പങ്കാളിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ ലീക്കാകുമോയെന്ന് ഇനി ഭയക്കേണ്ട. 'ഡിജിറ്റൽ കോണ്ടം' പുറത്തിറക്കി ജർമ്മൻ കമ്പനി. ജർമ്മൻ ലൈംഗികാരോഗ്യ ബ്രാൻഡായ ബില്ലി ബോയ്, ഇൻനോഷ്യൻ ബെർലിനുമായി സഹകരിച്ചാണ് ഇത്തരത്തിൽ ഒരു നൂതനാശയം അവതരിപ്പിച്ചത്.
രണ്ടു വ്യക്തികൾ തമ്മിലുള്ള സ്വകാര്യനിമിഷങ്ങളിൽ അനധികൃത റെക്കോർഡിങ്ങുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി കാംണ്ടം എന്ന 'ഡിജിറ്റല്‍ കോണ്ടം' ആശയം അവതരിപ്പിച്ചിരിക്കുന്നത്. റിവഞ്ച് പോണ്‍ എന്നറിയപ്പെടുന്ന, സ്വകാര്യ നിമിഷങ്ങളുടെ വിഡിയോകള്‍ പുറത്ത് വിടുന്ന സംഭവങ്ങള്‍ വ്യാപകമായ സാഹചര്യത്തിലാണ് കമ്പനി ഇത്തരമൊരു ആശയവുമായി മുന്നോട്ടുവന്നത്.
'കാംണ്ടം' ആപ്പ് ഉപയോഗിക്കുന്നതിലൂടെ അനുവാദമില്ലാതെ ആര്‍ക്കും ഫോട്ടോകളോ വിഡിയോകളോ എടുക്കാന്‍ സാധിക്കില്ല. സ്വകാര്യനിമിഷങ്ങളിൽ, ഉപയോക്താക്കൾക്ക് അവരുടെ സ്‌മാർട്ട്‌ഫോണുകളിലെ വെർച്വൽ ബട്ടൺ അമർത്തി എല്ലാ കാമറകളും മൈക്രോഫോണുകളും ബ്ലോക്ക് ചെയ്യാൻ സാധിക്കും.
അഥവാ ആരെങ്കിലും ആപ്പ് പ്രവര്‍ത്തനരഹിതമാക്കാന്‍ ശ്രമിച്ചാല്‍ പ്രത്യേകതരം അലാറം മുഴങ്ങുന്ന തരത്തിലുളള സുരക്ഷാ നടപടിയും ആപ്പ് സ്വീകരിച്ചിട്ടുണ്ട്. ആൻഡ്രോയ്ഡ് ഫോണുകളിൽ മാത്രമാണ് ഇപ്പോള്‍ ഈ സേവനം ലഭ്യമായിട്ടുള്ളത്. ഉടന്‍ തന്നെ , iOSലും ആപ്പ് ലോഞ്ച് ചെയ്യാന്‍ ലക്ഷ്യമിടുന്നതായി കമ്പനി വ്യക്തമാക്കി.
ആപ്പ് പ്രവര്‍ത്തിപ്പിക്കേണ്ടതെങ്ങനെ?
ആദ്യം ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. സ്വകാര്യ നിമിഷങ്ങള്‍ക്ക് മുന്‍പ് പങ്കാളികള്‍ സ്മാര്‍ട്ട്ഫോണുകള്‍ അടുത്തടുത്ത് വയ്ക്കുകയും ബ്ലോക്ക് ആക്ടീവാക്കാന്‍ അപ്ലിക്കേഷനിലെ വെര്‍ച്വല്‍ ബട്ടണ്‍ താഴേക്ക് സൈ്വപ്പ് ചെയ്യുകയുംവേണം. ബ്ലോക്ക് ലംഘിച്ച് വിഡിയോയോ ഓഡിയോയോ റെക്കോര്‍ഡ് ചെയ്യാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അലാറം മുഴങ്ങും. ഒരേസമയം ഒന്നിലധികം ഉപകരണങ്ങളെ തടയാനും ആപ്പിന് കഴിയും.