AI Generated Image

മഹാരാഷ്ട്രയില്‍ സ്മാര്‍ട്ട് ഫോണ്‍ ലഭിക്കാത്തിന്‍റെ പേരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. പിന്നാലെ മകന്‍ ജീവനൊടുക്കിയ വിഷമത്തില്‍ പിതാവും ആത്മഹത്യ ചെയ്തു. ഛത്രപതി സാംഭാജിനഗറിലാണ് ദാരുണമായ സംഭവം നടന്നത്. ഇരുവരെയും നന്ദേഡ് ഗ്രാമത്തിലെ മരത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കര്‍ഷകനായ പിതാവിന് മൂന്ന് മക്കളാണുള്ളത്. അവരില്‍ ഏറ്റവും ഇളയവനാണ് മരിച്ച പത്താംക്ലാസുകാരന്‍ ഓംകാർ. ലാത്തൂർ ജില്ലയിലെ ഉദ്ഗീറിലെ ഹോസ്റ്റലില്‍ താമസിച്ചു പഠിച്ചുകൊണ്ടിരുന്ന കുട്ടി മകരസംക്രാന്തി ആഘോഷിക്കാനാണ് വീട്ടിലെത്തിയത്. അക്കാദമിക് ആവശ്യങ്ങൾക്കായി സ്മാർട്ട്‌ഫോൺ വാങ്ങി നല്‍കാന്‍ കുട്ടി പിതാവിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം മൊബൈല്‍ വാങ്ങി നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

ബുധനാഴ്‌ച വൈകുന്നേരം കുട്ടി വീണ്ടും മൊബൈല്‍ വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കൃഷിയിടത്തിനും വാഹനത്തിനും വേണ്ടി എടുത്ത കടം തിരിച്ചടച്ചതിനാൽ സ്‌മാർട്ട്‌ഫോൺ വാങ്ങാൻ കഴിയില്ലെന്ന് പിതാവ് പറഞ്ഞു. ഇതില്‍ മനംനൊന്ത് കുട്ടി വീടുവിട്ടിറങ്ങി. കുട്ടി ഉറങ്ങാൻ കൃഷിയിടത്തിൽ പോയിരിക്കാമെന്നാണ് മാതാപിതാക്കൾ കരുതിയത്. പിറ്റേന്ന് രാവിലെയും വീട്ടിൽ തിരിച്ചെത്താത്തതിനാൽ മാതാപിതാക്കളും സഹോദരന്മാരും തിരച്ചിൽ ആരംഭിച്ചു. കൃഷിയിടത്തില്‍ ആദ്യമെത്തിയ പിതാവാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സ്വന്തം മകന്‍ ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത് പിതാവ് കുട്ടിയുടെ മൃതദേഹം അഴിച്ചെടുത്ത് താഴെ കിടത്തി മകന്‍ ആത്മഹത്യ ചെയ്ത അതേ കയറില്‍ തൂങ്ങിമരിക്കുകയായിരുന്നു. കുട്ടിയെ അന്വേഷിച്ചിറങ്ങിയ മറ്റ് കുടുംബാഗങ്ങളാണ് കൃഷിയിടത്തില്‍ ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും സിവിൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം വ്യാഴാഴ്ച വൈകുന്നേരത്തോടെ മൃതദേഹങ്ങള്‍ ഗ്രാമത്തില്‍ സംസ്കാരിച്ചു. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അപകട മരണത്തിന് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണവും നടക്കുകയാണ്.

ENGLISH SUMMARY:

A teenager in Maharashtra took his life over not getting a smartphone, and his father, devastated by the loss, also committed suicide.