നമ്മള്‍ കണ്ടിട്ടുള്ള സ്ക്രീനും കീബോര്‍ഡുമുള്ള ലാപ്ടോപുകളുടെ കാലമൊക്കെ പോകുന്നു. സ്ക്രീനില്ലാത്ത ലാപ്ടോപ്പ് എന്നൊക്കെ കേട്ടാല്‍ വിശ്വസിക്കാന്‍ സാധിക്കുമോ? സ്ക്രീനിന് പകരം ഉപഭോക്താവിന് കിട്ടുക ഒരു ഓഗ്മെന്‍ഡ് റിയലാറ്റിയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണടകളാണ്. പുതിയ പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുന്നത് സൈറ്റ്ഫുള്‍ സ്പെയ്സ്ടോപ് ജി1 എന്ന ലാപ്ടോപ് നിര്‍മാതാക്കളാണ്.
സ്ക്രീന്‍ ഇല്ലെന്ന് കരുതി വിഷമിക്കേണ്ട, തന്നിരിക്കുന്ന കണ്ണടകള്‍ 100 ഇഞ്ച് വലുപ്പമുള്ള സ്ക്രീന്‍ പ്രൊജക്ട് ചെയ്യും. ഇത് ഒരു വലിയ സക്രീനായോ, പലതായി വിഭജിച്ച് ചെറിയ സ്ക്രീനുകളാക്കി പല ജോലിക്ക് ഉപയോഗിക്കുകയുമാകാം. മാത്രമല്ല, മോണിറ്റര്‍ കണക്ട് ചെയ്യാന്‍ യുഎസ്ബി സി പോര്‍ട്ടുകളുമുണ്ട് .ജോലികള്‍ സുഗമമാക്കാനാണ് ആ എആര്‍ ലാപ്ടോപ് എന്നാണ് കമ്പനിയുടെ വിശദീകരണം. ഇരട്ട ഓലെഡ് ഡ്‌സ്‌പ്ലെകളാണ് സ്‌ക്രീന്‍. ഇത് ഒറ്റ മോണിട്ടറായോ, രണ്ടെണ്ണമായോ ഉപയോഗിക്കാം. ഇവയ്ക്ക് 90ഹെട്‌സ് വരെ റിഫ്രെഷ് റെയ്റ്റും ഉണ്ട്.
ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ ക്യൂസിഎസ്8550 പ്രൊസസറാണ് ഈ സ്പെയ്സ്ടോപ്പിന്‍റെ ശക്തി.16ജിബി റാം, 128ജിബി ആന്തരിക സംഭരണശേഷി എന്നിവയും ഉണ്ട്. സ്‌പെയ്‌സ്ഓഎസ് ആണ് ഓപ്പറേറ്റിങ് സിസ്റ്റം. പുതിയ ലാപ്‌ടോപ് സങ്കല്‍പ്പത്തിന്റെ സാധ്യതകള്‍ അറിയാന്‍ പുറത്തിറക്കിയിരിക്കുന്നസ്‌പെയ്‌സ്‌ടോപ്പിന് ഗെയിമിങ് ശേഷി കുറവായിരിക്കും.അതേസമയം, ടെക്‌സ്റ്റ് എഡിറ്റിങ്, വെബ് ബ്രൗസിങ്, പ്രസന്റേഷന്‍ നടത്തുക തുടങ്ങിയ ദൈനംദിന ജോലികള്‍ മികച്ച രീതിയില്‍ നിര്‍വ്വഹിക്കാനും സാധിക്കും. എആര്‍ ഗ്ലാസില്‍ മൈക്രോഫോണും സ്പീക്കറും ഉള്ളതിനാല്‍ അതണിഞ്ഞ് ഓണ്‍ലൈന്‍ മീറ്റിങുകളില്‍ പങ്കെടുക്കുകയും ചെയ്യാം.
ആപ്പിള്‍ വിഷന്‍ പ്രോ, മെറ്റ ക്വെസ്റ്റ് 3 തുടങ്ങിയവ പോലെ അത്ര അഡ്വാന്‍സ്ഡ് അല്ല സ്പെയ്സ്ടോപ് ജി1 എന്ന് നിര്‍മാതാക്കള്‍ പറയുന്നു. അതേസമയം വിമാനത്തിലും ആള്‍ക്കൂട്ടത്തിനിടയിലും ഇത് മികച്ച് പ്രവര്‍ത്തനം കാഴ്ച്ചവെയ്ക്കുമെന്ന് അവകാശപ്പെടുന്നുമുണ്ട്. കണ്ണട ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേകം ലന്‍സുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. സൈറ്റ്ഫുള്‍ സ്പെയ്സ്ടോപ് ജി1ന് വില 1900(1,58,028 ഇന്ത്യൻ രൂപ) ഡോളറാണ്. ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് 200 ഡോളര്‍ കിഴിവു നല്‍കുമെന്ന് കമ്പനി. ലാപ്‌ടോപ്പ് ഒക്ടോബര്‍ മുതല്‍ ഉപഭോക്താക്കളിലേക്ക് എത്തും