ആപ്പിളിന്‍റെ ബജറ്റ് സ്മാര്‍ട്ട് ഫോണായ ഐഫോൺ എസ്ഇ 4 പ്രതീക്ഷിച്ചതിലും വേഗത്തിൽ വിപണിയിൽ എത്തുമെന്ന് റിപ്പോര്‍ട്ട്. 2025 മാര്‍ച്ചോടെയെങ്കിലും ആപ്പിള്‍ ഐഫോണ്‍ എസ്ഇ4 വിപണിയില്‍ അവതരിപ്പിച്ചേക്കും. iPhone SE 2, SE 3 എന്നിവയും മാര്‍ച്ച്– ഏപ്രില്‍ മാസങ്ങളിലാണ് ആപ്പിള്‍ അവതരിപ്പിച്ചിട്ടുള്ളത്. ബജറ്റ് ഉപഭോക്താക്കളെയാണ് സ്മാര്‍ട് ഫോണ്‍ ലക്ഷ്യമിടുന്നതെങ്കിലും മെച്ചപ്പെട്ട ഹാര്‍ഡ്വെയര്‍ അപ്‌ഗ്രേഡുകളുള്ള ഒരു ‘പഞ്ച് പാക്കാ’ണ് കാത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐഫോൺ 14 ൻ്റെ ഡിസൈനിലായിരിക്കും ഐഫോൺ എസ്ഇ 4 എത്തുക. നിലവിലെ എസ്ഇ മോഡലുകളിൽ നിന്ന് ശ്രദ്ധേയമായ മാറ്റമാണിത്. 6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേ, മെച്ചപ്പെട്ട ഫേസ് ഐഡി സംവിധാനങ്ങള്‍, 48 മെഗാപിക്സൽ പിൻ ക്യാമറ, 12 എംപി സെല്‍ഫി ക്യാമറ, എന്നിവ പുതിയ മോഡലില്‍ പ്രതീക്ഷിക്കാം. ആപ്പിളിന്‍റെ സ്വന്തം 5ജി മോഡം, എ18 ചിപ്, 3,279 എംഎഎച്ച് ബാറ്ററി, 8 ജിബി റാം എന്നിവയും പുതിയ മോഡലിന്‍റെ സവിശേഷതകളായിരിക്കും. ആപ്പിള്‍ ഇന്‍റലിജന്‍സ് ലഭ്യമാവുന്ന ഏറ്റവും വില കുറഞ്ഞ ഐഫോണായിരിക്കുമിതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിരി, ഫോട്ടോ എഡിറ്റിങ് ടൂളുകള്‍ തുടങ്ങിയ എഐ സംവിധാനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.
ഐഫോണുകൾക്കായുള്ള മോഡങ്ങളുടെ നിലവിലെ വിതരണക്കാരായ ക്വാൽകോമിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് 2018 മുതൽ കമ്പനി സ്വന്തം 5ജി മോഡത്തിൽ പ്രവർത്തിക്കുന്നത്. എന്നിരുന്നാലും 2026 വരെ നീണ്ടുനിൽക്കുന്ന ക്വാൽകോമുമായുള്ള മോഡം വിതരണ കരാർ ഈ വർഷമാദ്യം ആപ്പിൾ നീട്ടിയിരുന്നു. ക്രമേണ ഇൻ-ഹൗസ് സൊല്യൂഷനിലേക്ക് മാറാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഐഫോൺ എസ്ഇ 4 ല്‍ ആപ്പിളിൻ്റെ 5 ജി മോഡം അവതരിപ്പിക്കുകയാണെങ്കിൽ കമ്പനിയുടെ ഹാർഡ്‌വെയർ രൂപകൽപ്പനയിൽ ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും. എന്നിരുന്നാലും ക്വാൽകോമിന്‍റെ സാങ്കേതികവിദ്യയെക്കാൾ ആപ്പിളിൻ്റെ മോഡം എത്രത്തോളം മെച്ചപ്പെട്ടതായിരിക്കുമെന്ന് കണ്ടറിയണം. മികച്ച കണക്റ്റിവിറ്റിയോ മെച്ചപ്പെട്ട ബാറ്ററി ലൈഫോ ഇതിന് നല്‍കാനാകുമോ എന്നതാണ് പ്രധാന ചോദ്യം. നേരത്തേ കമ്പനിയുടെ വരാനിരിക്കുന്ന ഐഫോൺ 17 എയറിൽ ആപ്പിളിന്‍റെ 5 ജി മോഡം ഉൾപ്പെടുത്താമെന്ന് അനലിസ്റ്റ് മിംഗ്-ചി കുവോ മുമ്പ് നിർദ്ദേശിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.