ആപ്പിള്‍ ഐഫോണ്‍ ശൃംഖലയിലെ തന്നെ ഏറ്റവും ആരാധകരുള്ള ഫോണായിരുന്നു ഐഫോണ്‍ എസ് ഇ. ഇതിന്‍റെ വിജയത്തിനുപിന്നാലെ ഐഫോണ്‍ എസ് ഇയുടെ രണ്ടും മൂന്നും തലമുറ ഫോണുകള്‍ പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ ആരാധകര്‍ ഏറെ കാത്തിരുന്ന ഐഫോണ്‍ എസ് ഇ 4 ന്‍റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ആപ്പിള്‍. 2025 മാര്‍ച്ച് ആദ്യവാരം ഫോണ്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐഫോണ്‍ എസ് ഇ 4 ആ പേരിലല്ല പുറത്തിറങ്ങുക എന്നതാണ് ശ്രദ്ധേയമായ കാര്യം. ഐഫോണ്‍ 16e എന്ന പേരിലായിരിക്കും പുറത്തിറങ്ങുക. ഐഫോണ്‍ 16 സീരീസിലെ അഞ്ചാമത്തെ ഫോണായിരിക്കും ഇത്. 6.1ഇഞ്ച് വലിപ്പമുള്ള OLED ഡിസ്പ്ളേയായിരിക്കും ഫോണിനുണ്ടാവുക. ഇത്തരം ഡിസ്പ്ലേകളുടെ പ്രൊഡക്ഷന്‍ ഇതിനോടകം തുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 48 മെഗാപിക്സലിന്‍റെ റിയര്‍ ക്യാമറയാണ് ഫോണിന്‍റെ പ്രധാന ആകര്‍ഷണം. ഐഫോണ്‍ 14 ന് സമാനമായ ഡിസൈനില്‍ അലൂമിനിയവും ഗ്ലാസും ചേര്‍ന്ന ബോഡിയാണ് ഫോണിന്‍റേത്. യു എസ് ബി സി ടൈപ്പാണ് ചാര്‍ജിങ് പോര്‍ട്ട്. A18 ബയോണിക് ചിപ്പാണ് ഫോണിന്‍റെ പ്രധാന ശക്തികേന്ദ്രം. 8GB RAM മികച്ച ഗെയിമിങ് അനുഭവം തരും. AI സവിശേഷതകള്‍ക്കും മെഷീന്‍ ലേണിങിനും പുറമെ മികച്ച പെര്‍ഫോമന്‍സും ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 3,279mAhആണ് ബാറ്ററി ലൈഫ്. എസ് ഇ 3യേക്കാള്‍ അധികമാണ് ഇത്.
എസ് ഇ 4ല്‍ ടച്ച് ഐഡിക്ക് പകരം ഫേസ് ഐഡിയായിരിക്കും.ആയതുകൊണ്ട് തന്നെ എസ് ഇ കൂടുതല്‍ സെക്യൂരിറ്റിയും വാഗ്ദാനം ചെയ്യുന്നു.ഐഫോണ്‍16ല്‍ ഉണ്ടായിരുന്ന ആക്ഷന്‍ ബട്ടണ്‍ എസ് ഇ 4ലും ഉണ്ടാകും. ഇതിലൂടെ ഷോര്‍ട്ട്കട്ടുകള്‍ ക്രമീകരിക്കാനും ആപ്പുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും കഴിയും. ആപ്പിള്‍ ഏറ്റവും വില കുറച്ച് വില്‍ക്കുന്നു എന്ന് അവകാശപ്പെടുന്ന എസ് ഇ 3യുടെ ഇന്ത്യയിലെ വില 43,900 രൂപയായിരുന്നു. എസ് ഇ 4 ഇന്ത്യയില്‍ 51,000 രൂപയ്ക്കും 56,000 രൂപയ്ക്കുമിടയിലായിരിക്കും ലഭിക്കുക.