തൊടുക്കുമ്പോള്‍ ഒന്നും പതിക്കുമ്പോള്‍ പത്തുമായി മാറാന്‍ ശേഷിയുള്ള 'മിഷന്‍ ദിവ്യാസ്ത്ര' രാജ്യം വിജയകരമായി പരീക്ഷിച്ചപ്പോള്‍ അഭിമാനത്തോടെ പുഞ്ചിരിക്കുകയാണ് പ്രോഗ്രാം ഡയറക്ടറായ ഷീന റാണി.  പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിലെ ശാസ്ത്രജ്ഞയും തിരുവനന്തപുരം സ്വദേശിയുമാണ് ഷീന. അഗ്നി മിസൈലിന്‍റെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ഷീന , ഹൈദരാബാദ് ആസ്ഥാനമായ അഡ്വാൻസ്ഡ് സിസ്റ്റംസ് ലബോറട്ടറിയിൽ ശാസ്ത്രജ്ഞയാണ്. സിഇടി നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിരുദമെടുത്ത ശേഷം തിരുവനന്തപുരം വി.എസ്‌.എസ്‌.സി.യിൽ 8 വർഷം ജോലി ചെയ്തു. പൊഖ്‌റാൻ ആണവ പരീക്ഷണത്തിന്റെ ഭാഗമായ ശേഷമാണ് ഷീന പ്രതിരോധ ഗവേഷണ വികസന വിഭാഗത്തിലെത്തിയത്.

ഡോ. ശങ്കരിയായിരുന്നു പ്രോഗ്രാമിന്‍റെ പ്രൊജക്ട് ഡയറക്ടര്‍. ഉഷ വര്‍മ, നീരജ, വിജയലക്ഷ്മി, വെങ്കിട്ടമണി എന്നീ വനിതാശാസ്ത്രജ്ഞരും ദൗത്യത്തില്‍ നിര്‍ണായകമായ പങ്ക് വഹിച്ചു. 

എന്താണ് ഇന്ത്യയുടെ പുതിയ ദിവ്യാസ്ത്രം

ഒരേസമയം ശത്രുവിന്‍റെ ഒന്നിലേറെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കെല്‍പ്പുള്ള അഗ്നി 5 ഭൂഖണ്ഡാന്തര ആണവ ബലിസ്റ്റിക് മിസൈലിന്‍റെ പരിഷ്കരിച്ച പതിപ്പാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. എം.ഐ.ആര്‍.വി(മള്‍ട്ടിപ്പിള്‍ ഇന്‍ഡിപെന്‍ഡന്‍റ്ലി ടാര്‍ഗറ്റഡ് റീ എന്‍ട്രി വെഹിക്കിള്‍)  സാങ്കേതിക വിദ്യയാണ് പുതിയ പതിപ്പില്‍ ഉപയോഗിച്ചത്. ഇതോടെ ഒറ്റ മിസൈല്‍ കൊണ്ട് തന്നെ 5000 കിലോമീറ്ററിലേറെ ദൂരെയുള്ള ഒന്നിലധികം ലക്ഷ്യങ്ങളില്‍ കനത്ത പ്രഹരമേല്‍പ്പിക്കാനുള്ള ശേഷിയാണ് രാജ്യം കൈവരിച്ചത്. അമേരിക്ക, യു.കെ, ഫ്രാന്‍സ്, ചൈന, റഷ്യ എന്നീ രാജ്യങ്ങളാണ് നിലവില്‍ എം.ഐ.ആര്‍.വി സാങ്കേതിക വിദ്യയുള്ള മിസൈലുകള്‍ കൈവരിച്ച രാജ്യങ്ങള്‍. 2021 ഒക്ടോബറിലാണ് അഗ്നി–5 വിജയകരമായി പരീക്ഷിച്ചത്. 5000–6000 കിലോമീറ്റര്‍ വരെയാണ് അഗ്നി 5ന്‍റെ ദൂരപരിധി. ഇത് വിജയമായതിന് പിന്നാലെയാണ് വിവിധ പരീക്ഷണങ്ങള്‍ ഇതില്‍ നടത്തിയത്. 

ശബ്ദത്തെക്കാള്‍ 24 മടങ്ങുവരെ വേഗം

50,000 കിലോഗ്രാമാണ് അഗ്നി5 ബലിസ്റ്റിക് മിസൈലിന്‍റെ പുതിയ പതിപ്പിന്‍റെ ആകെ ഭാരം. 17.5 മീറ്റര്‍ നീളവുമുണ്ട്. 1500 കിലോഗ്രാം ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മിസൈലിന് ശബ്ദത്തേക്കാള്‍ 24 മടങ്ങ് വരെ വേഗത കൈവരിക്കാനാകും. 

ദിവ്യാസ്ത്രത്തിന്‍റെ പ്രവര്‍ത്തനം ഇങ്ങനെ..

ഭൂമിയില്‍ നിന്ന് തൊടുത്തുവിടുന്ന മിസൈല്‍ അന്തരീക്ഷത്തിന് പുറത്തെത്തി തിരികെ പ്രവേശിക്കുന്ന റീ എന്‍ട്രി പോയിന്‍റ് ശേഷമാണ്  മിസൈലില്‍ നിന്നും മറ്റ് മിസൈലുകള്‍ വേര്‍പെടുന്നത്. മുന്‍കൂട്ടി പ്രോഗ്രാം ചെയ്ത് വച്ചിരിക്കുന്നതിനനുസൃതമായി ഇവ വേര്‍പിരിഞ്ഞ് വിവിധ ലക്ഷ്യങ്ങളിലേക്ക് പായും. ഇനി ലക്ഷ്യത്തോട് അടുക്കുമ്പോള്‍ ശത്രു ഇതിനെ തിരിച്ചറിഞ്ഞെന്നിരിക്കട്ടെ, നൊടിനേരം കൊണ്ട് പറക്കലിന്‍റെ ഗതി മാറ്റാനുള്ള സാങ്കേതിക വിദ്യയും ഇതില്‍ പ്രോഗ്രാം ചെയ്തിട്ടുണ്ട്. നേരത്തെ അഗ്നി പ്രൈം മിസൈലില്‍ മനൂവ്റബ്ള്‍ റീ എന്‍ട്രി വെഹിക്കിള്‍ (എം.എ.ആര്‍.വി) എന്ന ഈ സാങ്കേതിക വിദ്യ ഇന്ത്യ പരീക്ഷിച്ച് വിജയിച്ചിരുന്നു.

ENGLISH SUMMARY:

Sheena Rani, Malayali scientist who led Mission Divyastra