ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച സൊറാവര്‍ ടാങ്കുകള്‍ 2027ല്‍ കരസേനയുടെ ഭാഗമാകും. ഡിആര്‍ഡിഒ മേധാവി ഗുജറാത്തിലെ പ്ലാന്‍റിലെത്തി നിര്‍മാണ പുരോഗതി വിലയിരുത്തി. ചൈനയെ ലക്ഷ്യമിട്ടാണ് ഭാരം കുറഞ്ഞ ലൈറ്റ് ടാങ്ക് ഇന്ത്യ നിര്‍മിക്കുന്നത്. ഡിആര്‍ഡിഒ എൽആൻഡ്ടിയുമായി സഹകരിച്ചാണ് സൊറാവര്‍ ലൈറ്റ് ബാറ്റില്‍ ടാങ്ക് നിര്‍മിക്കുന്നത്. ആദ്യത്തെ പ്രോടോ ടൈപ്പ് ഡിആര്‍ഡിഒ ഇതിനകം ഡിസൈന്‍ ചെയ്ത് നിര്‍മിച്ചു. ട്രയല്‍സിനുശേഷം സൊറാവര്‍ ടാങ്കുകളുടെ നിര്‍മാണം 12 മുതല്‍ 18 മാസത്തിനുള്ളില്‍ തുടങ്ങും.
സൊറാവര്‍ ടാങ്കുകളെ 2027ല്‍ കരസേനയുടെ ഭാഗമാക്കാനാണ് നീക്കം. 25 ടണ്ണാണ് ഭാരം. ഡിസൈന്‍ ചെയ്ത് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ നിര്‍മിച്ച് ട്രയല്‍സിന് തയാറായ ചരിത്രം ലോകത്ത് മറ്റൊരിടത്തും ഇല്ലെന്ന് ഡിആര്‍ഡിഒ മേധാവി. ലഡാക്കിലടക്കം ദുര്‍ഘടമായ ഭൂപ്രദേശങ്ങള്‍ക്കുവേണ്ട തരത്തിലാണ് ടാങ്കിന്‍റെ ഡിസൈന്‍. ആദ്യം 59 എണ്ണമാണ് നിര്‍മിക്കുക. ഭാരം കുറഞ്ഞ ലൈറ്റ് ടാങ്കുകള്‍ക്ക് പര്‍വത മേഖലകളില്‍ പ്രവര്‍ത്തിക്കാനാകും. അതുകൊണ്ട് തന്നെ ചൈനയ്ക്കുള്ള മറുപടിയായിട്ടാണ് സൊറാവര്‍ ടാങ്കുകളെ പ്രതിരോധ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്.