Image Credit: Instagram

TOPICS COVERED

ആപ്പിൾ തങ്ങളുടെ പ്രീമിയം മോഡലായ ഐഫോൺ 16 സീരീസ് അവതരിപ്പിച്ചതിന് പിന്നാലെ ഈ മോഡല്‍ എന്ന് വിപണിയിലെത്തും എന്നറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. മോഡല്‍ വിപണിയിലെത്തിയതിന് പിന്നാലെ ആപ്പിള്‍ സ്റ്റോറുകളില്‍ വന്‍ തിക്കും തിരക്കുമാണ് കാണാന്‍ സാധിക്കുന്നത്. ആദ്യ ഐ ഫോണ്‍ സ്വന്തമാക്കാന്‍ പുലര്‍ച്ചെ മുതല്‍ ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ കാത്തുകെട്ടി കിടന്നവരും ഏറെയാണ്. എന്നാലിപ്പോഴിതാ ഐ ഫോണ്‍ ആദ്യം തന്നെ സ്വന്തമാക്കാന്‍ കൊച്ചിയില്‍ നിന്നും ദുബായിലേക്ക് പറന്നിരിക്കുകയാണ് ധീരജ് പള്ളിയിൽ. എല്ലാവര്‍ഷവും ഐ ഫോണ്‍ തങ്ങളുടെ പുത്തന്‍ സീരിസ് ഇറക്കുന്നതിന് പിന്നാലെ തന്നെ അത് സ്വന്തമാക്കുന്ന ധീരജ് ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. ദെയ്റ സിറ്റി സെന്ററിലെ ഐസ്റ്റൈൽ സ്റ്റോറിലെത്തി ധീരജ് ഐഫോൺ 16 പ്രോ മാക്സ് മോഡല്‍ സ്വന്തമാക്കി. 

വർഷങ്ങളായി ആപ്പിൾ ഏത് ഫോൺ ഇറക്കിയാലും ധീരജ് പള്ളിയിൽ അത് വാങ്ങാനായി ദുബായിലെത്തുക പതിവാണ്. ഐഫോൺ 16 പ്രോ മാക്‌സിന്റെ 256 ജിബി വേർഷനാണ് ധീരജ് സ്വന്തമാക്കിയത്. ഡെസെർട് ടൈറ്റാനിയം നിറത്തിലുള്ള ഐഫോണാണ് ധീരജ് തിരഞ്ഞെടുത്തത്. ഐഫോൺ 16 പ്രോ മാക്‌സ് സ്വന്തമാക്കാന്‍ 5,200 ദിർഹമാണ് ധീരജിന് ചിലവായത്. അതായത് ഏകദേശം 1,18,286 ഇന്ത്യൻ രൂപ. ഐഫോണ്‍ 11 മുതല്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഐഫോണ്‍ 15 വരെ ദുബായില്‍ എത്തിയാണ് ധീരജ് വാങ്ങിയിട്ടുള്ളത്.

അതേസമയം വില്‍പ്പന ആരംഭിച്ചതിന് പിന്നാലെ ഇന്ത്യയിലും ആപ്പിളിന്‍റെ പുതിയ മോഡലിനായി മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കുകയാണ് ഐ ഫോണ്‍ ആരാധകര്‍. ഇന്ത്യയില്‍ ഇന്ന് രാവിലെ 8മണിമുതലാണ് ഐ ഫോണ്‍ 16 വില്‍പന തുടങ്ങിയത്. ഐ ഫോണ്‍ 16 പ്രൊ മാക്സ് വാങ്ങാന്‍ ഇന്നലെ രാവിലെ 11 മണി മുതല്‍ തന്നെ ആളുകള്‍ വരിയായി നില്‍ക്കുകയാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1,19.900 രൂപയാണ് ഐ ഫോണ്‍ 16 പ്രോയുടെ ഇന്ത്യയിലെ വില. പ്രോ മാക്സിന്‍റെ വില 1,44,900ത്തില്‍ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. 128 ജിബി, 256 ജിബി,512 ജിബി, 1 ടിബി എന്നിങ്ങനെയുള്ള സ്റ്റോറേജോട് കൂടിയാണ് ഐ ഫോണ്‍ 16 പ്രോയും ഐ ഫോണ്‍ 16 പ്രൊ മാക്സും വിപണിയില്‍ എത്തുന്നത്. ഐ ഫോണുകളില്‍ ഏറ്റവും വലിയ സ്ക്രീനും ഇത്തവണ ഇറങ്ങിയ ഫോണിലാണുള്ളത്. 6.3 ഇഞ്ച് മുതല്‍ 6.9 ഇഞ്ച് വരെയാണ് ഐ ഫോണ്‍ 16 സീരിസിന്‍റെ ഡിസ്പ്ലേ.

ENGLISH SUMMARY:

India man flies to Dubai to buy Apple iPhone 16 early