ഐഫോണ്‍ 16 സീരീസ് പുറത്തിറങ്ങാന്‍ വെറും ഒരു മാസം മാത്രം അവശേഷിക്കെ, ആപ്പിള്‍ ഉപയോക്താക്കളുടെ ആകാംക്ഷയേറ്റി പുതിയ സീരീസിന്‍റെ ഫീച്ചറുകള്‍ പുറത്ത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സെപ്റ്റംബറില്‍ പുതിയ സീരീസ് അവതരിപ്പിക്കും. ഐഫോണ്‍16. ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നിങ്ങനെ നാല് വേരിയന്‍റുകളാണ് പുറത്തിറങ്ങാനിരിക്കുന്നത്.
ടിപ്സ്റ്റര്‍ ഇന്‍സ്റ്റന്‍റ് ഡിജിറ്റല്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം 3,577 എംഎഎച്ച് ബാറ്റററിയിലാണ് ഐഫോണ്‍ 16 പ്രോ പുറത്തിറങ്ങുക. ടോപ് എന്‍ഡ് വേരിയന്‍റായ ഐഫോണ്‍ 16 പ്രോ മാക്‌സിന്‍റെ ബാറ്ററി കപ്പാസിറ്റി 4,676 എംഎഎച്ച് ആയിരിക്കും. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഐഫോണ്‍ 15 പ്രോ, പ്രോ മാക്സ് മോഡലുകളെ അപേക്ഷിച്ച് 9% വും 5% വും വര്‍ധനയാണ് ബാറ്ററി കപ്പാസിറ്റിയില്‍ പ്രതീക്ഷിക്കുന്നത്. ബാറ്ററി കപ്പാസിറ്റി മാത്രമല്ല ചാര്‍ജിങ് കപ്പാസിറ്റിയിലും മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് ആപ്പിള്‍. ഐഫോണ്‍ 16 പ്രോ, പ്രോ മാക്‌സ് മോഡലുകളില്‍ 40 വാട്ട്‌സ് വയേഡ് ഫാസ്റ്റ് ചാര്‍ജര്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. പ്രോ മാക്‌സിന് 30 മണിക്കൂർ ബാറ്ററി ലൈഫ് നൽകാൻ കഴിഞ്ഞേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
5 നിറങ്ങളിൽ പുതുക്കിയ ക്യാമറ യൂണിറ്റുകളോടെയാണ് ഐഫോണ്‍ 16 എത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്പേഷ്യൽ ചിത്രങ്ങളും വിഡിയോകളും വിഷൻ പ്രോയ്ക്കായി ഷൂട്ട് ചെയ്യാനാണിതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഐഫോൺ 16 ന് 6.1 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയും ഐഫോൺ 16 പ്ലസ് 6.7 ഇഞ്ച് ഒഎൽഇഡി സ്‌ക്രീനും ലഭിക്കുമെന്നാണ് പ്രതീക്ഷ. ആപ്പിൾ ഇന്റലിജൻസിനെ പിന്തുണയ്ക്കുന്നതിനായി 8ജിബി റാമുള്ള ബയോണിക് പ്രോസസറായിരിക്കും ഫോണിലുണ്ടാകുക. ഐഫോൺ 15 പ്രോ മോഡലുകൾക്കൊപ്പം അവതരിപ്പിച്ച ക്യാപ്ചർ ബട്ടണും എത്തിയേക്കും. മികച്ച ലോ-ലൈറ്റ് പ്രകടനം, മെച്ചപ്പെട്ട സൂം, മികച്ച വിഡിയോ റെക്കോർഡിങ് എന്നിവയുൾപ്പെടെ ക്യാമറ സാങ്കേതികവിദ്യയിലും മാറ്റമുണ്ടായേക്കും.
അതേസമയം, ആപ്പിളിന്‍റെ എഐ ഫീച്ചറായ ആപ്പിള്‍ ഇന്‍റലിജന്‍സ് ഐഒഎസ് 18 അപ്‌ഡേറ്റിനൊപ്പം ഉണ്ടാകില്ലെന്നും പകരം ഈ സവിശേഷതകൾ ഐഒഎസ് 18.1 അപ്‌ഡേറ്റ് വഴി ഒക്ടോബറിൽ പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ചാറ്റ് ജിപിടി ഇന്‍റഗ്രേഷന്‍, ജെന്‍മോജി തുടങ്ങിയ വലിയ അപ്ഡേറ്റുകളില്‍ ചിലത് വർഷാവസാനമോ അടുത്ത വർഷം ആദ്യമോ എത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.