agni-5-explained

TOPICS COVERED

ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഒന്നാണ് രാജ്യം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഗ്നി 5 മിസൈല്. ഓപ്പറേഷൻ ദിവ്യാസ്ത്രയുടെ ഭാഗമായി നടത്തിയ മിസൈൽ പരീക്ഷണം വിജയമെന്നാണ് പ്രധാനമന്ത്രി എക്സില്‍ കുറിച്ചത്. എന്നാല്‍ എന്താണ് അഗ്നി 5 മിസൈലുകള്‍? എന്താണ് എംഐആര്‍വി സാങ്കേതികവിദ്യ?

മള്‍ടിപ്പിള്‍ ഇന്‍ഡിപെന്‍ഡന്‍റ്ലി ടാര്‍ഗെറ്റബിള്‍ റീ– എന്‍ട്രി വെഹിക്കിള്‍ അഥവാ എംഐആര്‍വി സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച ആണവായുധ പ്രഹരശേഷിയുള്ള മിസൈലുകളാണ് അഗ്നി 5 മിസൈലുകള്‍. ഒരു മിസൈലില്‍ തന്നെ ആണവ ആയുധങ്ങളുള്‍പ്പെടെ ഒന്നിലധികം ആയുധങ്ങളെ വഹിക്കാനുള്ള ശേഷിയും ഓരോന്നിനും വ്യത്യസ്ത ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ കഴിവുമാണ് അഗ്നി 5 മിസൈലിന്‍റെ പ്രത്യേകത. ഒരു എംഐആര്‍വി മിസൈലില്‍ ആയുധങ്ങള്‍ മിസൈലിന്‍റെ ബസ് അഥവാ പോസ്റ്റ് ബൂസ്റ്റ് വെഹിക്കളിലായിരിക്കും അടങ്ങിയിരിക്കുക. ഭൂമിയുടെ അന്തരീക്ഷത്തിലെത്തിയാല്‍ ഇത് ആയുധങ്ങളെ അവയുടെ സ്വതന്ത്രമായ ലക്ഷ്യങ്ങളിലേക്ക് തുറന്നു വിടുന്നു.

ഒരു മിസൈലുകൊണ്ട് ഒന്നിലധികം ലക്ഷ്യങ്ങളെ നശിപ്പിക്കാനാകും എന്ന എംഐആര്‍വി മിസൈലുകളുടെ പ്രത്യേകത ശത്രു രാജ്യങ്ങളുടെ മിസൈല്‍ പ്രതിരോധ സംവിധാനത്തെ സങ്കീര്‍ണമാക്കുന്നു. കൂടാതെ സ്ഫോടന ശേഷിയും മിസൈലുകളുടെ പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കാനും ഈ സാങ്കേതികവിദ്യയ്ക്കാകും.

എന്നാല്‍ എംഐആര്‍വി സാങ്കേതികവിദ്യ വിന്യസിക്കുന്നതിന് അതിന്‍റേതായ വെല്ലുവിളികളുമുണ്ട്. ആയുധങ്ങളുടെ മിനിയേച്ചറൈസേഷൻ, നൂതന ഗൈഡന്‍സ് സംവിധാനങ്ങളുടെ വികസനം, റീ-എൻട്രി വാഹനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കൽ എന്നിവയാണ് ഈ വെല്ലുവിളികള്‍. കൂടാതെ എംഐആർവി സാങ്കേതികവിദ്യയുടെ വികസനവും വിന്യാസവും ദേശീയ സുരക്ഷയില്‍ സ്വാധീനം ചെലുത്തുന്ന തന്ത്രപ്രധാനമായ ഒന്നായതിനാല്‍ വിവരങ്ങള്‍ പൂര്‍ണ രഹസ്യമായി സംരക്ഷിക്കപ്പെടേണ്ടതും അത്യാവശ്യമാണ്.

അതേസമയം വിജയകരമായി വിന്യസിക്കാന്‍ സാധിച്ചാല്‍ ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയിലും മിസൈൽ ശേഷിയിലും വലിയ കുതിച്ചുചാട്ടമായിരിക്കും ഈ മിസൈലുകള്. കൂടാതെ രാജ്യത്തിന്‍റെ പ്രതിരോധ മേഖലയുടെ തന്ത്രപരമായ മൂല്യം ഇത് വർദ്ധിപ്പിക്കും.‌‌‌ നിലവില്‍ അമേരിക്ക, റഷ്യ, ചൈന, യുകെ, ഫ്രാൻസ് തുടങ്ങിയ പ്രധാന ആണവശക്തികള്‍ മാത്രമേ എംഐആര്‍വികൾ വികസിപ്പിച്ചെടുത്തിട്ടുള്ളൂ.

ENGLISH SUMMARY:

India tested the indigenously developed Agni-5 missile with Multiple Independently Targetable Re-entry Vehicle (MIRV) technology and what is it?