2025 ആകുമ്പോള്‍ പുത്തന്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങാമെന്ന് കരുതിയിരിക്കുന്നവരുടെ കീശ നന്നായി ചോര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്മാര്‍ട്ട്ഫോണ്‍ കൂടുതല്‍ 'സ്മാര്‍ട്ടാ'കുന്നതാണ് ഈ വിലക്കയറ്റത്തിന് കാരണം. ഫോണ്‍ നിര്‍മാണത്തിനുള്ള ഘടകങ്ങളുടെ വില ഉയരുന്നതും 5 ജിയിലേക്ക് പൂര്‍ണമായും മാറുന്നതും എഐയുടെ പുത്തന്‍ പതിപ്പുകളുമെല്ലാം ചേരുന്നതാണ് സ്മാര്‍ട്ട്ഫോണിന്‍റെ വില ഉയര്‍ത്തുന്നതെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആഗോള വില്‍പ്പന ശരാശരി വിലയില്‍ ഈ വര്‍ഷം മൂന്ന് ശതമാനം വര്‍ധനയാണ് ഉണ്ടായത്. അടുത്ത വര്‍ഷമാകുന്നതോടെ ഇത് അഞ്ച് ശതമാനമായി വര്‍ധിക്കും. കരുത്തുറ്റ പ്രൊസസറും മികവാര്‍ന്ന എഐ സങ്കേതകങ്ങളും സ്മാര്‍ട്ട്ഫോണുകളിലേക്ക് കൂടുതലായി കൂട്ടിച്ചേര്‍ത്തതോടെയാണ് ചെലവും കൂടുന്നത്.
നിര്‍മിത ബുദ്ധിയുമായി ആളുകള്‍ കൂടുതല്‍ സുപരിചിതരായതോടെ എഐ ഫീച്ചറുകള്‍ക്ക് ഫോണിലും പ്രിയമേറി. ഇതോടെ നിര്‍മാതാക്കള്‍ സിപിയു, എന്‍പിയു, ജിപിയു എന്നിവയിലേക്ക് ഗൗരവമായ ശ്രദ്ധ നല്‍കി. സാങ്കേതിക മികവിനൊപ്പം മികച്ച പെര്‍ഫോമന്‍സ് നല്‍കുന്ന ഫോണ്‍ വിപണിയിലെത്തിക്കണമെന്നത് ലക്ഷ്യമായതോടെ നിര്‍മാണച്ചെലവ് വര്‍ധിക്കുകയായിരുന്നു.
പ്രവര്‍ത്തനക്ഷമതയേറിയയും എന്നാല്‍ ചെറുതുമായ ചിപ്പുകളാണ് ഏറ്റവും പുതിയ മോഡലുകളിലുള്ളത്. ഇത് നടപ്പിലാക്കാനായി വന്‍ നിക്ഷേപമാണ് പഠന ഗവേഷണങ്ങള്‍ക്കും വികസിപ്പിച്ചെടുക്കുന്നതിനുമായെല്ലാം വേണ്ടി വന്നിട്ടുള്ളത്. ഹാര്ഡ്വെയര് രംഗത്തെ പുരോഗതിക്കൊപ്പം സോഫ്റ്റ്വെയറുകള് കൂടുതല്‍ സങ്കീര്‍ണമായതും മൊബൈല്‍ ഫോണുകളുടെ നിര്‍മാണച്ചെലവ് വര്‍ധിപ്പിക്കുന്നു. വിലയധികം ഉയര്‍ത്താതെ, എന്നാല്‍ ഏറ്റവും പുതിയ പരമാവധി സൗകര്യങ്ങളോടുകൂടി ഫോണ്‍ വിപണിയിലെത്തിക്കുകയെന്നതാണ് നിര്‍മാതാക്കള്‍ നേരിടാന്‍ പോകുന്ന വെല്ലുവിളി. മികച്ച കാമറയും ഏറ്റവും സ്മാര്‍ട്ടായ എഐ അസിസ്റ്റന്‍റിനെയും ഉപഭോക്താക്കള്‍ക്ക് കയ്യിലൊതുങ്ങുന്ന വിലയില്‍ നല്‍കുകയാണ് ലക്ഷ്യമെന്ന് നിര്‍മാതാക്കളും വ്യക്തമാക്കുന്നു.