ഇന്ത്യന്‍ സൈന്യത്തിന്‍റെ കരുത്ത് വര്‍ധിപ്പിക്കാനായി ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള ഓഫ് റോഡിങ് വാഹനം പൊളാരിസ് MRZR -D4 എത്തുന്നു. വാഹനത്തിന്‍റെ 250 യൂണിറ്റുകളാണ് ഇന്ത്യന്‍ സൈന്യത്തിലേക്കെത്തുന്നത്. പൊളാരിസ് ഇന്‍ഡസ്ട്രീസിന്‍റെ ഭാഗമായ പൊളാരിസ് ഡിഫന്‍സാണ് വാഹനം നിര്‍മ്മിക്കുന്നത്.
ആധുനിക സൈനിക ഓപറേഷനുകളിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയാണ് പൊളാരിസ് MRZR -D4 രൂപകല്‍പന ചെയ്തിരിക്കുന്നത്. 500 പൗണ്ട് റിയര്‍ ബോക്സ് കപ്പാസിറ്റി, ഓക്സിലറി പവര്‍, ഒന്നിലധികം കാര്‍ഗോ ടൈ–ഡൗണ്‍ പോയിന്‍റുകള്‍ എന്നിവയും വാഹനത്തിന്‍റെ സവിശേഷതകളാണ്. 3.55 മീറ്റര്‍ നീളവും 1.51 മീറ്റര്‍ വീതിയും 1.87 ഉയരവുമാണ് വാഹനത്തിനുള്ളത്.
ആറ് പേര്‍ക്ക് വാഹനത്തില്‍ ഇരുന്നു സഞ്ചരിക്കാന്‍ സാധിക്കും. ചരക്ക് കെട്ടി വലിച്ചു കൊണ്ടുപോവാനും വാഹനത്തിന് സാധിക്കും. മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ വാഹനത്തിലെ റോള്‍ ഗേജ് അഴിച്ചെടുക്കാന്‍ സാധിക്കും. ഇത്തരത്തില്‍ വാഹനത്തിന്റെ ഉയരം 1.87 മീറ്ററില്‍ നിന്നും 1.52 മീറ്ററായി കുറയ്ക്കാം.
മുഴുവന്‍ ഇന്ധനവും നിറച്ചു കഴിഞ്ഞാല്‍ 952.5 കിഗ്രാമായിരിക്കും വാഹനത്തിന്‍റെ ഭാരം. പിന്നിലെ കാര്‍ഗോ ബോക്‌സില്‍ 226.8 കിഗ്രാം ഭാരം ഉള്‍ക്കൊള്ളുവാനും ഒപ്പം 454കിഗ്രാം വരെ ഭാരം ട്രെയിലറില്‍ വലിച്ചുകെട്ടി കൊണ്ടുപോവാനും വാഹനത്തിന് സാധിക്കും. 680 കിഗ്രാം വരെ ഭാരം വാഹനം വഹിക്കും. 0.82 മീറ്റര്‍ നീളവും 1.24 മീറ്റര്‍ വീതിയും 0.51 മീറ്റര്‍ ഉയരവുമുള്ളതാണ് പിന്നിലെ മോഡുലാര്‍ കാര്‍ഗോ ബെഡ്.
യഥാര്‍ഥ MRZR -D4 ന്‍റെ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ വേരിയന്‍റാണിത്. 55 എച്ച്പി, ത്രീ സിലിണ്ടര്‍ വാഹനമാണിത്. ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചാല്‍ 320 കിമി വരെ സഞ്ചരിക്കാനാവും. മണിക്കൂറില്‍ എട്ട് കിലോമീറ്റര്‍ വരെ വേഗതയില്‍ 60 സെമി വരെ വെള്ളത്തില്‍ പോകാനും വാഹനത്തിനാകും. ഈ വാഹനത്തിന്‍റെ മുന്‍തലമുറയെ അപേക്ഷിച്ച് കൂടുതല്‍ കരുത്തും റേഞ്ചും പ്രവര്‍ത്തന ക്ഷമതയും ഇതിനുണ്ട്. വെല്ലുവിളി നിറഞ്ഞ പരിതസ്ഥിതിയില്‍ പോലും വാഹനം ഉപയോഗിക്കാനാവും.