Untitled design - 1

TOPICS COVERED

ഗൂഗിള്‍ ക്രോം ഉപഭോക്താക്കള്‍ക്കായി സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജെന്‍സി റെസ്പോണ്‍സ് ടീം. ഉപഭോക്താക്കള്‍ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും പുതിയ വേര്‍ഷനിലേക്ക് ആപ്പ് അപ്ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. ക്രോമിന്‍റെ പഴയ വേര്‍ഷനില്‍ തകരാറുകള്‍ കണ്ടതിനെതുടര്‍ന്നായിരുന്നു മുന്നറിയിപ്പ്.ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജെന്‍സി റെസ്പോണ്‍സ് ടീമിന്‍റെ നിര്‍ദേശമനുസരിച്ച് വിന്‍ഡോസ് ആപ്പിള്‍ എന്നിവയില്‍ ഗൂഗിള്‍ ക്രോമിന്‍റെ 132.0.6834.110/111 വേര്‍ഷനില്‍ താഴെയുള്ളവയും,  ലിനക്സിന്‍റെ 132.0.6834.110 വേര്‍ഷനില്‍ താഴെയുള്ള പതിപ്പുകളും ക്രോം ഒ.എസിന്‍റെ 16093.68.0 വേര്‍ഷന് മുന്‍പുള്ളവയും ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം. തകരാറുകള്‍ പരിഹരിക്കാതെ മുന്നോട്ടുപോയാല്‍, ഗുരുതരമായ സുരക്ഷാ ഭീഷണികൾ ഉണ്ടാകുകയും, ഉപഭോക്താക്കളുടെ സിസ്റ്റവും ഡേറ്റയും അപകടത്തിലാവുകയും ചെയ്യും.

അതിനെ തുടർന്ന്, ഡെസ്ക്ടോപ്പ് പ്ലാറ്റ്‌ഫോമുകളിൽ ഗൂഗിള്‍ ക്രോമിന്‍റെ പാളിച്ചകൾ പരിഹരിക്കുന്ന ഒരു സ്റ്റേബിൾ ചാനൽ അപ്‌ഡേറ്റ് ഗൂഗിള്‍ പുറത്തിറക്കി. ഈ അപ്‌ഡേറ്റ് അടുത്ത ദിവസങ്ങളിൽ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാകുമെന്നും ഗൂഗിള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സമാനമായി ക്രോംബുക്ക് ഉപഭോക്താക്കളും സുരക്ഷ മുന്നില്‍ക്കണ്ട് ക്രോം ഒ.എസിന്‍റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അവരുടെ ഡിവൈസുകൾ അപ്‌ഡേറ്റ് ചെയ്യാനും ഗൂഗിള്‍ നിര്‍ദേശിക്കുന്നു.  ഈ അപ്‌ഡേറ്റുകൾ ഉടൻ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് വഴി ഗൂഗിള്‍ ക്രോമില്‍ കണ്ടുവരുന്ന സുരക്ഷാഭീഷണികള്‍ ഒരുപരിധിവരെ തടയാൻ കഴിയും. 

ഉപഭോക്താക്കൾ അവരുടെ ബ്രൗസർ അല്ലെങ്കിൽ ക്രോം ഒ.എസ് ഉപകരണത്തിന്‍റെ സെറ്റിംഗ്സ് മെനുവിൽ പോയി അപ്‌ഡേറ്റ് ലഭ്യമാണോയെന്ന് പരിശോധിക്കാവുന്നതാണ്. സൈബർ ഭീഷണികള്‍ ദിനംപ്രതി വര്‍ധിക്കുന്ന  സാഹചര്യത്തിൽ ഓൺലൈൻ സുരക്ഷ നിലനിർത്തുന്നതിനും സംരക്ഷണവും ഉറപ്പാക്കുന്നതിനും ഇത്തരം പരിശോധനകള്‍ നിർണായകമാണ്.  

ഇതിന് മുന്‍പും CERT-In ഗൂഗിള്‍ ക്രോം ഉപഭോക്താക്കൾക്കായി അടിയന്തര ഉപദേശം പുറപ്പെടുവിച്ചിരുന്നു, ഇതില്‍ ഗുരുതരമായ സുരക്ഷാ പിഴവുകളും എടുത്തുകാണിക്കുകയുണ്ടായി.CIVN-2024-0282 എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഈ കേടുപാടുകൾ, ദൂരെയുള്ള സൈബര്‍ ആക്രമണകാരികളെ ഉപഭോക്താക്കളുടെ സിസ്റ്റങ്ങൾ നിയമവിരുദ്ധമായി ആക്‌സസ് ചെയ്യാൻ അനുവദിച്ചേക്കാം. വിന്‍ഡോസിലും മാക് OS-ലും 128.0.6613.119/.120- വേര്‍ഷന് മുന്‍പുള്ള പതിപ്പുകളും Linux-ൽ 128.0.6613.119 വേര്‍ഷന് മുന്‍പുള്ള പതിപ്പുകളും ഇത്തരത്തില്‍ തകരാറുകള്‍ ഉണ്ടായേക്കാന്‍ സാധ്യതയുള്ളവയായി കണക്കാക്കുന്നു.

ENGLISH SUMMARY:

beware google chrome users govt issues high risk alert heres how to safeguard your devices