ശത്രുവിന്റെ വ്യോമകേന്ദ്രങ്ങളെ തൊട്ടടുത്തെത്തി നശിപ്പിക്കാൻ ശേഷിയുള്ള മിസൈലുകളുടെ അവസാനഘട്ട പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നു. ഡി.ആർ.ഡി.ഒ വികസിപ്പിച്ച ഹ്രസ്വ ദൂര വ്യോമ പ്രതിരോധ സംവിധാനത്തിന്റെ (VSHOARDS) പരീക്ഷണം ഉടൻ നടത്തുമെന്ന് പ്രതിരോധ മന്ത്രാലയം. സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയർന്ന പ്രദേശങ്ങളായ ലഡാക്കിലും സിക്കിമിലുമാകും അടുത്തഘട്ട പരീക്ഷണങ്ങളെന്നാണ് റിപ്പോർട്ട്. ശത്രു കേന്ദ്രങ്ങളെ തൊട്ടടുത്തെത്തി ആക്രമിക്കാൻ കഴിയുംവിധമാണ് മിസൈലുകൾ വികസിപ്പിച്ചിരിക്കുന്നത്. രൂപകൽപ്പനയും വികസനവും നിർമാണവും പൂർണമായും ഇന്ത്യയിൽത്തന്നെയാണ് ചെയ്തത്.
അതീവ ഹ്രസ്വദൂര വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ വിമാനത്തിൽ നിന്നുള്ള പരീക്ഷണം ഫെബ്രുവരിയിൽ ഒഡീഷയിലെ ചാന്ദിപ്പൂരിൽ ഡി.ആർ.ഡി.ഒ വിജയകരമായി പൂർത്തിയാക്കിയിരുന്നു. അതിവേഗമുള്ള ആളില്ലാ വ്യോമ ലക്ഷ്യങ്ങളെ തകർത്തായിരുന്നു പരീക്ഷണം. കൃത്യമായി ലക്ഷ്യം ഭേദിക്കാനും തകർക്കാനും മിസൈലുകൾക്ക് സാധിച്ചു. ഡ്യുവൽ ത്രസ്റ്റ് സോളിഡ് മോട്ടോറാണ് വി.എസ്എച്ച്.ഒ.ആർ.എ.ഡി.എസിൽ ഉപയോഗിച്ചിരിക്കുന്നത്. ഭൂതലത്തോടടുത്തുള്ള വ്യോമ ഭീഷണികളെ നിർവീര്യമാക്കുന്നതിനുള്ള ഗതിനിയന്ത്രിക്കലിൽ ഇതിന് പ്രധാനപങ്കുണ്ട്.
റിസർച്ച് സെന്റർ ഇമ്രാറ്റ് (ആർ.സി.ഐ) ഡി.ആർ.ഡി.ഒയുടെ മറ്റ് വിഭാഗങ്ങളുമായും വ്യവസായ പങ്കാളികളുമായും ചേർന്നാണ് വി.എസ്.എച്ച്.ഒ.എ.ആർ.ഡി.എസ് വികസിപ്പിച്ചെടുത്തത്. പ്രതികരണ നിയന്ത്രണ സംവിധാനവും ഇന്റഗ്രേറ്റഡ് എവിയണിക്‌സുമുൾപ്പടെ നൂതനമായ സാങ്കേതിക വിദ്യകളുടെ സമന്വയം ഇതിലുണ്ട്. ഇതുവരെയുള്ള പരീക്ഷണങ്ങൾ ഒന്നുപോലും പരാജയപ്പെട്ടിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടി.