TOPICS COVERED

പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചറിന്‍റെ പരീക്ഷണം  വിജയകരമായി പൂര്‍ത്തീകരിച്ച് ഡിആര്‍ഡിഒ. യു.എസിന്‍റെ ഹിമാര്‍സിനോട് കിടപിടിക്കുന്ന സംവിധാനമാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പിനാക.

ഒരേ സമയത്ത് ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് ഉന്നം വയ്ക്കുന്നതിലെ കൃത്യത, ക്ഷമത, ഇന്ധനത്തിന്‍റെ ജ്വലനം എന്നിവയില്‍ കേന്ദ്രീകരിച്ചായിരുന്നു ഫ്‌ളൈറ്റ് ടെസ്റ്റ്. രണ്ട് പിനാക ലോഞ്ചറുകളില്‍ നിന്നായി 12 റോക്കറ്റുകളാണ് പരീക്ഷിച്ചത്. 75 കിലോമീറ്ററാണ് പിനാകയുടെ ദൂരപരിധി.ഇത് 300 കിലോമീറ്ററായി ക്രമേണെ വര്‍ധിപ്പിക്കാനാണ് സൈന്യം ലക്ഷ്യമിടുന്നത്. 

18 ലോഞ്ചറുകളാണ് ഒരു പിനാക മള്‍ട്ടിപ്പിള്‍ ബാരല്‍ ലോഞ്ചറിലുണ്ടാവുക. ഇതിലോരോന്നും 12 വീതം ലോഞ്ചര്‍ ട്യൂബുകളില്‍ നിന്ന് ശത്രുവിന് മേല്‍ തീതുപ്പും. 60 കിലോമീറ്റര്‍ അകലെയുള്ള ശത്രുവിന് മേല്‍ ഏഴുടണ്‍ സ്‌ഫോടക വസ്തു വര്‍ഷിക്കാന്‍ പിനാകയ്ക്ക് വെറും 44 സെക്കന്റ് മതി. സംഭവിച്ചതെന്തെന്ന് ആലോചിക്കാന്‍ നേരം കിട്ടും മുന്‍പ് ശത്രു ചാമ്പലാകുമെന്ന് സാരം.  പരമശിവന്‍റെ വില്ലാണ് പിനാക.    ഡിആര്‍ഡിഒ മള്‍ട്ടി ബാരല്‍ ലോഞ്ചറിന് ആ പേര് സ്വീകരിച്ചതും അതില്‍ തിന്ന് തന്നെ  

ഇനേര്‍ഷ്യല്‍ നാവിഗേഷന്‍ സംവിധാനത്തിലാണ്  പിനാക പ്രവര്‍ത്തിക്കുക. കംപ്യൂട്ടര്‍ സംവിധാനം വഴി  സഞ്ചാരപാത നിരീക്ഷക്കാം. റേഡിയോ തരംഗമായി നല്‍കുന്ന നിര്‍ദേശങ്ങള്‍  ഓരോ 20 മൈക്രോസെക്കന്റിലും പിനാകയിലെത്തും. ഇതനുസരിച്ച് അത് സ്വയം സഞ്ചാരപാത ക്രമീകരിക്കുമെന്നും ഡിആര്‍ഡിഒ വിശദീകരിക്കുന്നു. 

റോക്കറ്റ് സംവിധാനം ഇന്ത്യന്‍ സൈന്യത്തിന് കൈമാറുന്നതിന് മുന്‍പുള്ള എല്ലാ പരീക്ഷണങ്ങളും  പൂര്‍ത്തിയായെന്നും ഡിആര്‍ഡിഒ വ്യക്തമാക്കി. പിനാക വാങ്ങാന്‍ അര്‍മേനിയ ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. ഫ്രാന്‍സ് താല്‍പര്യം പ്രകടിപ്പിച്ചുവെന്നും വരുന്ന ആഴ്ചകളില്‍ തന്നെ പിനാക പരീക്ഷിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

പൂണെയിലെ രണ്ട് ഡിആര്‍ഡിഒ ലബോറട്ടറികളിലായാണ് പിനാകയുടെ റോക്കറ്റ് ലോഞ്ചര്‍ വികസിപ്പിച്ചത്. ലാര്‍സന്‍ ആന്‍റ് ടര്‍ബോ, ടാറ്റ പവര്‍ കമ്പനി എന്നിവയും പിനാകയുടെ നിര്‍മാണ-വികസനത്തില്‍ പങ്കാളികളായി. ഇവയ്ക്ക് പുറമെ ഭാരത് എര്‍ത് മൂവേഴ്‌സ്, ട്രാക്ടേഴ്‌സ് ഇന്ത്യ ലിമിറ്റഡ്, അര്‍മാറ്റിക് എഞ്ചിനീയറിങ്, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്, ഭാരത് ഡൈനാമിക്‌സ്, മിധാനി, ഇസിഐഎല്‍ എന്നിവയും പിനാകയുടെ നിര്‍മാണ-വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു

നാല് പിനാക റജിമെന്റുകളാണ് നിലവില്‍ സൈന്യത്തിനുള്ളത്. ആറെണ്ണം കൂടി ഉടന്‍  സജ്ജമാകും. . കാര്‍ഗില്‍ യുദ്ധ സമയത്ത് റഷ്യന്‍ നിര്‍മിത ഗ്രാഡ് BM 21 റോക്കറ്റ് ലോഞ്ചറിന് പകരമായാണ് പിനാക ആദ്യമായി ഉപയോഗിച്ചത്. വെറും 37.5 കിലോമീറ്റര്‍ മാത്രം ദൂരപരിധിയുണ്ടായിരുന്ന പിനാക മാര്‍ക് I വന്‍നാശമാണ് ഉയരമേറിയ ക്യാംപുകളില്‍ തമ്പടിച്ചിരുന്ന പാക് നുഴഞ്ഞുകയറ്റക്കാര്‍ക്കിടയില്‍ വിതച്ചത്.

പ്രഹരശേഷി തിരിച്ചറിഞ്ഞ സൈന്യം തദ്ദേശീയമായി റോക്കറ്റ് ലോഞ്ചര്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചതോടെ പിനാകയുടെ കരുത്തുറ്റ രൂപം പിറന്നു. അരക്കിലോമീറ്റര്‍ മാത്രമായിരുന്നു പിനാക മാര്‍ക് I ന്റെ കൃത്യത. പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനായി 2016 ല്‍ സൈന്യം 'എന്‍ഹാന്‍സ് പിനാക' പ്രൊജക്ടിന് രൂപം നല്‍കി.

75 കിലോമീറ്റായി പിനാകയുടെ ദൂരപരിധി വര്‍ധിപ്പിക്കാനും 10 മീറ്ററായി ലക്ഷ്യസ്ഥാനം ഉയര്‍ത്തുകയുമായിരുന്നു ലക്ഷ്യം. ഭീകരകേന്ദ്രം, ശത്രുവിന്റെ പോസ്റ്റ്്, ക്യാംപുകള്‍ എന്നിവ അതിര്‍ത്തിയിലേക്ക് സൈനികരെ അയയ്ക്കാതെ തന്നെ തകര്‍ക്കാനുള്ള ശേഷിയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. 

ENGLISH SUMMARY:

India successfully completed the flight tests of Pinaka weapon system, 12 rockets from each production agencies have been tested.