ഇന്ത്യയുള്‍പ്പെടെ 97 രാജ്യങ്ങളില്‍ നിന്നുള്ള ഐഫോണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ചാര സോഫ്റ്റ്‌വെയറുകള്‍ ശ്രമിക്കുന്നതായി ടെക് ഭീമന്‍ ആപ്പിളിന്‍റെ മുന്നറിയിപ്പ്. ഈ വര്‍ഷം ആപ്പിള്‍ പുറപ്പെടുവിക്കുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ മുന്നറിയിപ്പാണിത്. കഴിഞ്ഞ ഏപ്രിലിലും സമാന മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം ചില പ്രത്യേക ആളുകളെ മാത്രം ലക്ഷ്യമിട്ടാണ് ശ്രമമെന്നും ആപ്പിള്‍ പറയുന്നു.
‘നിങ്ങളുടെ ആപ്പിള്‍ ഐഡിയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഐഫോണിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ ചാര സോഫ്റ്റ്‌വെയര്‍ ലക്ഷ്യമിടുന്നു’ എന്നാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന നോട്ടിഫിക്കേഷന്‍. നിങ്ങള്‍ ആരാണ്, നിങ്ങള്‍ എന്താണ് ചെയ്യുന്നത്, എന്നെല്ലാം മുന്‍കൂട്ടി അറിഞ്ഞാണ് നിങ്ങളെ ലക്ഷ്യം വയ്ക്കുന്നതെന്നും. ദയവായി മുന്നറിയിപ്പ് ഗൗരവമായി എടുക്കാനും ആപ്പിള്‍ ആവശ്യപ്പെടുന്നുണ്ട്.
നവംബറില്‍ പ്രതിപക്ഷ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഐഫോണിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ ‘സര്‍ക്കാര്‍ സ്പോണ്‍സേഡ് ഹാക്കര്‍മാര്‍’ ശ്രമിച്ചിട്ടുണ്ടാകാമെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ മുന്നറിയിപ്പില്‍ സര്‍ക്കാര്‍ സ്പോണ്‍സേഡ് എന്ന് ഉപയോഗിച്ചിട്ടില്ല.
അതേസമയം പെഗാസസ് സ്പൈവെയർ പോലുള്ള ഇത്തരം ആക്രമണങ്ങൾ സാധാരണ സൈബർ ആക്രമണങ്ങളേക്കാള്‍ വളരെ അപൂർവവും സങ്കീർണ്ണവുമാണെന്നാണ് എന്ന് കമ്പനി പറയുന്നത്. കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടുന്നത് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ രക്ഷപ്പെടാന്‍ സഹായിക്കുമെന്നും ഇവരെ കണ്ടെത്താന്‍ ഇൻ്റലിജൻസ് അന്വേഷണങ്ങൾ ഉള്‍പ്പെടെ നടക്കുന്നുണ്ടെന്നും ആപ്പിള്‍ അറിയിച്ചു. തങ്ങളുടെ ഉപകരണങ്ങളും അക്കൗണ്ടുകളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ ഉപയോക്താക്കളോടും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.
2021 മുതൽ 150ലധികം രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് ആപ്പിൾ ഇത്തരം മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. നൂതന ചാര സോഫ്റ്റ്‌വെയറുകളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ തുടർച്ചയാണിത്. ഈ വർഷം ഏപ്രിലിൽ പെഗാസസ് പോലുള്ള സ്പൈവെയറുകള്‍ 92 രാജ്യങ്ങളിലെ തിരഞ്ഞെടുത്ത ഉപയോക്താക്കളെ ലക്ഷ്യമിടുന്നതായി കമ്പനി മുന്നറിയിപ്പ് നല്‍കിയിരുന്നു.