഭാവനകൾ എടുത്തുകാണിക്കുന്നതാണ് വിഡിയോ.
പോലീസ് നായ്ക്കൾക്കുള്ള ലെവൽ 4 പരീക്ഷ ഫുസായി വിജയിച്ചെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നതും വിഡിയോയിലുണ്ട്. ഇതിന് ഫുസായിക്ക് ചുവന്ന പൂവും സ്നാക്സും സമ്മാനമായി നല്‍കി. സമീപകാലത്തെ പെരുമാറ്റം, ജോലി സമയത്ത് ഉറക്കം, ഭക്ഷണ പാത്രത്തില്‍ മൂത്രമൊഴിക്കല്‍ എന്നിവ കാരണം വാര്‍ഷിക ബോണസ് നഷ്ടപ്പെടുമെന്നും സ്നാക്സ് പിഴയായി ഈടാക്കും എന്നും പൊലീസുകാരന്‍ പറയുന്നു. ശേഷം വനിതാ പൊലീസ് സ്നാക്സ് തിരികെയെടുക്കുന്നതും വിഡിയോയില്‍ കാണാം.
2023 ഓഗസ്റ്റ് 28 നാണ് ഫ്യുസായി ജനിക്കുന്നത്. 2024 ജനുവരിയിലാണ് ഷാൻഡോങ് പ്രവിശ്യയിലെ വെയ്ഫാങ്ങിലെ പോലീസ് നായ പരിശീലന കേന്ദ്രത്തിലെത്തുന്നത്. ചാംഗിൾ കൗണ്ടി പബ്ലിക് സെക്യൂരിറ്റി ബ്യൂറോയിലെ പരിശീലകനായ ഷാവോ ക്വിങ്‌ഷുവായ് ആണ് ഫുസായിയെ പൊലീസിലേക്ക് കൈമാറുന്നത്. രണ്ട് മാസം പ്രായമുള്ള നായക്കുട്ടിയെ പാർക്കിൽ നിന്നാണ് ക്വിങ്‌ഷുവായ് കണ്ടെത്തുന്നത്.
നായ പോലീസ് നായ്ക്കൾക്കുള്ള കർശനമായ മാനദണ്ഡങ്ങൾ പൂര്‍ത്തിയാക്കി 2024 ഒക്ടോബറിലാണ് ഫുസായിക്ക് പൂർണ്ണ പോലീസ് നായ പദവി ലഭിച്ചത്. സ്‌ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിലാണ് ഫ്യുസായിയുടെ മിടുക്ക്. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ 'കോര്‍ഗി പൊലീസ് ഡോഗ് ഫുസായി ആന്‍ഡ് ഇറ്റ്സ് കോമ്രേഡ്സ്' എന്ന അക്കൗണ്ടില്‍ നായയുടെ ഡെയ്‍ലി ലൈഫ് വിഡിയോകള്‍ ഷെയര്‍ ചെയ്യാറുണ്ട്. വെയ്ഫാങ് പബ്ലിക്ക് സെക്യൂരിറ്റി ബ്യൂറോ മാനേജ് ചെയ്യുന്ന അക്കൗണ്ട് 3.84 ലക്ഷം പേരാണ് പിന്തുടരുന്നത്.